പദപ്രശ്നം പൂരിപ്പിക്കാനുള്ള ചില എളുപ്പവഴികൾ

ഈ ലേഖനം തയാറാക്കിയത് : അന്തിപോഴന്‍ [അഥവാ ജയകുമാര്‍ ]

‘മഷിത്തണ്ടി’ന്റെ പേജുകളിൽ പലപ്പോഴായി പോഴനും മറ്റുള്ളവരും പങ്കുവച്ചിട്ടുള്ള ടിപ്സ്/സൂത്രങ്ങളാണിവ. ഒരു പദപ്രശ്നം പൂരിപ്പിക്കുമ്പോൾ ഉത്തരങ്ങളിലേക്കെത്താനുള്ള ചില എളുപ്പവഴികൾ. അവ ഒന്നു ക്രോഡീകരിക്കുന്നുവെന്നുമാത്രം. ഇവയിലേറെയും നിങ്ങളറിയുന്നവയും പ്രയോഗിക്കുന്നവയുമാകാം. എന്നാലും കിടക്കട്ടെ.

ഏറ്റവും പ്രധാനമായി വേണ്ടത് …

1. സാമാന്യബുദ്ധിയും യുക്തിയും(common sense) ഉപയോഗിക്കുക.
ഇവ ഏറ്റവും നന്നായി എല്ലായിടത്തും ഉപയോഗപ്പെടുത്തുകയാണു പ്രധാനം. മറ്റുള്ളവയെല്ലാം ഇതിനുള്ള പിന്തുണ (support) കൊടുക്കുകയാണു ചെയ്യുക.

2. ഗൂഗിൾ (Google search) ബുദ്ധിപൂർവ്വം ഉപയോഗിക്കുക.
പദപ്രശ്നത്തിലെ സൂചനകൾ സെലക്ട്/highlightചെയ്ത് right click ചെയ്താൽ ഗൂഗിൾ സെർച്ചിനുള്ള ഉപാധി/ഓപ്ഷനുണ്ട്. ഗൂഗിളിൽ copy-paste ചെയ്തും തെരയാം. മിക്കവയും ഇത്തരം തെരച്ചിലിൽ ലഭിക്കും. കീവേർഡിൽ ആവശ്യാനുസരണമുള്ള മാറ്റങ്ങൾ വരുത്തിയും തെരയാം.
3. മഷിത്തണ്ട് നിഘണ്ടുവിന്റെ സമർത്ഥമായ ഉപയോഗം.
Searching an English word in Mashithantu English-Malayalam dictionary will give you almost all the synonyms (in Malayalam) of the word.
4. പദഘടനയുടെ രീതി(ട്രെൻഡ്) മനസ്സിലാക്കാൻ ശ്രമിക്കുക.
5. എല്ലാത്തരം അറിവുനേടുന്നതിനുമുള്ള അഭിരുചി ഉണ്ടാക്കുകയോ വർദ്ധിപ്പിക്കുകയോ ചെയ്യുക. (വിവേകികളുമായുള്ള സംസർഗ്ഗം/സമ്പർക്കം, അന്തരീക്ഷം രൂപപ്പെടുത്തൽ.)
6. വിവിധവിഷയങ്ങളിലുള്ള അറിവ്/ പൊതുധാരണ(general knowledge)വർദ്ധിപ്പിക്കുക.
(എളുപ്പവഴി- അതിരുകളില്ലാത്ത വായന.പത്രങ്ങൾ, മാഗസിനുകൾ, പുസ്തകങ്ങൾ, വെബ്സൈറ്റുകൾ തുടങ്ങി കണ്ണിൽക്കണ്ടതെല്ലാം വായിക്കുക.
7. സാഹിത്യത്തിലും ഭാഷയിലുമുള്ള പരിചയം വർദ്ധിപ്പിക്കുക. (വായന, അത്തരക്കാരുമായുള്ള സമ്പർക്കം ഇവ ശീലമാക്കണം.)
8. ഓർത്തുവയ്ക്കുന്ന ശീലമുണ്ടാക്കുക.
(എളുപ്പവഴി-ആവർത്തനം. വായന, ചിന്ത, കാഴ്ച,സംഭാഷണം, ചർച്ച, അദ്ധ്യാപനം ഇവയുടെയെല്ലാം ആവർത്തനം ഓർമ്മ വർദ്ധിപ്പിക്കും.)

9. പദസമ്പത്ത് വർദ്ധിപ്പിക്കുക.
(നിഘണ്ടുക്കൾ-അച്ചടിച്ച പുസ്തകരൂപത്തിൽത്തന്നെ- ഉപയോഗിക്കുന്നതു ശീലമാക്കണം. ഒരു വാക്കു പരതുമ്പോൾ നാലഞ്ചുവാക്കുകളെങ്കിലും പരിചയപ്പെടും. ഡിജിറ്റൽ രൂപത്തിൽ ഈ പ്രത്യേകത നഷ്ടപ്പെടുന്നു.)

ഗൂഗിൾ (google)വലിയ സഹായി. സമർത്ഥമായി ഉപയോഗിക്കുക.

ഇവിടെ ഓർക്കേണ്ട ഒരു പ്രധാനസംഗതി- ഏതോ ഒരു പേജിൽ ആരോ കൊടുത്തിട്ടുള്ള ഒരു content/ ഉള്ളടക്കമാണു നമുക്കു വേണ്ടത്. ആ പേജിൽ അതെങ്ങനെയായിരിക്കും ഉണ്ടാവുക എന്നൊന്നാലോചിക്കുക. അതിനനുസരിച്ചാകണം key-word രൂപപ്പെടുത്തേണ്ടത്. (നിങ്ങളുപയോഗിക്കുന്ന കീവേർഡ് എവിടെയെങ്കിലും ഉണ്ടാകാനിടയുണ്ടോ എന്നാലോചിക്കുക.)
ഉദാ: clue-ഇദ്ദേഹമാണു നമ്മുടെ രാഷ്ട്രപിതാവ്.
ഏതോ ഒരാളെഴുതിയ ലേഖനത്തിൽ “മഹാത്മാഗാന്ധി ആണ്‌ ഭാരതത്തിന്റെ രാഷ്ട്ര പിതാവ്” എന്നാകും. ഈ ലേഖനഭാഗമാണു നമ്മൾ തെരയാൻ പോകുന്നത്. ഇവിടെ ‘രാഷ്ട്രപിതാവ്’ എന്ന പദത്തിൽ മാത്രമേ അല്പമെങ്കിലും സാമ്യമുള്ളൂ. അതും കൃത്യമല്ല. ഇടയിലൊരു space/ വിടവ് ഉള്ളതു ശ്രദ്ധിക്കുക. നിർഭാഗ്യവശാൽ മലയാളം സെർച്ചിൽ വള്ളിപുള്ളിവിസർഗ്ഗങ്ങളെല്ലാം പ്രശ്നമാകും. ‘രാഷ്ട്രപിതാവ്’ എന്ന പദം ഒറ്റവാക്കായും സ്പേസിട്ടുള്ള രൂപത്തിലും സെർച്ച് ചെയ്യാനുള്ള യുക്തി(സാമാന്യ ബുദ്ധി)യുണ്ടാകണം. രാഷ്ട്രപിതാവ് എന്ന പ്രയോഗം ഗാന്ധിജിയെക്കുറിച്ചുള്ള ഏതു സന്ദർഭത്തിലും ഉണ്ടാകാം. എന്നാൽ “ആണ്‌ രാഷ്ടപിതാവ്” എന്നു കീവേർഡ് മാറ്റിയാൽ ഒരു പേരിനുശേഷം ‘ആണ്‌’ വരാനുള്ള സാധ്യതയുണ്ട്. ‘രാഷ്ട്രപിതാവാണ്‌’ / ‘രാഷ്ട്രപിതാവ് ആണ്‌’— എന്നുമായേക്കാം. ഇത്തരം സാദ്ധ്യതകളാണു മനസ്സിൽക്കാണേണ്ടത്. അതിനനുസരിച്ചു കീവേർഡ് മാറ്റി മാറ്റി പരീക്ഷിക്കുക.
രണ്ടു സ്പേസുകൾക്കിടയിലുള്ള ഒരു(സ്വതന്ത്രമായ) വാക്കു മാത്രമേ മലയാളത്തിൽ ഗൂഗിൾ പരിഗണിക്കൂ. ‘രാഷ്ട്രപിതാവിന്റെ’ എന്നതിൽ ‘രാഷ്ട്രപിതാവ്’ ഇല്ലേ എന്നു ചോദിച്ചാൽ ഇല്ല എന്നേ ഗൂഗിൾ പറയൂ. (അതാണു ഗൂഗിളിന്റെ ‘പിതാവില്ലായ്ക’.) എന്നാൽ ഇംഗ്ലീഷിൽ ഈ പ്രശ്നമില്ല. rashpit എന്നടിച്ചാലും rashtrapitav വന്നെന്നിരിക്കും.

ചില സന്ദർഭങ്ങളിൽ ഗൂഗിളിന്റെ auto filling/ suggestion വലിയ സഹായം ചെയ്യും.
(ഏതെങ്കിലും ഗൂഗിൾ വെർഷനിൽ ഇതില്ലെങ്കിൽ google.comഉപയോഗിക്കുക.)
ഉദാ: 1.(In names)രണ്ടുവാക്കുകളിലെ ഒരു വാക്കുകിട്ടി; മറ്റേതു കിട്ടുന്നില്ല.
2.തുടങ്ങുന്ന അക്ഷരങ്ങൾ മാത്രം കിട്ടി.
ഉത്തരത്തിലെ അടുത്തടുത്തുള്ള ഒന്നിലധികം അക്ഷരങ്ങൾ കിട്ടിയെങ്കിൽ അവ ഗൂഗിളിൽ ബന്ധപ്പെട്ട കീവേർഡിനൊപ്പം ഇംഗ്ലീഷിൽ ടൈപ്പ് ചെയ്തുനോക്കുക.

ഉദാ: clue-അമേരിക്കൻ പ്രസിഡന്റ്. ആദ്യക്ഷരം കിട്ടി- ബു.
ഗൂഗിളിൽ president എന്നു type ചെയ്തിട്ട് cursorതുടക്കത്തിൽ വയ്ക്കുക. (പകരം Home ബട്ടൺ അമർത്തിയാലും മതി. അവസാനത്തിൽ കഴ്സർ എത്തിക്കാൻ End ബട്ടൺ). ഒരു സ്പേസ് add ചെയ്തിട്ട് വീണ്ടും പിന്നിലേക്കു/തുടക്കത്തിലേക്കു cursor കൊണ്ടുവന്ന് കിട്ടിയ അക്ഷരങ്ങൾ ടൈപ്പ് ചെയ്യുക. bu. അതിൽത്തുടങ്ങുന്ന ഏതാനും വാക്കുകൾ ഗൂഗിൾ നിർദ്ദേശിക്കും. (നമുക്കുവേണ്ടത് മിക്കവാറും അതിലുണ്ടാവും. അതിൽ ക്ലിക്ക് ചെയ്യുകയോ ടൈപ്പിംഗ് പൂർത്തിയാക്കുകയോ ആവാം. അവിടെക്കിട്ടുന്ന റിസൽട്ടുകൾ തുറന്നു പരിശോധിച്ചു ആവശ്യമായതു കണ്ടെത്തുക.) bush, buchanan ഇവയും കൂട്ടത്തിലുണ്ടാകും. buchanan ആണു വേണ്ടതെങ്കിൽ cha ഇവ കൂടി റ്റൈപ് ചെയ്താൽ James എന്നും വരുകയായി.
റിസൽട്ടു്‌ തുറക്കുമ്പോൾ കഴിവതും right clickചെയ്ത് open another tab/മറ്റൊരു ടാബിൽ തുറക്കുക.

ഇങ്ങനെ കിട്ടിയ ഒരു പേജ് വളരെ വലുതാണെന്നിരിക്കട്ടെ. അതു മുഴുവൻ വായിച്ചുനോക്കാൻ സമയമില്ല. അപ്പോൾ Find/Search ഓപ്ഷൻ ഉപയോഗിക്കാം. Toolbar-ൽ ഇതു കിട്ടും. എളുപ്പവഴി- Ctrl+F പ്രസ്സ് ചെയ്യുക. (ഏതു പ്രോഗ്രാമിലും Ctrl+F pressചെയ്താൽ search option കിട്ടും.) വലതുവശത്തു മുകളിൽ ഒരു കുഞ്ഞു window പ്രത്യക്ഷമാവും. നമ്മുടെ കീവേർഡ്/അക്ഷരങ്ങൾ അവിടെ type അല്ലെങ്കിൽ copy-paste ചെയ്യുക. Next-ൽ ക്ലിക്കി പെട്ടെന്നു നമുക്കുവേണ്ടയിടത്തെത്താം. (Google Chromeഎന്ന browser-ൽ total numbersകൂടി കാണിക്കും. എല്ലാവാക്കുകളും ഒരേസമയം ഹൈലൈറ്റ് ആവുകയും ചെയ്യും. Internet Explorer-ൽ ഇതുരണ്ടുമില്ല, മറ്റുചില ഓപ്ഷൻസ് ഉണ്ടുതാനും.) മലയാളമോ ഇംഗ്ലീഷോ എന്തും ഇങ്ങനെ തെരയാം. ചില മലയാളം അക്ഷരങ്ങൾ squares/ചതുരങ്ങൾ ആയിട്ടാണു ചിലപ്പോൾ പ്രത്യക്ഷമാവുക. എന്തോ font പ്രശ്നമാകണം. എന്നാലും തെരച്ചിലിൽ വ്യത്യാസം വരില്ല.
search ചെയ്യുമ്പോൾ കീവേർഡിൽ ആവശ്യാനുസരണം/ബുദ്ധിപൂർവ്വം മാറ്റങ്ങൾ വരുത്തി തെരയുക.

പദങ്ങളുടെയും അവയുടെ ഘടനയുടെയും രീതി(ട്രെൻഡ്) മനസ്സിലാക്കിയാൽ പലതും എളുപ്പമാവും. വാക്കുകളുണ്ടാകുന്നത്/അവയുടെ രൂപപ്പെടൽ മനസ്സിലാക്കാൻ ശ്രമിക്കുക. അറിയാതെയെങ്കിലും വ്യാകരണമൊക്കെ അതിൽ അന്തർഭവിക്കുന്നുണ്ട്. പദങ്ങളെ പിരിച്ചും വിഗ്രഹിച്ചും അതിലെ ഘടകങ്ങൾ മനസ്സിലാക്കുന്നത് വിദ്യാർത്ഥിയായിരിക്കുമ്പോഴേ തുടങ്ങേണ്ടതാണു്. സമാനഘടനയിലുള്ള മറ്റു വാക്കുകളും മനസ്സിലാക്കാനെളുപ്പമുണ്ടാവും. ഈ രീതി കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഗുണകരമാണു്. ഇതൊരു ശീലമായിക്കഴിഞ്ഞാൽ വാക്കുകൾ കീറാമുട്ടികളായി നമുക്കുമുന്നിൽ വരില്ല.

അല്പമൊന്നു വിശദമാക്കാം
ഖരാക്ഷരങ്ങളായ ‘കചതപ’യിലാണു്‌ സാധാരണയായി വാക്കുകൾ തുടങ്ങാൻ ഏറ്റവും സാദ്ധ്യത. (‘ട’,'ഡ’ യിലും ഇവയുടെ മറ്റുരൂപങ്ങളിലും-ടാ,ടീ, ടൂ,ഡാ,ഡീ,ഡൂ ഇങ്ങനെ സ്വരങ്ങൾ ചേരുന്നവ- തുടങ്ങുന്ന അധികം വാക്കുകളില്ല.) പിന്നെ ഇവയുടെ മൃദുക്കൾ- ഗജദബ. ഇവയുടെയെല്ലാം ദീർഘങ്ങളുമാകാം. യരലവ,ശഷസഹ ഇവയും ഇവയുടെ ദീർഘങ്ങളുമാണു്‌ അടുത്ത സാദ്ധ്യതകൾ.
പല പുല്ലിംഗപദങ്ങളും ഒരു ചില്ലക്ഷരത്തിലവസാനിക്കുന്നവയാകും- ൻ, ൽ, ൾ, ൺ, ർ എന്നിങ്ങനെ. കേരളീയ പുല്ലിംഗനാമങ്ങൾ മിക്കവയും ‘ൻ’ എന്നാണവസാനിക്കുന്നതെന്നു ശ്രദ്ധിച്ചിട്ടുണ്ടല്ലോ.
Eg:-വാസുദേവൻ, രമണൻ, മൂഷികൻ,തനയൻ,പവനൻ.
അവസാന അക്ഷരത്തിനു തൊട്ടുമുമ്പുള്ളത് ‘കചടതപ ങഞണനമ യരലവ’ ഇവയിലൊന്നോ ഇവയുടെ ദ്വിത്വമോ(ഇരട്ടിപ്പ്) ആകാനാണു സാദ്ധ്യത കൂടുതൽ. ഗജഡദബ ശഷസഹ ളഴറ റ്റ’ ഇവയിലൊന്നോ ഇവയുടെ ദ്വിത്വമോ ആകാം. ഡ,ര,ഷ,ഹ,ഴ,റ്റ ഇവയുടെ ഇരട്ടിപ്പുകൾ പതിവില്ല.
സ്ത്രീകളുടേത് ‘ഇ’കാരത്തിലോ(ഹിന്ദുനാമങ്ങൾ മിക്കപ്പോഴും) ‘അ’കാരത്തിലോ (ജലജ,നിള ഇവ ഉദാഹരണം) ആകും. ‘കുമാരി’ എന്നവസാനിക്കുന്ന പേരുകൾ ധാരാളമുണ്ടല്ലോ.
(Grammar-പുരുഷപ്രത്യയം ‘അൻ’, സ്ത്രീപ്രത്യയം ‘അൾ’, ‘ഇ’>ത്തി>ച്ചി. )

സംസ്കൃതം പഠിക്കുന്നതും ഭാഷാജ്ഞാനമുണ്ടാകാൻ നല്ലൊരുപായമാണു്. രണ്ടുഭാഷകളും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്. രണ്ടുഭാഷകളിലും ഒരുപോലെയുപയോഗിക്കുന്ന ധാരാളം വാക്കുകളുണ്ട്. പല നിയമങ്ങളും തുല്യമാണു്.

ഉപസർഗങ്ങൾ-
പ്ര, പര, അപ, സം, അനു, അപ, അവ, നിസ്, നിർ, ദുസ്, ദുർ, വി, ആ, നി, അധി, അതി, സു, ഉത്, അഭി, പ്രതി, പരി, ഉപ
ഇവ മറ്റുപദങ്ങളോടു ചേർന്ന് പുതിയപദങ്ങളുണ്ടാകുന്നു. ഇവയുടെ അർത്ഥമറിഞ്ഞുവയ്ക്കുക. ഈ ലിങ്ക് സഹായിക്കും.

http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%B8%E0%B4%B0%E0%B5%8D%E2%80%8D%E0%B4%97%E0%B4%82

ഇതിൽ സം, പ്ര, പരി, വി, സു എന്നിവ മറ്റുപദങ്ങൾക്കു മുന്നിൽ കാര്യമായ അർത്ഥവ്യത്യാസം വരുത്താതെ ഏറെയിടങ്ങളിൽ പ്രത്യക്ഷപ്പെടാറുണ്ട്. ഒരു വാക്ക് അർത്ഥം യോജിച്ചുവരുകയും ആദ്യക്ഷരം കൃത്യമാകാതെവരുകയും ചെയ്യുന്നിടത്ത് ഈ ഉപസർഗ്ഗങ്ങൾ ചേർന്നിരിക്കാനുള്ള സാദ്ധ്യതയുണ്ട്. ഉദാ: യോജിപ്പ്/ചേർച്ച (മേളനം).സം+മേളനം=സമ്മേളനം
അറിവ്(ജ്ഞാനം/വിജ്ഞാനം)..

ഒരേ അർത്ഥത്തിൽ ഒന്നിലധികം ഉപസർഗ്ഗങ്ങൾ ഉണ്ടെന്നതും ഓർക്കുക.

പ്രത്യയങ്ങൾ:

മ, ത്തം, തരം, തനം ഇവ മലയാളത്തിലെ നാമപദങ്ങളിലെ ചില പ്രത്യയങ്ങൾ. ഇതിലവസാനിക്കുന്ന ഏറെ വാക്കുകൾ പരിചയമുണ്ടല്ലോ.(പോഴത്തം, മണ്ടത്തരം/മണ്ടത്തം..). വാൻ=ഉള്ളവൻ(ഭാഗ്യവാൻ),വതി =ഉള്ളവൾ(ആരോഗ്യവതി) ഇത്തരം പ്രത്യയങ്ങളെ പരിചയപ്പെടുക.

മലയാളത്തിലെ പല പദങ്ങളും സംസ്കൃതത്തിൽ നിന്നു സ്വീകരിച്ചവയാണു്‌. ബാക്കി തമിഴിൽനിന്നും. പലപ്പോഴും ഇടയിൽ ഒരു അതിർവരമ്പുതന്നെ പ്രയാസമാകും. ചിലവ ചെറിയമാറ്റങ്ങളോടെയും മറ്റുചിലവ അപ്പാടെയും സ്വീകരിക്കപ്പെട്ടിട്ടുണ്ട്.(വ്യാകരണത്തിൽ യഥാക്രമം തൽഭവങ്ങൾ, തൽസമങ്ങൾ).
സംസ്കൃതപദങ്ങളുമായി ബന്ധപ്പെട്ട് ‘ലളയോരഭേദഃ’ എന്നൊരു നയം/തത്ത്വമുണ്ട്. ‘ല’,'ള’ എന്ന രണ്ടക്ഷരങ്ങളും പരസ്പരം മാറ്റിയുപയോഗിച്ചാലും വ്യത്യാസമില്ല എന്നാണർത്ഥം. ഉദാ: ദലം/ദളം, ഗലം/ഗളം, നലൻ/നളൻ

(എന്നാൽ അക്ഷരം മാറിയാൽ അർത്ഥവും മാറുന്ന മലയാളവാക്കുകളും ധാരാളമുണ്ടല്ലോ . ഉദാ: കലം,കളം,കുലം,കുളം)
ര,റ ഇവയും പരസ്പരം മാറ്റിയുപയോഗിക്കപ്പെടാവുന്ന അക്ഷരങ്ങളാണു്‌.
പുരാണത്തിലെ ചില പേരുകൾ ‘ൻ’,'ർ’ എന്നിവയും പരസ്പരം മാറ്റിയുപയോഗിക്കാറുണ്ട്. ഉദാ: ദ്രോണൻ/ദ്രോണർ, വിദുരൻ/വിദുരർ, അഗസ്ത്യൻ/അഗസ്ത്യർ. ‘ർ’ (അർ) എന്നതു ബഹുമാന സൂചകമായി ഉപയോഗിക്കുന്നു.
തമിഴ് ബന്ധമുള്ള വാക്കുകളിൽ ഴ,ള യുടെ മാറ്റവും പ്രശസ്തമാണല്ലോ- പഴനി/പളനി, പഴം/പളം, ആഴം/ആളം അത്തരം വാക്കുകളിൽ വ്യത്യസ്താക്ഷരങ്ങൾ പരീക്ഷിക്കണം.

പലരും മനസ്സിലൊരു വാക്കു്‌ കിട്ടിക്കഴിഞ്ഞാൽ “ഏയ്, അതാവില്ല” എന്നു നിശ്ചയിച്ച് അടുത്തവാക്കു തേടും. ചിലർ ഏതെങ്കിലും ഒരക്ഷരം മാത്രം എഴുതി ശരിയോയെന്നു പരിശോധിക്കും. ഇതുരണ്ടും പദപ്രശ്നത്തിലെ അവസരങ്ങൾ നഷ്ടപ്പെടുത്തുന്നവയാണു്‌. ഉത്തരമായി മനസ്സിലൊരു വാക്കു വന്നുകഴിഞ്ഞാൽ കളങ്ങളിൽ പൂർണ്ണമായി(എല്ലാ അക്ഷരങ്ങളും) എഴുതിനോക്കുക. തെറ്റാണെന്നു 101% ബോദ്ധ്യമുണ്ടെങ്കിലും ശരി, എഴുതുക. നിങ്ങളുടെ രാശിയനുസരിച്ച് ഒരക്ഷരമെങ്കിലും ശരിയായേക്കാം. (ഇല്ലെങ്കിൽ പോട്ടെ, വേറെ നഷ്ടമില്ലല്ലോ.)

മറ്റൊന്നു്‌, നാലക്ഷരം വേണ്ട പദത്തിനു പകരം മനസ്സിൽക്കണ്ടതിനു്‌ അഞ്ചക്ഷരം ഉണ്ടാകാം. വിടരുത്, നടുവിലെ ഏതെങ്കിലുമൊരക്ഷരം (വിരളമായ കൂട്ടക്ഷരമുണ്ടെങ്കിൽ അത്) കളഞ്ഞ് ബാക്കി 4 അക്ഷരങ്ങൾ എഴുതുക. ചിലപ്പോൾ 5 നുപകരം 4 മാത്രമേ ഉള്ളൂവെന്നും വരാം. അപ്പോൾ നടുവിൽ ഒരു ഖരാക്ഷരം ചേർത്ത് 5 ഒപ്പിച്ച് എഴുതുക. ആ വാക്കിനു്‌ ഒരർത്ഥമൊന്നുമുണ്ടാകില്ല. പക്ഷേ ആദ്യത്തെയോ അവസാനത്തെയോ അക്ഷരങ്ങൾ ഒത്തുവരാൻ സാദ്ധ്യത കൂടുതലുണ്ട്. ഒരക്ഷരം കിട്ടിയാൽ ഒരു പിടിവള്ളിയായല്ലോ.

പലപ്പോഴും ഫലമുണ്ടാകാവുന്ന ഒരു പരീക്ഷണം. ഒരു വാക്കിലെ അവസാനത്തെ അക്ഷരം കിട്ടി. മറ്റൊരു വാക്കിന്റെ ലിങ്കാകാമിത്. കിട്ടിയ വാക്കിലെ അക്ഷരമോ(ലിങ്കിനു തൊട്ടുമുന്നിൽ_/അടുത്തുള്ള) അതിനോടുസാമ്യമുള്ള അക്ഷരങ്ങളോ പരീക്ഷിക്കുക. ഇത് creator’s psychologyയാണു്. പദപ്രശ്നത്തിനായി വാക്കുകൾ തേടുമ്പോൾ കിട്ടിയ വാക്കുകളുമായി പ്രാസപ്പൊരുത്തമുള്ള വാക്കുകളാവും ആദ്യം മനസ്സിലെത്തുക.
ഉദാ:- ‘ദോഹനം’ എന്നവാക്കിനു് അവസാനാക്ഷരത്തിൽ ഒരു ലിങ്കിനുവേണ്ടി ആലോചിക്കുമ്പോൾ ആദ്യമെത്തുക ‘മോഹനം’ എന്ന വാക്കാവും. അതുതന്നെ ഉൾപ്പെടുത്താനാണു സാദ്ധ്യത. അല്ലെങ്കിൽ ‘വാഹനം’, ‘ദഹനം’ഇവ. അരുമ,ഒരുമ,എരുമ ഇങ്ങനെ അക്ഷരപ്പൊരുത്തമുള്ള വാക്കുകൾ ഒരുമിച്ച് മനസ്സിലെത്തുന്നു എന്നതാണു് സൈക്കോളജി. (ഇനി നിർമ്മാതാക്കൾ മുൻകരുതലെടുത്താൽ പോഴൻ ഉത്തരവാദിയല്ല :) )

അക്ഷരങ്ങളുടെ(സ്വര-വ്യഞ്ജനങ്ങൾ) ചിഹ്നങ്ങൾ മനസ്സിലാക്കുക. സ്വരചിഹ്നങ്ങൾ ഏവരുമറിയുന്നതാണു്. പുറമേ യ,ര,ല,വ ഇവയുടെ ചിഹ്നങ്ങളും (ക് ചേർത്ത് ക്യ,ക്ര,ക്ല,ക്വ) വിസർഗ്ഗവു(കഃ)മുണ്ട്.
രണ്ടക്ഷരങ്ങൾ ചേരുമ്പോഴുണ്ടാകുന്ന മാറ്റങ്ങളും നിരീക്ഷിക്കുക. വിദ്യ+അഭ്യാസം=വിദ്യാഭ്യാസം (അ+അ=ആ),വാക്+ദേവി=വാഗ്ദേവി, മല+ആളം=മലയാളം. ഇത്തരം സന്ധികളും അവയുടെ സ്വഭാവങ്ങളും മനസ്സിലാക്കുക. രണ്ടക്ഷരങ്ങൾ ചേർത്തുപറഞ്ഞു നോക്കുക. എങ്ങനെയാണു സൗകര്യം/യോജിപ്പെന്നു ശ്രദ്ധിക്കുക. അതാണു നിയമവും.
ഇവയൊക്കെ സാമാന്യബുദ്ധിക്കു മനസ്സിലാവുന്നതേയുള്ളൂ. വ്യാകരണ പാണ്ഡിത്യമൊന്നും വേണമെന്നില്ല.

ദീർഘസ്വരത്തിലവസാനിക്കുന്ന പല സംസ്കൃതപദങ്ങളും മലയാളത്തിലെത്തുമ്പോൾ ഹ്രസ്വമാകും. ഹിന്ദിയിലെ വാക്കുകളുടേയും കഥയിതുതന്നെ. ഇവ മിക്കവാറും സംസ്കൃതത്തിൽനിന്നു നേരിട്ടെത്തിയവയുമാകും. സ്ഥലപ്പേരുകൾ, വ്യക്തിനാമങ്ങൾ, മറ്റുപദങ്ങൾ ഒക്കെയാകാം. (നാം ഹ്രസ്വത്തിൽ പറയുന്ന സ്ത്രീലിംഗ ശബ്ദങ്ങൾ ഒട്ടേറെയുണ്ടിക്കൂട്ടത്തിൽ.
ഉദാ:- നദി, നളിനി, ജലജ, ലതിക,.. etc.) ഇന്ത്യൻഭാഷകളിൽ സംസ്കൃതത്തിന്റെ സ്വാധീനം സുവിദിതമാണല്ലോ. അതിഖര(ഖ,ഛ,ഠ,ഥ,ഫ)ഘോഷ(ഘ,ഝ,ഢ,ധ,ഭ) അക്ഷരങ്ങൾ ചേർന്നുവരുന്നവ മിക്കവാറും സംസ്കൃതപദങ്ങൾ തന്നെ എന്നുറപ്പിക്കാം. (തത്സമങ്ങളോ തദ്ഭവങ്ങളോ ആകാം; അതായത് ഒറിജിനലോ രൂപഭേദം വന്നവയോ). ദ്രാവിഡഭാഷയിൽ ഇവയില്ലായിരുന്നിരിക്കണം. നമുക്കു വഴങ്ങുന്നരീതിയിലാക്കി പിന്നീട് അവയെ ഉപയോഗിക്കുകയായിരുന്നു.

ഒരു വാക്കിനു രണ്ടുതരം അർത്ഥങ്ങളുണ്ട്. ശബ്ദാർത്ഥവും ഭാവാർത്ഥവും (ധ്വന്യർത്ഥം- ധ്വനിക്കുന്ന അർത്ഥം,ലാക്ഷണികാർത്ഥം എന്നിങ്ങനെയും രണ്ടാമത്തേതിനെ പറയും. ഒരു വാക്കിന്റെ ഭാവത്തിൽ നിന്നുണ്ടാകുന്നതാണിത്. സാഹിത്യത്തിൽ വളരെ പ്രധാനമാണിത്. അതുകൊണ്ടുതന്നെ ഭാഷയിലും പ്രധാനം തന്നെ.)
Eg:- ഇരുട്ട്- പ്രകാശമില്ലാത്ത അവസ്ഥ. അജ്ഞത എന്നത് ഇതിന്റെ ഭാവാർത്ഥം. അങ്ങനെ ഗുരു-അദ്ധ്യാപകൻ(അറിവു പകരുന്നയാൾ). ‘ഇരുട്ടിനെ അകറ്റുന്നത്’ എന്നു വാച്യാർത്ഥം. ഒന്നിൽ നിന്നു മറ്റൊരു വാക്ക്/പ്രയോഗം. അതിൽ നിന്നു മറ്റൊന്നു്; അങ്ങനങ്ങനെ…അവസാനത്തെ പ്രയോഗം ആദ്യത്തേതിൽനിന്നു വളരെയകലെയെത്തിയിട്ടുണ്ടാവും. ഇതു വളർച്ചയാണു്. ഭാഷയുടെ ഇത്തരം സവിശേഷതകളൊക്കെ ഓർമ്മയിലിരിക്കണം.

സ്ഥലപ്പേരുകൾ:-
കേരളത്തിലെ സ്ഥലപ്പേരുകൾ ഏറെയും അവസാനിക്കുന്നത്-നാട്, യൂർ(ഊർ), കര, പുരം, മല, കാട്, കാവ്, കുളം, കോട്, തോട്, പള്ളി/പിള്ളി, ശാല, വനം എന്നിവയിലാണു്.

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ബാദ്, ഗാവ്, പുർ(നമ്മുടെ ‘പുരം’ തന്നെ. ‘ഉ’കാരം ഹ്രസ്വമോ ദീർഘമോ ഉപയോഗിക്കാം). രേഭത്തിനു്(‘ര്’ എന്ന അക്ഷരത്തിനു് ‘ര്’ എന്നോ ‘ർ_’ എന്നോ എഴുതാറുണ്ടെന്നുമോർക്കുക.)

മറ്റുസംസ്ഥാനങ്ങളിലെയും സ്ഥലപ്പേരുകളുടെ ഇത്തരം ലക്ഷണങ്ങൾ അറിഞ്ഞുവയ്ക്കുക. കർണ്ണാടകത്തിൽ ഗുഡി/കുടി, ഹള്ളി ആന്ധ്രയിൽ നഗർ/നഗരം, പുർ/പുരം, ബാദ്, ഊർ/ഊരു, പള്ളി, കൊണ്ട/ഗൊണ്ട, പേട്/പേട്ട്/പേട്ട, പട്ടണം, ഗിരി, കൽ എന്നിവയും സാധാരണം. ഇവയിൽ മിക്കതും കർണ്ണാടകത്തിലെ സ്ഥലപ്പേരുകളിലുമുണ്ട്. കൽ, ഗിരി ഇവ കേരളമുൾപ്പെടെ എല്ലാ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും കാണപ്പെടുന്നു.

തമിഴ്നാട്ടിൽ യൂർ/ഊർ/ഊര്, കുടി/ഗുഡി, ശാല/ശാലൈ, കര/കരൈ, പേട്/പേട്ട്/പേട്ട/പേട്ടൈ, മല/മലൈ, തുറ/തുറൈ, കോട്ട/കോട്ടൈ, കോവിൽ/കോയിൽ, പാടി, പട്ടി/പെട്ടി, പുരം/പുർ, പുതൂർ/പുത്തൂർ, പാളയം, കുപ്പം ഇവയാണു സാധാരണ കാണാറു്.

മറ്റുപദങ്ങളുമായി ചേർന്നു വരുന്നതിനാൽ അവസാനത്തിനു മുമ്പുള്ള അക്ഷരം(ഇവിടെക്കൊടുത്ത വാക്കുകളിലെ ആദ്യക്ഷരം) ഇരട്ടിക്കുന്നതും പതിവാണു്.

മഷിത്തണ്ട് നിഘണ്ടുവിന്റെ ഉപയോഗം:-

മഷിത്തണ്ട് നിഘണ്ടുവിൽ ഇംഗ്ലീഷ് വാക്കു കൊടുത്ത് അർത്ഥം നോക്കുക. മിക്ക പദങ്ങളുടെയും ഒരു വലിയപര്യായപദശേഖരം ലഭിക്കും.
അല്ലെങ്കിൽ മലയാളം വാക്കിന്റെ അർത്ഥം നോക്കിയിട്ട് അതിനുകൊടുത്തിരിക്കുന്ന ഇംഗ്ലീഷ് പദത്തിൽ ‘ഡബിൾക്ലിക്ക്’ ചെയ്യുക. ഒന്നിലധികം പദങ്ങളുണ്ടെങ്കിൽ എല്ലാം നോക്കാം. വിൻഡോയുടെ(പേജിന്റെ) ഇടതുവശത്തു മുകളിലുള്ള ‘ബാക്ക്’ ക്ലിക്ക് ചെയ്താൽ മുൻപേജുകളിലെത്തും.

അർത്ഥവും പര്യായപദങ്ങളും കണ്ടെത്താൻ മഷിത്തണ്ടു് ഒരു സഹായിയാണു്. മലയാളപദങ്ങൾക്കു മലയാളത്തിലും ഇംഗ്ലീഷിലും അർത്ഥം നൽകിയിട്ടുണ്ട്. ഏതു വാക്കിലും ഡബിൾക്ലിക്കു ചെയ്താൽ അതിന്റെ പേജിലേക്കെത്താമെന്നതും ഒരു നല്ലകാര്യം. ഇംഗ്ലീഷ് വാക്കുകളുടെ പേജുകൾ പര്യായപദങ്ങളുടെ ഒരു ഖനി തന്നെയാണു്.ഒരു മലയാളപദത്തിന്റെ പര്യായങ്ങൾ കാണാൻ അതിന്റെ തത്തുല്യമായ ഇംഗ്ലീഷ് വാക്കുനോക്കിയാൽ മതി.
ഉദാ: താമരയുടെ പര്യായങ്ങൾക്ക് താമര എന്നു മഷിത്തണ്ട് മലയാളം നിഘണ്ടുവിൽ സെർച്ച് ചെയ്യുക. ഇംഗ്ലീഷ് പദം lotus എന്നു കിട്ടും. അതിൽ ഡബിൾക്ക്ലിക്ക് ചെയ്യുക. സ്വയം ഇംഗ്ലീഷ് നിഘണ്ടുവിലേക്കെത്തും. lotus/താമര എന്നർത്ഥം വരുന്ന മിക്കവാറും എല്ലാവാക്കുകളുടെയും ഒരു നിര തന്നെ അവിടെക്കാണാം.

ഒരു വാക്കിന്റെ ആദ്യത്തെ ഒന്നോ രണ്ടോ അക്ഷരം അറിയാമെങ്കിൽ ആ അക്ഷരം/അക്ഷരങ്ങൾ നിഘണ്ടുവിൽ സെർച്ച് ചെയ്യുക. അതുമാത്രമടങ്ങുന്ന ഒരു വാക്കു ലഭ്യമല്ലെങ്കിൽ അതിൽത്തുടങ്ങുന്ന എല്ലാവാക്കുകളും പ്രത്യക്ഷപ്പെടും. ഇവിടെനിന്നു് ആവശ്യമായ വാക്കു തെരഞ്ഞെടുക്കാം. ഇതിനായി Find ഓപ്ഷനും (Ctrl+F) ഉപയോഗിക്കാം. അർത്ഥമായി കൊടുത്തേക്കാവുന്ന ഏതെങ്കിലും വാക്കോ അക്ഷരങ്ങളോ കീവേർഡ് ആയി ഉപയോഗിക്കാം. (സെർച്ച് ചെയ്ത അക്ഷരങ്ങൾ കൂടാതെ മൂന്നിലധികം അക്ഷരങ്ങളുള്ള പദങ്ങൾ ഈ റിസൽട്ടിൽ ഉൾപ്പെട്ടില്ലെന്നുവരും. മഷിത്തണ്ടിലെ ചില ക്രമീകരണങ്ങൾ(settings) മൂലമാണിത്.)

വാക്കുകളുടെ Index നോക്കുക. പല ഓൺലൈൻ നിഘണ്ടുവിനും ഈ സൗകര്യമുണ്ട്.
Eg:- http://ml.wiktionary.org
വിക്ഷ്ണറിയുടെ ഹോം പേജിൽ നിന്നോ ‘ഉള്ളടക്കം’ പേജിൽ നിന്നോ ഒരക്ഷരം സെർച്ച് ചെയ്യുക.ഇപ്പോൾ വരുന്ന പേജിലെ സെർച്ച് ബോക്സിൽ ആവശ്യമായ അക്ഷരം കോപ്പി-പേസ്റ്റ് ചെയ്ത് സെർച്ച് ചെയ്യുക. ആ അക്ഷരത്തിൽത്തുടങ്ങുന്ന വാക്കുകളുടെ ഒരു നീണ്ട ലിസ്റ്റ് എത്തും. ഇത് അക്ഷരക്രമത്തിൽ പദങ്ങളുടെ തെരച്ചിൽ എളുപ്പമാക്കുന്നു. എണ്ണം കൂടുതലുണ്ടെങ്കിൽ ഒന്നിലധികം പേജുകളുണ്ടാകും.

ചെയ്യരുതാത്തത്:-
മഷിത്തണ്ട് നിഘണ്ടുവിൽ ഒരു വാക്കു തേടുമ്പോൾ അതുമായി സാമ്യമുള്ള വാക്കുകളുടെ ഒരു ലിസ്റ്റ് ‘Similar Words’ എന്നു താഴെ പ്രത്യക്ഷപ്പെടാറുണ്ട്. എളുപ്പമായല്ലോ എന്നു തെറ്റിദ്ധരിച്ച് അതിൽ ക്ലിക്കാതിരിക്കുക. എന്തോ സാങ്കേതികപ്രശ്നം കൊണ്ടാണെന്നു തോന്നുന്നു, ഒരു പ്രയോജനവുമില്ല. (മറിച്ച്, ആ വാക്കു ടൈപ്പുചെയ്യുക. അർത്ഥം ലഭിക്കും.)

നിഘണ്ടുസെർച്ച് ഗൂഗിൾ വഴി:-
ഗൂഗിളിൽ വാക്കു മലയാളത്തിൽ type അല്ലെങ്കിൽ copy-paste ചെയ്യുക. ഒരു space അല്ലെങ്കിൽ + (അധിക ചിഹ്നം) കൊടുത്തിട്ട് wiktionary എന്നോ mashithantu എന്നോ ഇംഗ്ലീഷിൽത്തന്നെ ടൈപ്പ് ചെയ്ത് Enter ചെയ്യുക. റിസൽട്ടിൽ നിന്നു അതതു നിഘണ്ടുവിന്റെ പേജിലെത്താം.
wiktionary ഏറെ പ്രയോജനം നൽകുന്ന ഒരു ഓൺലൈൻ നിഘണ്ടുവാണു്.
പദമുദ്ര, ഓളം എന്നിവയുമുണ്ട്.

ഗൂഗിൾ സെർച്ചിന്റെ എല്ലാ വശങ്ങളും മനസ്സിലാക്കുക.
Some links to expertise in Google search-
• http://www.google.com/support/websearch/bin/static.py?hl=en&page=guide.cs&guide=1221265&answer=134479&rd=1
• http://www.google.com/support/websearch/bin/static.py?page=guide.cs&guide=1221265&answer=136861
• http://www.google.com/support/websearch/bin/static.py?page=guide.cs&guide=1221265&answer=142143
• http://www.thechurchofgoogle.org/Scripture/how_to_use_google.html
• http://www.dumblittleman.com/2007/06/20-tips-for-more-efficient-google.html

മലയാളപദങ്ങൾ തന്നെ പലതും ഒന്നിലധികം രീതിയിൽ തെറ്റില്ലാതെയെഴുതാറുണ്ടല്ലോ. ശരിതെറ്റുകളെക്കുറിച്ചുതന്നെ ഏകാഭിപ്രായമില്ല. അപ്പോൾ മറ്റുഭാഷയിൽ നിന്നുള്ള വാക്കുകളുടെ കാര്യം പറയേണ്ടല്ലോ.
ഉദാ: ദസ്തയേവ്സ്കി. ഇതിലെ ഓരോ വർണ്ണവും കുറഞ്ഞത് നാലോ അഞ്ചോ തരത്തിലെഴുതാം. അങ്ങനെ 7×4=28 വിധത്തിലെങ്കിലും എഴുതിക്കാണാം! ദെസ്തയേവ്സ്കി,ദേസ്തയേവ്സ്കി, ദൊസ്തയേവ്സ്കി, ദോസ്തയേവ്സ്കി,ഡസ്തയേവ്സ്കി, ഡെസ്തയേവ്സ്കി, ഡൊസ്തയേവ്സ്കി, ഡോസ്തയേവ്സ്കി- ഇങ്ങനെ ആദ്യവർണ്ണം മാത്രം 9 പ്രകാരത്തിലെങ്കിലുമെഴുതിക്കണ്ടിട്ടുണ്ട്. മറ്റുവർണ്ണങ്ങളുടെയും ഇത്തരം പ്രകാരഭേദങ്ങൾ കണക്കാക്കിയാൽ എണ്ണം 50 കടക്കാം !!
ഇതൊരു പ്രശ്നം തന്നെയാണു്. ഒരു മാനകരീതി(standard) ഇതിനൊന്നുമുണ്ടെന്നു തോന്നുന്നില്ല. ശബ്ദസാമ്യം തന്നെയാണവലംബം. ആദ്യപദത്തോടു(from the source language, while translating/ transliterating) സാമ്യമുള്ള അക്ഷരമുപയോഗിക്കയാണു പതിവ്. പലരുടെയും രീതി പലതാണു്. ഇംഗ്ലീഷിലെ ‘teach’ എന്നത് ടീച്, ടീച്ച്,റ്റീച്,റ്റീച്ച്,റ്റീഛ്,ടീഛ് എന്നൊക്കെ മലയാളമാക്കാം. മൂലഭാഷയിലെ പ്രയോഗത്തോട് ഏറ്റവുമടുത്തു നിൽക്കുന്നതാണു മാതൃകാപരമായ പ്രയോഗം എന്നു സമ്മതിക്കാതെ വയ്യ. പലപദങ്ങളും നമുക്കു കിട്ടുന്നത് അതതു ഭാഷയിൽനിന്നു നേരിട്ടല്ല, ഇംഗ്ലീഷിലൂടെയാണു്. മൂലഭാഷയിൽനിന്നു വ്യത്യാസത്തിനുള്ള സാദ്ധ്യതകൾ ഇവിടെ കൂടുന്നു. ‘ഗ്രന്ഥം മൂന്നു പകർത്തിടുമ്പോൾ മുഹൂർത്തം മൂത്രമായ് വരും’ എന്നത് എത്ര സത്യം!

മാദ്ധ്യമങ്ങളാണു് ഇതിന്റെയൊക്കെ ആദ്യത്തെ ഉപജ്ഞാതാക്കളും പ്രയോക്താക്കളും പ്രചാരകരും. ഒന്നിൽത്തന്നെ പലരീതിയിൽ അച്ചടിച്ചു വരും. പ്രചാരമുള്ള ഏതെങ്കിലും മാദ്ധ്യമത്തിന്റെ ഏറ്റവും പ്രചാരമുള്ള (സാമാന്യയുക്തിക്കു നിരക്കുന്ന) പ്രയോഗം സ്വീകരിക്കയാണു് ഏറ്റവും എളുപ്പമുള്ള മാർഗ്ഗം. മലയാളത്തിൽ സാഹിത്യത്തിലും ഭാഷയിലും ഇന്നും ‘മാതൃഭൂമി’ക്കു തന്നെയാണു പ്രാമാണ്യം. ഏറ്റവും പ്രചാരമുള്ള പത്രമെന്ന നിലയിൽ ‘മലയാള മനോരമ’യുടെ പ്രയോഗങ്ങൾക്കും ഏറെ സ്വാധീനമുണ്ട്.

ഏറെ പദപ്രശ്നനിർമ്മാതാക്കൾ മലയാളം ‘വിക്കിപ്പീഡിയ’യെ ആധാരമാക്കുന്നുണ്ടെന്നും ഓർക്കുക. എഴുതേണ്ട വാക്ക് മലയാളംവിക്കിയിൽ തെരയുന്നത് നന്നായിരിക്കും. അതു സാമാന്യബുദ്ധി.പദപ്രശ്നത്തിൽ അങ്ങനെയൊന്നു ഫലിക്കുന്നില്ലെങ്കിൽ ഏറ്റവുമടുത്ത സാദ്ധ്യതകൾ(സ്വരങ്ങളിലും വ്യഞ്ജനങ്ങളിലും) പരീക്ഷിക്കുക. ലിങ്കുണ്ടെങ്കിൽ അതിനെയും ആധാരമാക്കാം.

Speed കൂട്ടാൻ:-
പദപ്രശ്നം വേഗത്തിൽ പൂർത്തിയാക്കുകയെന്നതാണു മറ്റൊരു വിഷയം. കിട്ടിയ ഉത്തരങ്ങൾ കളങ്ങളിലേക്കു പ്രവേശിപ്പിക്കണമല്ലോ. mouse-നു പകരം key-board ഉപയോഗിക്കുക. പ്രത്യേകിച്ച്, അക്ഷരങ്ങൾ ടൈപ്പ് ചെയ്യാൻ. Key-board short-cut ഓപ്ഷനുകൾ അറിയുന്നയാൾക്ക് മൗസില്ലാതെയും കമ്പ്യൂട്ടറും ഇന്റർനെറ്റുമൊക്കെ സുഖമായി ഉപയോഗിക്കാം. തുടക്കത്തിൽ അല്പം പ്രയാസമുണ്ടാവുമെങ്കിലും പോകെപ്പോകെ ശരിയാകും. ശീലമാക്കിയാൽ മതി. ശീലം, അതാണു പ്രധാനം.

(ഇതിലെ എല്ലാ പ്രസ്താവങ്ങൾക്കും ആധികാരികതയുണ്ടാകണമെന്നില്ല. ഒരു സാധാരണക്കാരന്റെ നിരീക്ഷണത്തിൽ നിന്നു മനസ്സിലാക്കിയവയുമുണ്ട്. കേവലം ടിപ്പുകൾ കൊണ്ട് ആർക്കും ഒന്നാമതെത്താൻ കഴിയില്ല. ടിപ്പുകളുപയോഗിക്കുന്നതിലും ആദ്യമേ പറഞ്ഞ സാമാന്യബുദ്ധിതന്നെയാണു പ്രവർത്തിക്കുന്നത്. പുതിയവ കണ്ടെത്തൂ; കഴിയുമെങ്കിൽ പങ്കുവയ്ക്കൂ. ആശംസകൾ !!)
ചിലർക്കെങ്കിലും പ്രയോജനപ്പെട്ടേക്കാവുന്ന ചില ലിങ്കുകൾ ഇവിടെക്കൊടുക്കുന്നു-
shortcutkeys:

http://www.bilbo.com/shortcut.html

http://support.microsoft.com/kb/126449

http://shortcutkeys.net/category/browsers/

http://shortcutkeys.net/internet-explorer-keyboard-shortcuts/

http://www.shortcutworld.com/show_all.php?p=win&l=en

http://www.shortcutworld.com/en/win/Chrome.html

Dictionaries:

http://dictionary.mashithantu.com/

http://ml.wiktionary.org

http://ml.wiktionary.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A4%E0%B5%8D%E0%B4%AF%E0%B5%87%E0%B4%95%E0%B4%82:%E0%B4%AA%E0%B5%82%E0%B5%BC%E0%B4%B5%E0%B5%8D%E0%B4%B5%E0%B4%AA%E0%B4%A6%E0%B4%B8%E0%B5%82%E0%B4%9A%E0%B4%BF%E0%B4%95/%E0%B4%85

http://www.sanskrit-lexicon.uni-koeln.de/monier/indexcaller.php

http://books.google.com/books?id=zUezTfym7CAC&printsec=frontcover#v=onepage&q&f=false

http://www.archive.org/stream/puranicencyclopa00maniuoft#page/n5/mode/2up

http://www.mashithantu.com/malayalam-dictionary/dictionaryphp/pages.php?id=70

http://www.mashithantu.com/malayalam-dictionary/dictionaryphp/pages.php?id=25

 • admin

  പദപ്രശ്നം പൂരിപ്പിക്കനുള്ള ചില എളുപ്പവഴികൾ .

  തയ്യാറാക്കിയത് :- പോഴന്‍

  ഇത് പുതിയ കളിക്കാര്‍ക്ക്‌ ഉപകാര പ്രദമാകും എന്നതില്‍ സംശയമില്ല. പോഴനും പ്രത്യേക നന്ദി.

 • admin

  കൂടുതല്‍ സൂത്ര പണികള്‍ ഇവിടെ പങ്ക് വയ്ക്കാം. എന്നിട്ട് പോഴന്‍ തന്നെ ഈ പേജു പുതുക്കട്ടെ.

 • Vivek

  പോഴന് സ്വാഗതം. ഇവിടെത്തന്നെയൊക്കെ കാണുമെന്നു കരുതുന്നു. കൂടാതെ ഒരായിരം നന്ദിയും ….

  ഇതെല്ലാം ഞാന്‍ പിന്തുടരുന്ന രീതികള്‍ തന്നെ. ഇതെഴുതിയുണ്ടാക്കാന്‍ പ്രയത്നിക്കാന്‍ തോന്നിയില്ലെന്ന് മാത്രം.

  Congrats Jeyakumar for your helping mind. Keep it up.

  ഞാന്‍ ഒന്നു കൂട്ടിച്ചേര്‍ക്കട്ടെ…. നിരന്തരമായി മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ പരിശീലിച്ചാല്‍ മാത്രമേ വേഗം കൈവരികയുള്ളൂ.

  വേണ്ടത് വേണ്ടപ്പോള്‍ തോന്നുക – അതാണ് പ്രധാനം.

 • Vivek

  മാതൃഭൂമിയുടെ ആദ്യപദപ്രശ്നത്തില്‍ പങ്കെടുത്തപ്പോള്‍ സ്വന്തം തലയും ഇംഗ്ലീഷ് ഗൂഗിളും മാത്രമായിരുന്നു ആശ്രയം. മലയാളം ഗൂഗിളുണ്ടെന്നു പോലും അറിയില്ലായിരുന്നു. എന്തിന് മഷിത്തണ്ടിന്റെ നിഘണ്ടു പോലും തുറന്നിട്ടില്ല. കമന്റ് പേജ് ഉണ്ടെന്നറിയില്ല. അതൊരു വഴിക്കായി. അതു കൊണ്ട് തന്നെ പദ പ്രശ്നത്തോട് വലിയ താത്പര്യം തോന്നിയുമില്ല. ഈ വഴിക്ക് വരാറുമില്ലായിരുന്നു.

  പിന്നെ ഞാന്‍ മടങ്ങിവരുന്നത് മാതൃഭൂമിയുടെ രണ്ടാം മത്സരത്തിലാണ് (പത്രത്തിലെ പരസ്യം കണ്ട്). (അതിന് പുതിയ ലോഗിനായിരുന്നു – പഴയത് മറന്നു പോയി). പദ പ്രശ്നം നിര്മ്മിക്കാനുമുണ്ടായിരുന്നതിനാല്‍ എനിക്ക് കുറച്ച് താത്പര്യമായി. കളിക്കാന്‍ തുടങ്ങിയപ്പോള്‍ പഴയ അത്രയും കുഴപ്പങ്ങള്‍ തോന്നിയുമില്ല. മലയാളം ഗൂഗിളും വിക്കിയും നിഘണ്ടുക്കളുമെല്ലാം ക്രമേണ പരിചയപ്പെട്ടു. ആദ്യ പത്ത് സ്ഥാനങ്ങളില്‍ എത്താനേ ആദ്യം കഴ്ഞ്ഞിരുന്നുള്ളൂ. (ഞാന്‍ അന്തം വിട്ടിട്ടുണ്ട് വികാസിന്റെ സ്പീഡ് കണ്ട്).

  അപ്പോഴാണറിയുന്നത് “കുരുക്ഷേത്ര” എന്ന പേരില്‍ മഷിത്തണ്ടിന്റെ മത്സരം parallely നടക്കുന്ന വിവരം. ഏതാണ്ട് മുപ്പത്തഞ്ചെണ്ണം കഴിഞ്ഞിരുന്നീന്നു തോന്നുന്നു. പിന്നെ കുത്തിയിരുന്ന് പഴയതെല്ലാം പൂരിപ്പിച്ചു. അതൊരു പരിശീലനമായി. കമന്റ് പേജായിരുന്നു പ്രധാന പഠിപ്പുര എന്നു പറയാം.

  ക്രമേണ ഞാന്‍ മാതൃഭൂമിയുടേ ഒരു സ്ഥിരം 2-3-4 സ്ഥാനക്കാരനായി മാറി. ആ മത്സരത്തിന്റെ പതിനേഴാമത്തേയോ പതിനെട്ടാമത്തെയോ പദപ്രശ്നത്തിലാണെന്നു തോന്നുന്നു ആദ്യമായി ഒന്നാം സ്ഥാനത്തെത്തിയത്. (ബാക്കിയുള്ള ഏഴെട്ടണ്ണത്തില്‍ ഒരു ടൈ അടക്കം മൂന്നാലെണ്ണം കിട്ടി എന്നാണോര്‍മ്മ. മാതൃഭൂമി അവരുടെ പദപ്രശ്ന സൈറ്റ് തുറന്നാള്‍ കാണാം. ഇപ്പോള്‍ അത് down ആണെന്നു തോന്നുന്നു).

  കുരുക്ഷേത്ര -1 ന്റെ അവസാന ഇവന്റിലെ (അഭിമന്യു) അഞ്ചാറു മത്സരങ്ങളിലും ഒരു കൈ നോക്കി. അവിടെയും രണ്ടുമൂന്ന് ഒന്നാം സ്ഥാനം നേടാന്‍ കഴിഞ്ഞു.

  പിന്നെ എന്നെ പിടിച്ച് ഒരു അപ്രൂവറാക്കി.

  ഈ മത്സരത്തിലാകട്ടെ വന്‍പുലികളൊന്നുമില്ല താനും (വികാസ്, പോഴന്‍, സഞ്ചു, പ്രീതി, പ്രദീപ് … അങ്ങനെയങ്ങനെ എത്രപേര്‍ …

  പൊട്ടക്കുളത്തില്‍ പുളവന്‍ ഫണീന്ദ്രന്‍ എന്നു കേട്ടിട്ടില്ലേ?

 • ജലജ

  പദപ്രശ്നപ്രൊഫസ്സര്‍ ജയകുമാര്‍ ,

  കൊള്ളാം ട്ടോ.

  വായിച്ചിട്ട് തല കറങ്ങുന്നു. :)

 • ജലജ

  >>>>>>>> Key-board short-cut ഓപ്ഷനുകൾ അറിയുന്നയാൾക്ക് മൗസില്ലാതെയും കമ്പ്യൂട്ടറും ഇന്റർനെറ്റുമൊക്കെ സുഖമായി ഉപയോഗിക്കാം.

  ഇതെങ്ങനെയാണ്?

 • ജലജ

  ജയകുമാര്‍ എഴുതിയതു പോലെയൊക്കെത്തന്നെ ഞാനും ചെയ്യുന്നത്. ഇതില്‍ കുറെയൊക്കെ മുമ്പ് ജയകുമാര്‍ തന്നെയെഴുതിയിട്ടുള്ളതുമാണ്. അന്നേ ഞാനതൊക്കെ പഠിച്ചിട്ടുണ്ട്. ( നല്ല വിദ്യാര്‍ത്ഥിനി)

  മെയില്‍ അയയ്ക്കുന്ന വിധവും ഗൂഗിള്‍ സെര്‍ച്ച് എന്ന ഒന്നുണ്ടെന്നുമാണ് എനിക്ക് ആകെ കിട്ടിയിട്ടുള്ള കമ്പ്യൂട്ടര്‍ പാഠങ്ങള്‍. ( മകള്‍ കാണിച്ചുതന്നത്) .

  അത് വച്ച് അവിടെയുമിവിടെയുമലഞ്ഞുനടക്കുമ്പോഴാണ് ഒരു ദിവസം മഷിത്തണ്ട് കണ്ടത് അന്നവിടെ നിഘണ്ടു മാത്രമേയുള്ളൂ.

  മഷിത്തണ്ട് എന്ന പേരിഷ്ടപ്പെട്ടതുകൊണ്ട് പിന്നെ വല്ലപ്പോഴുമൊക്കെ ആ പേജ് നോക്കാന്‍ തുടങ്ങി. അങ്ങനെ ഒരു ദിവസം പദപ്രശ്നം കണ്ടു. അപ്പോഴേയ്ക്കും അഞ്ചാറെണ്ണം ആയിരുന്നു. മകളോട് ചോദിച്ച് കുഴപ്പമൊന്നുമില്ലെന്ന് ഉറപ്പ് വരുത്തിയിട്ടാണ് റജിസ്റ്റര്‍ ചെയ്തത്. അതോടെ എന്റെ ജീവിതം തന്നെ മാറിപ്പോയി എന്ന് ഒട്ടും അതിശയോക്തി ഇല്ലാതെ തന്നെ പറയാം. വളരെ നല്ല മാറ്റം !!!

  എന്റെ പ്രശ്നം സ്പീഡ് ഇല്ലാത്തതാണ്. പിന്നെ ടൈപ്പിങ് ഇടയ്ക്കൊക്കെ തെറ്റും . കോപ്പി പേസ്റ്റ് എന്ന കാര്യം ഒരിക്കലും ഓര്‍മ്മയുണ്ടാവാറില്ല. അതുകൊണ്ട് ഗൂഗിളില്‍ സൂചന മുഴുവനും എഴുതുകയാണ് പതിവ്. ( അവിടെയും ടൈപ്പിങ് പ്രശ്നം കാരണം തിരുത്തല്‍ പലപ്പോഴും വേണ്ടിവരും) ഇപ്പോള്‍ ആ പതിവ് കുറേശ്ശെ മാറിത്തുടങ്ങിയിട്ടുണ്ട്. ഇതൊക്കെ സമയം പാഴാക്കലാണല്ലോ.

  പിന്നെ ഇംഗ്ലീഷിലും മലയാളത്തിലും മാറി മാറി ടൈപ്പ് ചെയ്യേണ്ടിവരുമ്പോള്‍ ഓരോ തവണയും ഫോണ്ട് ( കീമാന്‍/ നോ കീമാന്‍ എന്നതില്‍ ക്ലിക്ക് ചെയ്യുകയാണ് പതിവ്. വേറെ എന്തെങ്കിലും മാര്‍ഗ്ഗമുണ്ടോ?) മാറ്റേണ്ടിവരുന്നു. ഇതൊരു ശല്യം തന്നെയാണ്.

  മലയാളം കാര്യങ്ങള്‍ ഇംഗ്ലീഷ് ഗൂഗിളില്‍ വിശേഷിച്ചും സാഹിത്യം, സിനിമ തുടങ്ങിയവ ഉണ്ടെന്ന് വളരെക്കാലം എനിക്കറിയാമായിരുന്നില്ല. മഷിത്തണ്ട് നിഘണ്ടു സെര്‍ച്ച് ഒരിക്കല്‍ വികാസ് പറഞ്ഞ് തന്നിരുന്നു. അങ്ങനെയാണ് ശരിക്കു മനസ്സിലായത്.

  പദപ്രശ്നത്തില്‍ പങ്കെടുക്കാന്‍ തുടങ്ങിയപ്പോള്‍ തന്നെ ഞാന്‍ സ്വയം എന്റെ മനസ്സിനോട് പറഞ്ഞിരുന്നു.ഇവിടെ കളിക്കുന്നവരൊക്കെ കമ്പ്യൂട്ടര്‍ പരിജ്ഞാനം നല്ലപോലെ ഉള്ളവരാണ്. അതുകൊണ്ട് വലിയ സ്ഥാനമൊന്നും മോഹിക്കേണ്ട എന്ന്. കുരുക്ഷേത്രയ്കു മുമ്പ് ഒരിക്കല്‍ ഇവന്റ് ടോപ്പ് സ്കോറര്‍ ആയപ്പോള്‍ ഞാന്‍ തന്നെ അദ്ഭുതപ്പെട്ടുപോയി. അന്ന് വളരെക്കുറച്ച് പേരെ കളിക്കാന്‍ ഉണ്ടായിരുന്നുള്ളൂ.

  എനിക്ക് അര്‍ഹിക്കുന്നതും അതിലപ്പുറവും മഷിത്തണ്ടില്‍ നിന്ന് കിട്ടിയിട്ടുണ്ടെന്നാണെന്റെ തോന്നല്‍.

 • ജലജ

  >>>>>>>ഈ മത്സരത്തിലാകട്ടെ വന്‍പുലികളൊന്നുമില്ല താനും (വികാസ്, പോഴന്‍, സഞ്ചു, പ്രീതി, പ്രദീപ് … അങ്ങനെയങ്ങനെ എത്രപേര്‍ …

  അപ്പോള്‍ ‘പുലിണി’കളോ? ( പ്രീതി മാത്രമേയുള്ളൂ??????????)

 • Jenish

  കൊള്ളാം… വളരെ പ്രയോജനമുള്ള കാര്യങ്ങള്‍.. നന്ദി ജയകുമാര്‍..

  പക്ഷേ ഇതില്‍ പലയിടത്തും common sense-നെ കുറിച്ച് പ്രതിപാദിച്ചുകാണുന്നു… പറയുന്നതുപോലെ അതത്ര common അല്ലെന്ന് തോന്നുന്നു… Common sense വര്‍ദ്ധിക്കാനുള്ള മോടകം വല്ലതും വിപണിയിലുണോ?

 • ജലജ

  വിവേക്,
  മാതൃഭൂമിയുടെ ആദ്യമത്സരത്തില്‍ അധികസൂചന കൊടുക്കല്‍ ഉണ്ടായിരുന്നില്ല. ആദ്യ മത്സരം സ്പോര്‍ട്ട്സ് ആയിരുന്നു. അതിന് എന്റെ റാങ്ക് 100 ആയിരുന്നു. ഒരാഴ്ച എടുത്തു അത് മുഴുവനാക്കാന്‍ . നിര്‍ത്തിപ്പോയാലോ എന്നുപോലും ആലോചിച്ചതാണ്.

  കുരുക്ഷേത്ര 1 ലാണ് അധികസൂചനകള്‍ ആദ്യമായി വന്നത്. എനിക്ക് തോന്നുന്നു എന്റെ പദപ്രശ്നത്തില്‍ തന്നെയാണെന്ന്. :)

 • ജലജ

  കോമണ്‍ സെന്‍സിനെക്കുറിച്ച് ജെനിഷ് എഴുതിയത് വളരെ ശരിയാണ്. പ്രകൃതിദത്തജലസ്രോതസ്സ് അവസാന അക്ഷരം ദി എന്നിട്ടും നദി എന്നെഴുതി നോക്കാന്‍ തോന്നാത്തവര്‍ ഇത്തിരി മോടകം കഴിക്കുന്നത് നല്ലത് തന്നെ.

 • Jenish

  @Jalaja

  ഏത് പോലീസുകാരനും ഒരു അബദ്ധമൊക്കെ പറ്റും.. എന്നും പറഞ്ഞ് കളിയാക്കാമോ.. :) :) :)

 • കഥാകാരന്‍

  ഹിതെനിക്കിഷ്ടപ്പെട്ടു ….

  ഇത് കഷ്ടപ്പെട്ടെഴുതിയുണ്ടാക്കിയതിന് ഒരു HATs OFF

  ഇനി ഇവിടെ പലതും നടക്കും … :)

 • http://nil മുജീബുര്‍ റഹ്മാന്‍

  പോഴന് നന്ദി
  ജലജേച്ചി,

  ‘ദി’ എന്ന് തുടക്കത്തിലേ കിട്ടിയിട്ട് ‘ന’ എന്ന് എഴുതിനോക്കാനുള്ള Common sense ഇല്ലാതെ പോയതാണ് എന്‍റെയും പ്രശ്നം. ഉണ്ടായിരുന്നങ്കില്‍ രണ്ട് മണിക്കൂര്‍ മുമ്പേ പ.പ്ര. തീര്‍ക്കാമായിരുന്നു!!!!!!!
  ജലജേച്ചി ഈ ‘മോടകം’ എവിടെകിട്ടും.

 • Baijo

  If you use google chrome, or firefox, you even don’t have to copy paste your keyword, just select and right click, there’s an option for searching in google….

 • Baijo

  @jenish,
  one of my teachers used to tell
  COMMONSENSE IS COMMONLY ABSENT

 • ജലജ

  Thank you Baijo for the valuable information.

 • ജലജ

  മുജിബ്, മോടകം ജെനിഷിന്റെ കയ്യില്‍ ചിലപ്പോള്‍ ഉണ്ടാകും.

 • zubair

  #
  Baijo Says:
  October 10th, 2011 at 9:25 pm

  @jenish,
  one of my teachers used to tell
  COMMONSENSE IS COMMONLY ABSENT

  The best definition of commonsense I have ever heared:
  COMMONSENSE IS THE SENSES COMMON TO US!!!

 • ബാലചന്ദ്രന്‍

  ജയകുമാര്‍,
  ഇത്രയും വിശദമായി പ്രതിപാദിച്ചതിന് നന്ദി .
  സമയമെടുത്ത് ഇത്രയും എഴുതാന്‍ തയ്യാറായതില്‍ അഭിനന്ദിക്കുന്നു .

 • ജലജ

  ജയകുമാറിന്റെ ഈ “ഗീതോപദേശം” കുരുക്ഷേത്ര 1 ലും ഉണ്ടായിരുന്നു.

  സംഭവാമി യുഗേ യുഗേ (പദപ്രശ്നേ, പദപ്രശ്നേ)

  ഇത്തവണ ഒരു കാര്യം കൂടുതല്‍ ഉണ്ട്.

  അപ്പോള്‍ സംഭവാമി യുഗേ യുഗേ നല്ലത് തന്നെ !

 • http://kpcpisharody.blogspot.com ചാന്ദ്നി, മുളങ്കുന്നത്തുകാവ്,

  ജലജേച്ചി,

  ‘ദി’ എന്ന് തുടക്കത്തിലേ കിട്ടിയിട്ട് ‘ന’ എന്ന് എഴുതിനോക്കാനുള്ള Common sense ഇല്ലാതെ പോയതാണ് എന്‍റെയും പ്രശ്നം. ഉണ്ടായിരുന്നങ്കില്‍ രണ്ട് മണിക്കൂര്‍ മുമ്പേ പ.പ്ര. തീര്‍ക്കാമായിരുന്നു!!!!!!!

 • പോഴൻ /anthipozhan

  നല്ലവാക്കുകൾക്കു നന്ദി.

  മുൻപു വിട്ടുപോയ ഒന്നുകൂടി ചേർക്കുന്നു.-

  മറ്റു പദങ്ങളിൽ നിന്നുണ്ടാകുന്ന പദങ്ങൾ വളരെയുണ്ട്- (കൃത്ത്, തദ്ധിതം എന്നൊക്കെ വ്യാകരണത്തിൽ)
  Eg:- ദശരഥന്റെ പുത്രൻ -ദാശരഥി
  സ്വർണ്ണനിറമുള്ളത്- സൗവർണ്ണം
  ദർശിക്കപ്പെടുന്നത്- ദൃശ്യം
  ഭരിക്കുന്നവൻ – ഭർത്താവ്
  ഭരിക്കപ്പെടുന്നവൾ- ഭാര്യ
  -ഇവയെയും പരിചയപ്പെടുക. ഏതുവാക്കിനെയും analyze ചെയ്ത് മൂലരൂപം കണ്ടെത്താൻ ശ്രമിക്കുന്നത് ഭാഷാജ്ഞാനം എളുപ്പമാക്കും. പഠിക്കുന്ന കുട്ടികൾക്കും പറഞ്ഞുകൊടുക്കേണ്ട ഒന്നാണിത്.

  ചില സമസ്തപദങ്ങളുടെ അന്ത്യത്തിലെ അക്ഷരങ്ങൾ നൽകുന്ന അർത്ഥങ്ങൾ ശ്രദ്ധിക്കുക. ഇവ പ്രത്യയങ്ങളല്ല, പദങ്ങൾ തന്നെ. അത്തരം വാക്കുകൾ പരിചയപ്പെടുക.
  ജം-ജനിക്കുന്നത്/ഉണ്ടാകുന്നത് (ജലജം,ഖനിജം)
  ഗം-ഗമിക്കുന്നത്/പോകുന്നതു് (വിഹഗം,ഉരഗം)
  പം-പാനം ചെയ്യുന്നത്/കുടിക്കുന്നതു് (സ്തന്യപം)
  കം-കരിക്കുന്നത്/ചെയ്യുന്നതു്/ഉണ്ടാക്കുന്നതു് (പോഷകം,ദാഹകം)
  ദം-ദാനം ചെയ്യുന്നതു്/ലഭ്യമാക്കുന്നതു്/തരുന്നതു് (നീരദം)
  വാക്കു് അനുസ്വാരത്തോടെയായാൽ നപുംസകലിംഗം. ഈ അക്ഷരങ്ങളുടെ മറ്റുലിംഗരൂപങ്ങളും ഓർക്കുക. അനുസ്വാരമില്ലാതെയായാൽ സ്ത്രീലിംഗം. അനുസ്വാരമില്ലാതെ ‘അൻ’ ചേർന്നുവന്നാൽ പുല്ലിംഗം.

  _____________________________
  പോഴൻ പദപ്രശ്നത്തിൽ പ്രത്യേകകഴിവുകളൊന്നുമില്ലാത്ത ഒരു സാധാരണൻ. ടിപ്പുകളിലല്ല,കാര്യം. വിവേക് പറഞ്ഞതുപോലെ വേണ്ടതു വേണ്ടപ്പോൾ തോന്നുന്നതിലാണു്. അതിനാലാണല്ലോ ഒരിക്കൽപ്പോലും ഒന്നാംസ്ഥാനം കിട്ടാതിരുന്നത്. :( ഒരുതവണ വികാസ് (കളിക്കാതെ) സഹായിച്ചതു വിട്ടേക്കൂ.
  എപ്പോഴും കമന്റിടാനും സൂചനകൾ കൊടുത്തുസഹായിക്കാനും കഴിയാത്തതിന്നുമുള്ള പരിഹാരമായിട്ടാണീ ഉദ്യമം. എല്ലാദിവസവും മീൻപിടിച്ചു കൊടുക്കുന്നതിനേക്കാൾ നല്ലത് മീൻപിടിക്കുന്ന വിദ്യ പഠിപ്പിക്കുകയാണെന്നു പറയാറുണ്ടല്ലോ. Sharing your ideas and information is always preferable.

  Baijo Says:
  If you use google chrome, or firefox, you even don’t have to copy paste your keyword- ഇത് Explorer-ലുമുണ്ട്. മിക്ക ബ്രൗസറുകളിലുമിതുണ്ടെന്നാണു വിശ്വസിക്കുന്നത്.
  ഒരു സാധാരണ ഉപയോഗത്തിനു google chrome ആണു best എന്നു തോന്നുന്നു. Explorerൽ ‘hanging’ ഒരു പ്രശ്നമാണു്. ഏതാനും പേജുകൾ ഒരുമിച്ചു തുറന്നിട്ടാൽ ഉടൻ ഹാങ്ങാവും. ക്രോമിൽ ഈ പ്രശ്നം താരതമ്യേന വളരെക്കുറവും. മുകൾഭാഗത്തുള്ള അനാവശ്യ റ്റൂൾബാറുകളൊഴിവാക്കി window വളരെ ക്ലീൻ. ആവശ്യമുണ്ടെങ്കിൽ settings-ൽ നിന്നു നമുക്കുൾപ്പെടുത്താം.

  സലിൽ നൽകിയ alt + shift വിദ്യ ജലജച്ചേച്ചിയുൾപ്പെടെ പലർക്കും പ്രയോജനപ്പെടും.

  ജലജ Says:
  Key-board short-cut ഓപ്ഷനുകൾ…..
  ഇതെങ്ങനെയാണ്?

  മൗസിന്റെ ഓപ്പൺ,ക്ലോസ്,കട്ട്,കോപ്പി,പേസ്റ്റ് ഇങ്ങനെ മിക്കവാറുമെല്ലാ ഉപയോഗങ്ങളും കീബോർഡുകൊണ്ടു നിർവഹിക്കാനാവും.
  Eg:- ക്ലോസ് ചെയ്ത റ്റാബ് വീണ്ടും തുറക്കാൻ– Ctrl+Shift+T
  ഒരു വിൻഡോയിൽ നിന്നു മറ്റൊന്നിലേക്കു പോകാൻ (To swich between windows- Alt+Tab
  ഒരു ടാബിൽ നിന്നു മറ്റൊന്നിലേക്കു പോകാൻ (To switch between tabs(within single window))- Ctrl+Tab
  (അതിനുള്ള വെബ് അഡ്രസ്സുകൾ കൊടുത്തിട്ടുണ്ടല്ലോ.) അവ ശീലിക്കുക.

  എന്തു സംശയവും ആദ്യം ഗൂഗിളിനോടു ചോദിക്കുന്നത് ഒരു ശീലമാക്കൂ:-
  —————————————————————–
  Pozhan dreams a world where the ladies are wellversed in Computer technology(and everything). Usually boys are smarter in this area. Ladies have a slow pace as if it is not their cup of tea. An undesirable mentality. What ever doubt you have, just ask Google. You’ll get the answer. It’s a huge and handy store.

  ഇംഗ്ലീഷ് പദപ്രശ്നങ്ങളും ആരംഭിച്ചിരിക്കുന്നു. വളരെ നല്ലത്. അക്ഷരങ്ങൾ കുറവുള്ളതിനാൽ ട്രയൽ & എറർ നടത്താൻ സാധ്യത കൂടുതൽ. അല്പം കോമൺസെൻസും പ്രയോഗിച്ചാൽ വീണ്ടും എളുപ്പം.
  മലയാളത്തേക്കാൾ ഇംഗ്ലീഷ് പദപ്രശ്നം എളുപ്പമാക്കുന്ന ഒന്നു്, വാക്കുകൾ കണ്ടുപിടിക്കാൻ ധാരാളം ഓൺലൈൻ ഹെൽപ്പുകളുണ്ടെന്നതാണു്.പല രീതിയിൽ- അക്ഷരങ്ങളുടെ എണ്ണം, സൂചന, അക്ഷരങ്ങളുടെ എണ്ണവും കിട്ടിയ അക്ഷരങ്ങളും, സൂചനയും കിട്ടിയ അക്ഷരങ്ങളും തുടങ്ങി പല ഫോർമാറ്റിൽ in put നൽകി ഉത്തരത്തിലേക്കെത്തുന്ന വിദ്യകൾ ലഭ്യമാണു്.
  There are many sites helping to create the crosswords in English also. Anyone interested can try these.
  ഒരിക്കലെങ്കിലും crossword എന്നു ഗൂഗിൾ ചെയ്തിട്ടുള്ളവർ ഇവ കണ്ടിരിക്കാനുമിടയുണ്ട്.
  ഗൂഗിളിനോടു ചോദിച്ചാൽ എന്തും കിട്ടും. കണ്ടുപിടിച്ചോളൂ.

  ഇവ ഉപയോഗിക്കുവാൻ പോഴൻ ശുപാർശ ചെയ്യുന്നില്ല. താത്പര്യമുള്ളവർക്കു മാത്രമുപയോഗിക്കാം. സ്വന്തം ബുദ്ധിയും അറിവും ഉപയോഗിക്കുന്നത് എപ്പോഴും അഭികാമ്യം. അതു വികസിപ്പിക്കണമെന്നാഗഹിക്കുന്നവർ കുറുക്കുവഴികൾ തേടാതിരിക്കുക. മടിയന്മാർക്കും മടിച്ചികൾക്കുമാണു് അവ. :)

 • സുരേഷ്

  പദപ്രശ്നം പൂരിപ്പിക്കാനുള്ള ചില എളുപ്പവഴികള്‍ :-

  ഇത്രയും കുറുക്കുവഴികള്‍ പോരെങ്കില്‍ വിവേക്, വികാസ് , ജലജചേച്ചി, ആദിയായവരുടെ ഫോണ്‍ നമ്പര്‍ തപ്പിയെടുത്തു വിളിക്കുക. ആശ്രിതവത്സലരും , സ്നേഹസ്വരൂപരുമായതിനാല്‍ ഉത്തരം പറഞ്ഞു തന്നെന്നിരിക്കും.

  :) :) :) :)