~O)
ഈ കാപ്പി എനിക്കാണോ? വളരെ സന്തോഷം.
ഇവിടെ പ്രതികരിച്ച പലരും ഇതൊന്നും തങ്ങള്‍ക്ക് ബാധകമല്ല, നാട്ടിലുള്ള പാവം പെണ്ണുങ്ങളുടെ കഷ്ടപ്പാടോര്‍ത്ത് സഹിക്കവയ്യാതെ പറയുന്നതാണ് എന്ന മട്ടില്‍ എഴുതിക്കാണുന്നു. എന്റെ വീട്ടില്‍ എല്ലാം ഭദ്രം, മറ്റു വീട്ടുകാരികളൊക്കെ തീരാദുരിതത്തിലും എന്ന കാഴ്ചപ്പാട് ശരിയാണെന്ന് ഞാന്‍ കരുതുന്നില്ല. ചുരുങ്ങിയ പക്ഷം 'എന്റെ മാതൃകാ കുടുംബം' പോലെ വേറെയും കുടുംബങ്ങളുണ്ടാവാം എന്നെങ്കിലും അംഗീകരിക്കേണ്ടേ?
നമ്മുടെ നാട്ടില്‍ ഭൂരിപക്ഷം കുടുംബങ്ങളിലും ഒരു പ്രശ്നങ്ങളുമില്ല.പ്രശ്നങ്ങളുള്ള കുടുംകുടുംബങ്ങളില്‍ തന്നെ കാരണക്കാര്‍ ഒന്നല്ലെങ്കില്‍ ഭാര്യ അല്ലെങ്കില്‍ ഭര്‍ത്താവ് അല്പം വിട്ടുവീഴ്ചക്ക് ആരെങ്കിലും തയ്യാറാവുകയാണെങ്കില്‍ ഇവിടെയെല്ലാം സമാധാനം കൈവരും. പക്ഷെ, ആരും വിട്ടു വീഴ്ചക്ക് തയ്യാറല്ല. എന്തു ചെയ്യും, അനുഭവിക്കുക തന്നെ.
പിന്നെ, മദ്യപാനികളായ ഭര്‍ത്താക്കന്‍മാരുണ്ടാക്കുന്ന പ്രശ്നങ്ങള്‍ മറ്റൊരുവശം,അതിനുള്ള പ്രതിവിധി ഒന്നേയുള്ളു മദ്യം പൂര്‍ണ്ണമായി നിരോധിക്കുക. അതാണെങ്കില്‍ നടപടിയില്ലാത്ത കാര്യവുമാണ് അങ്ങനെ നിരോധിച്ചാല്‍, സര്‍ക്കാരു പൂട്ടിപ്പോവും. കേരളത്തിന്‍റെ വരുമാനത്തിന്‍റെ ഭൂരിഭാഗവും ഇതില്‍നിന്നാണ് സര്‍ക്കാരിനു ലഭിക്കുന്നത് നിരോധിച്ചാല്‍ കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കര്‍ക്ക് ശമ്പളവും പെന്‍ഷന്‍കാര്‍ക്ക് പെന്‍ഷനും സര്‍ക്കാര്‍ എവിടുന്നിടുത്ത് കൊടുക്കും.അതൊരു വന്‍പ്രശ്നം തന്നെയാണ്.
>>>>>>>>>>>കേരളത്തിന്‍റെ വരുമാനത്തിന്‍റെ ഭൂരിഭാഗവും ഇതില്‍നിന്നാണ് സര്‍ക്കാരിനു ലഭിക്കുന്നത് നിരോധിച്ചാല്‍ കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കര്‍ക്ക് ശമ്പളവും പെന്‍ഷന്‍കാര്‍ക്ക് പെന്‍ഷനും സര്‍ക്കാര്‍ എവിടുന്നിടുത്ത് കൊടുക്കും.അതൊരു വന്‍പ്രശ്നം തന്നെയാണ്. >>>>>>>>>>>
എന്തുകൊണ്ട് കേരളത്തിന് ഈ ഗതി ? വിദ്യാഭ്യാസമുള്ള കേരളീയര്‍ക്ക് മാറി ചിന്തിച്ചു കൂടെ ?
പ്രവര്‍ത്തിച്ചു കൂടെ ?
അല്ലെങ്കിലും സര്‍ക്കാരിന് കാശുണ്ടാക്കാന്‍ വേണ്ടിയാണോ ഏതെങ്കിലും മലയാളി മദ്യപിക്കുന്നത് ?
മദ്യനിരോധനം ഒരിക്കലും വിജയിക്കില്ല .അത് വ്യാജമദ്യ ദുരന്തങ്ങളുടെ എണ്ണം കൂട്ടുകയേ ഉള്ളൂ ; മദ്യപാനികളെ നല്ല വഴിക്ക് കൊണ്ടുവരില്ല
>>>>>>എന്റെ വീട്ടില്‍ എല്ലാം ഭദ്രം, മറ്റു വീട്ടുകാരികളൊക്കെ തീരാദുരിതത്തിലും എന്ന കാഴ്ചപ്പാട് ശരിയാണെന്ന് ഞാന്‍ കരുതുന്നില്ല. ചുരുങ്ങിയ പക്ഷം 'എന്റെ മാതൃകാ കുടുംബം' പോലെ വേറെയും കുടുംബങ്ങളുണ്ടാവാം എന്നെങ്കിലും അംഗീകരിക്കേണ്ടേ?>>>>>>>
സുബൈര്‍ ,
എന്റെ വീട്ടില്‍ പ്രശ്നങ്ങള്‍ ഉണ്ടെങ്കിലേ എനിക്ക് മറ്റുള്ളവരുടെ പ്രശ്നങ്ങള്‍ പറയാന്‍ അവകാശം ഉള്ളോ ?
അല്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു .
(ഇനി ഇത് എഴുതാന്‍ വേണ്ടി പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ ഞാന്‍ തയ്യാറല്ല കേട്ടോ .)
അത് കൊണ്ട് ഞാന്‍ പറഞ്ഞ എന്തെങ്കിലും കാര്യം സത്യമല്ല എന്നുണ്ടോ ?
എന്റെ വീട്ടില്‍ പ്രശ്നമില്ല എന്ന് കരുതി ചുറ്റുമുള്ളവരുടെ ദു:ഖം കണ്ടു ഞാന്‍ കണ്ണടക്കണോ?
അത് ഒരു സമൂഹജീവിക്കു ചേര്‍ന്നതാണോ ?
നിത്യവും ഇരുന്നൂറോളം വ്യത്യസ്തമായ കുടുംബങ്ങളില്‍ നിന്ന് വരുന്ന ജീവിതങ്ങളെ അഭിമുഖീകരിക്കുന്ന എനിക്ക് അതിനു കഴിയില്ല .
ഓരോ കുട്ടിയുടെയും പെരുമാറ്റവും സ്വഭാവവും എന്തിനു കണ്ണുകള്‍ പോലും ഓരോ കുടുംബത്തിന്റെ കഥ പറയും .
പ്രശ്നങ്ങളില്ലാത്ത കുടുംബങ്ങള്‍ നിരവധി ഉണ്ടാവാം . എന്ന് കരുതി പ്രശ്നങ്ങള്‍ ഉള്ളവര്‍ അനുഭവിക്കുന്ന ദു:ഖത്തിന്റെ തീവ്രത കുറയുമോ ?
അതിനു പരിഹാരം വേണ്ട എന്നുണ്ടോ ? ആ പ്രശ്നങ്ങള്‍ കാണാതെ എനിക്ക് ക്ലാസ്സിലെ കുട്ടികള്‍ക്ക് പാഠങ്ങള്‍ പറഞ്ഞു കൊടുക്കാനാവുമോ?
ഇല്ല തന്നെ . എന്റെ മുന്നില്‍ ഇരിക്കുന്നത് വെറും പാവയല്ല. അവര്‍ക്ക് ചിന്തയും വികാരവുമുണ്ട് . വീട്ടിലെ പ്രശ്നങ്ങള്‍ സ്കൂളില്‍ എത്തുമ്പോള്‍ മനസ്സില്‍നിന്നു കളയാന്‍ കഴിയുന്നവരാണോ കുട്ടികള്‍ ?
എന്റേത് ഒരു മാതൃകാ കുടുംബം അല്ല. ആവശ്യത്തിനു അഭിപ്രായ വ്യത്യാസങ്ങള്‍ ഉള്ള ഒരു കുടുംബമാണ് . പക്ഷെ അത് ചര്‍ച്ച ചെയ്തു ഒരു തീരുമാനത്തില്‍ എത്താന്‍ കഴിയുന്നുണ്ട് എന്ന് മാത്രം . വ്യത്യസ്ത സാഹചര്യത്തില്‍ നിന്ന് വരുന്ന രണ്ടു പേര്‍ക്ക് വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉണ്ടാകും . പക്ഷെ പരസ്പരബഹുമാനവും സ്നേഹവും ഉണ്ടാവണം . അപ്പോള്‍ മാത്രമേ ശരിയായ തീരുമാനങ്ങള്‍ ഉണ്ടാവൂ .
>>>അതിനൊന്നും ഇവിടെ ആരും തടസം പറഞ്ഞില്ല. മറ്റുള്ളവര്‍ കൂടി എന്ത് പറയണം എന്ത് ചെയ്യണം എന്ന് കൂടി തീരുമാനിക്കാതിരിന്നാല്‍ എല്ലാവര്ക്കും അത് ആസ്വാദ്യകരമാകും.>>>>>>>>
മറ്റുള്ളവര്‍ എന്ത് പറയണം ചെയ്യണം എന്നൊന്നും ഞാന്‍ പറഞ്ഞില്ല അഡ്മിന്‍ .
മുജീബിനു എന്റെ അഭിപ്രായം ബുദ്ധിമുട്ടുണ്ടാക്കി എങ്കില്‍ ക്ഷമിക്കുക .
നിമ്മുവിന്റെ അഭിപ്രായം കയ്യടിക്കാനുള്ള സ്വാതന്ത്ര്യം മുജീബിനുണ്ട് .എല്ലാവര്‍ക്കും ഉണ്ട് .
'കയ്യടി ശരിയായില്ല ' എന്ന് പറഞ്ഞത് ശരിയായി വായിക്കാന്‍ കഴിഞ്ഞില്ല എന്ന് കരുതുന്നു .
കയ്യടിക്കു കാരണമായ അഭിപ്രായത്തോട് ഉള്ള വിയോജിപ്പ് ആണ് പറഞ്ഞത് അല്ലാതെ
മുജീബിന്റെ സ്വാതന്ത്ര്യത്തോട് ഉള്ള വെല്ലുവിളി ആയിരുന്നില്ല.
ഈ കമന്റു പേജിന്റെ ആസ്വാദ്യതക്ക് എന്തെങ്കിലും തടസം ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ അഡ്മിന്‍ ക്ഷമിക്കുക. ഞാന്‍ അങ്ങനെ ഉദ്ദേശിച്ചിട്ടില്ല എന്ന് മാത്രമല്ല സജീവമാക്കാന്‍ ശ്രമിച്ചിട്ടുമുണ്ട് .
ഇനി ഇപ്പേരും പറഞ്ഞു പിണങ്ങി പോകാന്‍ തയ്യാറുമല്ല.
(തുടരും)
കണ്ടകശനി കൊണ്ടേ പോകൂ :-))
>>>എന്റെ വീട്ടില്‍ പ്രശ്നങ്ങള്‍ ഉണ്ടെങ്കിലേ എനിക്ക് മറ്റുള്ളവരുടെ പ്രശ്നങ്ങള്‍ പറയാന്‍ അവകാശം ഉള്ളോ ?>>>
എന്നാരു പറഞ്ഞു? പക്ഷെ മറ്റെല്ലാ വീടുകളിലും പ്രശ്നങ്ങളുണ്ടെന്നും അതിനൊക്കെ കാരണക്കാർ അവിടുത്തെ ആണുങ്ങൾ മാത്രമാണെന്നും തോന്നിപ്പിക്കുന്ന രീതിയിൽ എഴുതിയത് കണ്ടപ്പോൾ ഇത്രയും പറയണമെന്നുതോന്നി.
>>പ്രശ്നങ്ങളില്ലാത്ത കുടുംബങ്ങള്‍ നിരവധി ഉണ്ടാവാം . എന്ന് കരുതി പ്രശ്നങ്ങള്‍ ഉള്ളവര്‍ അനുഭവിക്കുന്ന ദു:ഖത്തിന്റെ തീവ്രത കുറയുമോ ?
അതിനു പരിഹാരം വേണ്ട എന്നുണ്ടോ ? ആ പ്രശ്നങ്ങള്‍ കാണാതെ എനിക്ക് ക്ലാസ്സിലെ കുട്ടികള്‍ക്ക് പാഠങ്ങള്‍ പറഞ്ഞു കൊടുക്കാനാവുമോ? >>>
നിരന്തരം ആണുങ്ങളെ കുറ്റം പറഞ്ഞുകൊണ്ടിരുന്നാൽ ഈ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമോ?
സത്യസന്ധമായി പറയൂ; ആ കുട്ടികളുടെ എല്ലാ പ്രശ്നങ്ങൾക്കും ഉത്തരവാദി അച്ഛൻ മാത്രമാണോ?
(ചില കുട്ടികളുടെയെങ്കിലും പ്രശ്നം മാതാപിതാക്കൾ രണ്ടുപേരും ജോലിക്ക് പോകുന്നതു കൊണ്ട് വേണ്ടത്ര ശ്രദ്ധ കിട്ടാത്തതാവാം!!) ;-)
സ്ത്രീകൾ ജോലിക്ക് പോകുന്നത് ശരിയല്ല എന്ന അഭിപ്രായമൊന്നും എനിക്കില്ലെന്നു കൂടി പറയട്ടെ. പക്ഷെ രണ്ടു പേരും ജോലി ചെയ്യേണ്ടി വരുമ്പോൾ കുറേ പ്രയാസങ്ങൾ ഉണ്ടാവുമെന്നതിൽ തർക്കമില്ല.
(ഞാനിപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്നതിനാൽ അതെനിക്ക് നന്നായി അറിയാം)
സ്ത്രീകൾ ജോലിക്ക് പോവേണമോ എന്ന് ഓരോരുത്തരുടെയും താല്പര്യവും സാഹചര്യവും നോക്കി വേണം തീരുമാനിക്കേണ്ടത്. ഭാര്യ ഒരു വ്യക്തിയാണെന്നതുകൊണ്ടുതന്നെ ഇക്കാര്യത്തിൽ അവളുടെ താല്പര്യത്തിനായിരിക്കണം പ്രഥമപരിഗണന എന്ന് ഞാൻ കരുതുന്നു.
>>>>>>>>പക്ഷെ മറ്റെല്ലാ വീടുകളിലും പ്രശ്നങ്ങളുണ്ടെന്നും അതിനൊക്കെ കാരണക്കാർ അവിടുത്തെ ആണുങ്ങൾ മാത്രമാണെന്നും തോന്നിപ്പിക്കുന്ന രീതിയിൽ എഴുതിയത് >>>>>>>>>>>>>
ആര് അങ്ങനെ എഴുതി ? എപ്പോ? ഞാന്‍ കണ്ടില്ലല്ലോ ? അത് സുബൈറിന് തോന്നിയതല്ലേ ?
എല്ലാ വീടുകളിലും പ്രശ്നമുണ്ടെന്നു ആരും പറഞ്ഞിട്ടില്ല . അതിനുത്തരവാദി പുരുഷന്മാര്‍ മാത്രമാണെന്നും ആരും പറഞ്ഞിട്ടില്ല.
സമൂഹത്തില്‍ സ്ത്രീകള്‍ക്ക് സുരക്ഷിതത്വമില്ല . അതിനു കാരണം പുരുഷന്മാരാണെന്ന് പറഞ്ഞു . അത് സത്യമാണ് എന്ന് സുബൈറും സമ്മതിച്ചിട്ടുണ്ട് . (ഒന്ന് പുറകോട്ടു പോയി നോക്കൂ രണ്ടു പെണ്‍കുട്ടികളുടെ അച്ഛാ )
വീട്ടിലെ ചുമതലകള്‍ സ്ത്രീകള്‍ക്ക് നല്‍കുന്ന കഷ്ടപ്പാടിനെ ക്കുറിച്ച് പറഞ്ഞു . പുരുഷന്മാര്‍ അല്പം പരിഗണന കൊടുത്താല്‍ അത് ഇല്ലാതാക്കാം എന്നും പറഞ്ഞു . അത് സുബൈര്‍ സമ്മതിച്ചാലും ഇല്ലെങ്കിലും സത്യമാണ്. ഭാര്യ ജോലിക്ക് പോകുന്നുണ്ട് എന്ന് പറഞ്ഞല്ലോ . അതുകൊണ്ട് ചോദിക്കുകയാണ് സുബൈര്‍ ആണോ ഭാര്യയാണോ കൂടുതല്‍ കഷ്ടപ്പെടുന്നത് വീടിനും കുട്ടികള്‍ക്കും വേണ്ടി . ആരാണ് അതിനു വേണ്ടി ഉറക്കം കളയുന്നത് ? കൂടുതല്‍ പ്രയാസങ്ങള്‍ അനുഭവിക്കുന്നത് ?
ഇനി കുട്ടികളുടെ കാര്യം എടുത്താല്‍ ,അവരുടെ പ്രശ്നങ്ങള്‍ക്ക് കാരണം അച്ഛന്മാരാണ് എന്ന് ആരും പറഞ്ഞില്ല . അച്ഛന്മാര്‍ പ്രശ്നക്കാരാണ് എങ്കിലും അമ്മമാര്‍ നല്ലതാണെങ്കില്‍ കുട്ടികള്‍ക്ക് അധികം പ്രശ്നം ഇല്ല . കുട്ടികള്‍ക്ക് വേണ്ടി അവര്‍ കൂടുതല്‍ പ്രയാസപ്പെടും ,കുട്ടികളെ വേദനിപ്പിക്കാതെ നോക്കും. പക്ഷെ അമ്മമാരാണ് പ്രശ്നക്കാര്‍ എങ്കില്‍ കുട്ടികള്‍ രക്ഷിക്കാന്‍ അച്ഛന്മാര്‍ക്ക് കഴിയാറില്ല. അവര്‍ക്ക് അതിനു താല്പര്യമില്ല . ജോലിത്തിരക്ക് എന്നൊക്കെ ന്യായം പറയാമെന്നു മാത്രം. അച്ഛനും അമ്മയും ഒരുപോലെ പ്രശ്നക്കാരായ കുട്ടികള്‍ ആണ് പലപ്പോഴും വഴിതെറ്റി ആത്മഹത്യയില്‍ എത്തുന്നത് .ഗള്‍ഫിലും കുട്ടികള്‍ ആത്മഹത്യയുടെ കാര്യത്തില്‍ പിന്നിലല്ല എന്നാണു റിപ്പോര്‍ട്ടുകളും അനുഭവങ്ങളും പഠിപ്പിക്കുന്നത് .
>>ആര് അങ്ങനെ എഴുതി ? എപ്പോ? ഞാന്‍ കണ്ടില്ലല്ലോ ? അത് സുബൈറിന് തോന്നിയതല്ലേ ? >>
നിളയുടെ കുറിപ്പുകൾ വായിച്ചിട്ട് എനിക്കുമാത്രമേ അങ്ങിനെ തോന്നിയുള്ളൂ എന്നു ഞാൻ കരുതുന്നില്ല. പലരും സമാനമായ അഭിപ്രായങ്ങൾ പറഞ്ഞിട്ടുണ്ടല്ലോ?
'രണ്ട് പെൺകുട്ടികളുടെ അച്ഛൻ' അങ്ങിനെ ഒരിക്കൽ പറഞ്ഞത് മാറ്റിപ്പറയുന്നവനല്ല. അവിടെയും ഞാൻ ഇതേകാര്യം തന്നെയാണു പറഞ്ഞത്.സംശയമുണ്ടോ? പുറകോട്ട് പോയി കഷ്ടപ്പേടേണ്ട. ഇതു നോക്കൂ:
"..................ചിലരുടെ അപഥസഞ്ചാരത്തിന്റെ പേരിൽ പുരുഷവർഗ്ഗത്തെയാകെ സാമാന്യവത്കരിക്കുന്നതും ശരിയല്ല എന്ന് പറയാതെ വയ്യ."
സ്ത്രീകള്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ വര്‍ദ്ധിക്കുമ്പോള്‍ എന്താണ് മനസ്സിലാക്കേണ്ടത് ? പുരുഷന്മാര്‍ നന്നാവുകയാണ് എന്നോ അപഥസഞ്ചാരികള്‍ കൂടുകയാണ് എന്നോ ? ലോകത്തെ മുഴുവന്‍ സ്ത്രീകളും ആക്രമിക്കപ്പെടുന്നു എന്നാണോ ഞാന്‍ പറഞ്ഞത് ? അല്ല. അതുപോലെ ലോകത്തെ മുഴുവന്‍ പുരുഷന്മാരും അപഥ സഞ്ചാരികള്‍ ആണ് എന്ന് പറഞ്ഞോ ? അതുമില്ല . എന്തിനാണ് എഴുതാപ്പുറം വായിക്കുന്നത് ? ഇന്നത്തെ കേരളത്തില്‍ സ്ത്രീകള്‍ പകല്‍ പോലും ഒറ്റയ്ക്ക് സഞ്ചരിക്കാന്‍ പേടിക്കണം എന്നാ കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. പക്ഷെ പുരുഷന്മാരെ കുറ്റപ്പെടുത്താനും പാടില്ല.
>>>അതുകൊണ്ട് ചോദിക്കുകയാണ് സുബൈര്‍ ആണോ ഭാര്യയാണോ കൂടുതല്‍ കഷ്ടപ്പെടുന്നത് വീടിനും കുട്ടികള്‍ക്കും വേണ്ടി . ആരാണ് അതിനു വേണ്ടി ഉറക്കം കളയുന്നത് ? കൂടുതല്‍ പ്രയാസങ്ങള്‍ അനുഭവിക്കുന്നത് ? >>>
കൂടുതൽ കഷ്ടപ്പെടുന്നത് തീർച്ചയായും അവൾ തന്നെ. പക്ഷെ അത് ആരും അടിച്ചേല്പ്പിച്ചതല്ല. വീട്ടിൽ നിന്നും 70 കിലോമീറ്റർ ദൂരെ സ്ഥലം മാറ്റത്തിനു സാധ്യതയില്ലെന്നറിഞ്ഞുകൊണ്ട് തന്നെ സ്വീകരിച്ച ജോലി. ജോലിക്ക് പോയേ പറ്റൂ എന്ന് ആരും നിർബന്ധിച്ചില്ല. തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം അവൾക്ക് വിട്ടുകൊടുത്തു.
ചുരുക്കിപ്പറയാം. മക്കൾ രണ്ടു പേരുടെ കൂടെയുമുണ്ട്. ഓരോന്നുവീതം.. വാരാന്ത്യങ്ങളിൽ മാത്രം ഒരുമിച്ച്...
(അതുകൊണ്ട് തല്ലുകൂടാൻ ആവശ്യത്തിനു സമയം കിട്ടുന്നില്ല :) )
വീട്ടിൽ എന്റെ മാതാപിതാക്കൾ ഉള്ളതുകൊണ്ട് വീടിനു വേണ്ടി അധികം കഷ്ടപ്പെടുന്നു എന്ന് പറയാൻ വയ്യ.
ഉറക്കം കൂടുതൽ കളയുന്നത് ഞാൻ തന്നെ. ഇതാ കണ്ടില്ലേ ഇപ്പോൾ സമയം 12.41am ആയി. ഞാനിവിടെ ഉറങ്ങാതെ കമ്പ്യൂട്ടറിനു മുന്നിലിരിക്കുമ്പോൾ അവൾ കൂർക്കം വലിച്ചുറങ്ങുകയാവും! :)
"കേരളത്തിലെ സ്ത്രീകള്‍ യാതൊരു പ്രശ്നങ്ങളുമില്ലാതെ സുഖവും സന്തോഷവുമായി ജീവിക്കുന്നു . ഏതു പാതി രാത്രിക്കും അവര്‍ക്ക് പുറത്തിറങ്ങി നടക്കാം. എല്ലാ വീടുകളിലും അവര്‍ സുഖവും സമാധാനവും വേണ്ടുവോളം അനുഭവിക്കുന്നു . സ്ത്രീകളെ ആക്രമിക്കുന്നതും പീഡിപ്പിക്കുന്നതും ബലാത്സംഗം ചെയ്യുന്നതും സ്ത്രീകളല്ലാതെ മറ്റാരും അല്ല. മദ്യപിച്ചു കുടുംബങ്ങളില്‍ പ്രശ്നങ്ങളുണ്ടാക്കുന്നത് സ്ത്രീകളാണ് . പാവം പുരുഷന്മാര്‍ . രാവിലെ മുതല്‍ വീട്ടിലെ പണികള്‍ മുഴുവന്‍ ചെയ്തു കുട്ടികളെയും നോക്കി കഷ്ടപ്പെടുമ്പോള്‍ സ്ത്രീകള്‍ എന്ത് ചെയ്യുന്നു . പിഞ്ചു കുട്ടികളെ പോലും സ്ത്രീകള്‍ പീഡിപ്പിച്ചു കൊല്ലുമ്പോള്‍ ഒരു തോക്കുണ്ടായിരുന്നെങ്കില്‍ എന്ന് മോഹിച്ചു പോകുന്നു. ഇനി മേലില്‍ പുരുഷന്മാരെ കുറ്റം പറയുന്നവരെ തൂക്കിക്കൊല്ലാന്‍ നിയമം കൊണ്ട് വരണം . അതാണ് വേണ്ടത് . കേരളത്തില്‍ കുടുംബം ഭരിക്കുന്നത് സ്ത്രീകള്‍ ആയതു കൊണ്ട് എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം അവര്‍ തന്നെ . " ഞാന്‍ എന്റെ അഭിപ്രായം തിരുത്തിയിരിക്കുന്നു . ആരും വരികള്‍ക്കിടയില്‍ വായിച്ചു ന്യായീകരിക്കാന്‍ കഷ്ടപ്പെടേണ്ടതില്ല .
ഇന്നലെയും രാത്രിയില്‍ പുറത്തിറങ്ങിയ ഒരു പെണ്‍കുട്ടിയെ നരാധമന്മാര്‍ തോക്ക് ചൂണ്ടി ബലാത്സംഗം ചെയ്തു.. സ്ത്രീകള്‍ക്ക് പുറത്തിറങ്ങി നടക്കാന്‍ കഴിയുന്നില്ല എന്ന് പറയുന്നത് ശരിയാണ്..
:-(
രാത്രി 12 മണി കഴിഞ്ഞായിരുന്നു സംഭവം നടന്നത്. നൈറ്റ് ക്ലബ്ബില്‍ നിന്ന് ആട്ടയും പാട്ടുമെല്ലാം കഴിഞ്ഞ് ഇറങ്ങിയ ഒരു പാവം പെണ്‍കുട്ടിയാണ് ആക്രമണത്തിനിരയായത്..
വാല്‍ക്കഷണം:-കൂട്ടം തെറ്റിയാല്‍ മാനായാലും മുയലായാലും (സ്ത്രീയും പുരുഷനും) ആക്രമിക്കപ്പെടാം.. അക്രമിയെ വെറും അക്രമിയായിത്തന്നെ കാണുക. അവരുടെ ഇനവും ജാതിയും നിറവും മതവും ഒന്നും നോക്കരുത്...
നിളച്ചേച്ചി അഭിപ്രായം തിരുത്തിയത് ശരിയായില്ല.
കാരണം,നിളച്ചേച്ചിയുടെ അഭിപ്രായത്തില് പലതിനോടും എനിക്ക് യോജിക്കാന് കഴിയുന്നുണ്ട്. യോചിക്കാതിരുന്നത് എല്ലാകാര്യങ്ങള്ക്കും പുരുഷന്മാരെമാത്രം കുറ്റപ്പെടുത്തിക്കൊണ്ടുള്ള ചില പരാമര്ശങ്ങളില് മാത്രമാണ്. ചേച്ചിയുടെ വരികിള്ക്കിടയില് അങ്ങിനെ വായിച്ചതായിട്ടോര്ക്കുന്നു.
(ചേച്ചി ചിലപ്പോള് മൊത്തമായിപറഞ്ഞതല്ലായിരിക്കാം, വായിച്ച എനിക്കോ, മറ്റുള്ളവര്ക്കോ അങ്ങിനെ തോന്നിയതാകാം)
ചില കുറ്റപ്പെടുത്തലുകള് ഉണ്ടായിട്ടുണ്ടോയെന്ന് വരികള്ക്കിടയില് തപ്പിയാല് കിട്ടിയേക്കും.
ആ പെണ്‍കുട്ടിയെ തൂക്കി കൊല്ലണം എന്നാണു എന്റെ അഭിപ്രായം ജെനിഷ് .
കാരണം പലതാണ് .
ഒന്ന് _- എത്ര അഹങ്കാരമാണ് അവള്‍ക്കു . സ്ത്രീ ശരീരം പുരുഷന് രസിക്കാനുള്ളതാണ് എന്ന് മനസിലാക്കാതെ അവള്‍ അവരെക്കൊണ്ടു തോക്ക് എടുപ്പിച്ചില്ലേ. അതാണ് ആദ്യത്തെ തെറ്റ് . പുരുഷനെ തോക്ക് വാങ്ങാനും ഉപയോഗിക്കാനും പ്രേരിപ്പിക്കരുത് . അവരുടെ ആഗ്രഹങ്ങള്‍ക്ക് വഴങ്ങുക മാത്രം ചെയ്യുക .
രണ്ടു -- രാത്രി ആണുങ്ങള്‍ക്ക് മാത്രമുള്ളതാണ് ; ക്ലുബ്ബും . അത് മനസിലാക്കാതെ പോയത് തെറ്റ്. അല്ലെങ്കില്‍ ഏതെങ്കിലും പുരുഷന്റെ തോളില്‍ കയറി മാത്രം പോകുക.
മൂന്നു -- രാത്രി പുറത്തിറങ്ങുന്ന സ്ത്രീകള്‍ക്ക് ശരീരം സംരക്ഷിക്കാന്‍ അവകാശമില്ല എന്ന് അറിയില്ല.
നാല് _- മദ്യപിച്ചെങ്കില്‍ അത് തെറ്റ്. മദ്യപിച്ചു ഖജനാവില്‍ കാശുണ്ടാക്കുക എന്നത് പുരുഷന്‍ ഏറ്റെടുത്ത വലിയ ദൌത്യമാണ് .
അതില്‍ കയ്യിടരുത് .
ഇത്രയും മതി പാവം പുരുഷന് ചീത്തപ്പേര് ഉണ്ടാക്കാന്‍ . അതിനാല്‍ കൂടുതല്‍ വിചാരണ നടത്തുന്നില്ല.
വാല്‍ക്കഷണം :-
മാനിനേയും മുയലിനെയും (സ്ത്രീയെയും പുരുഷനെയും ) ആക്രമിച്ചോട്ടെ . പക്ഷെ പാതി ജീവനോടെ ബാക്കി വക്കരുത് . തിന്നേക്കണം. മൃഗങ്ങള്‍ ആഹാരത്തിനു വേണ്ടി മാത്രമേ വെട്ടയാടൂ . മനുഷ്യന്റെ ക്രൂരതകള്‍ക്ക് ആ പാവങ്ങളെ വെറുതെ ഉദാഹരണം ആക്കേണ്ടതുണ്ടോ? കൂട്ടം തെറ്റിയാല്‍ ഒരു മാനിനേയും ഒരു ക്രൂരമൃഗവും ഉപദ്രവിച്ചു വെറുതെ വിടില്ല . കൊന്നു ജീവന്‍ കളഞ്ഞിട്ടേ തിന്നൂ . ആ മര്യാദ കാണിക്കണ്ടേ ?
ഇത് ഒരു നടക്കു പോവില്ലല്ലോ ശിവ ശിവ .
എന്താപ്പോ ചെയ്യ.
വടി എടുക്കാണ്ടി വരുമോ ? കണ്ടറിയാം . :-))
>>> ആ പെണ്‍കുട്ടിയെ തൂക്കി കൊല്ലണം എന്നാണു എന്റെ അഭിപ്രായം ജെനിഷ് .
ആണായാലും പെണ്ണായാലും അവനവന്റെ സുരക്ഷ നോക്കേണ്ടത് വളരെ നല്ലതാണ്. പാതിരാത്രി ഒറ്റയ്ക്ക് ലക്കും ലഗാനും ഇല്ലാതെ ഇറങ്ങി നടന്നാല്‍ ഇന്നത്തെ കാലത്ത് ആണുങ്ങള്‍ പോലും വീട്ടില്‍ തിരിച്ചെത്തി എന്ന് വരില്ല.
പെണ്‍കുട്ടിയെ തൂക്കി കൊല്ലാന്‍ നിള പറഞ്ഞ കാരണങ്ങള്‍ നാലും വെറും തെറ്റിദ്ധാരണയില്‍ നിന്ന് വന്നതാണ് എന്നാണ് എന്റെ അഭിപ്രായം.
അല്ലാ ആ നിള ഇങ്ങനെ മണ്ടത്തരം പറയാനും തുടങ്ങിയോ ? ഇനി പെണ്‍കുട്ട്യോള്‍ക്ക് വേണ്ടി ആര് പറയും . [-O<
പെണ്‍കുട്ടികള്‍ക്ക് വേണ്ടി ആരും പറഞ്ഞിട്ട് കാര്യമില്ല . അവര്‍ നന്നാവില്ല വിദൂഷകാ , നന്നാവില്ല.
ഈ പുരുഷന്മാരെ കഷ്ടപ്പെടുത്തി ആഘോഷിച്ചു ജീവിക്കാനാണ് അവര്‍ ഭൂമിയില്‍ അവതരിച്ചിരിക്കുന്നത്.
അതിനാല്‍ അവര്‍ക്ക് വേണ്ടി വാദിക്കാതെ ഞാന്‍ എന്റെ നല്ലപാതിയെ ബുദ്ധിമുട്ടിച്ചു കാലം കഴിക്കാന്‍ തീരുമാനിച്ചു .
ഇനി പുരുഷന്മാര്‍ക്ക് വേണ്ടി വാദിക്കും .പാവങ്ങള്‍.. പകല്‍ പോലും പുറത്തിറങ്ങാന്‍ ആവാത്ത അവസ്ഥയല്ലേ !!!
ഇനിയും ഈ തെറ്റ് കണ്ടിരിക്കാന്‍ എനിക്ക് വയ്യ.
എത്രയെന്നു കരുതി മിണ്ടാതിരിക്കും .
അഡ്മിന്‍ തെറ്റിച്ചു .ഞാന്‍ ഒന്നും മിണ്ടിയില്ല .
മൗനം വിദ്വാനു ഭൂഷണം എന്ന് കരുതി
ക്ഷമയോടെ ശരിയായി എഴുതി .
പക്ഷെ മുജീബേ നീയും.
വേണ്ടിയിരുന്നില്ല ഈ ചതി .
'തെറ്റുദ്ധാരണ'( തെറ്റുധാരണ ) എന്ന് ശരിക്കെഴുതാന്‍
പഠിക്കൂ മോനെ മുജീബേ .
വെറുതെ തെറ്റിദ്ധരിക്കല്ലേ . :-)) :-)) :-))
തെറ്റുധാരണ ആണ് ശരിയെന്നാണെന്റെ അറിവ്. തെറ്റുദ്ധാരണയും ശരിയാണോ?
>>>മൗനം വിദ്വാനു ഭൂഷണം എന്ന് കരുതി >>>
ഭാഷയിലെ ശൈലികൾ പോലും പുരുഷന്മാർക്കുവേണ്ടി മാത്രമായാൽ
പാവം പെണ്ണുങ്ങളെന്തു ചെയ്യും? :(
ഈ പുരുഷകേന്ദ്രീകൃത ശൈലികളും പ്രയോഗങ്ങളുമൊക്കെ
പൊളിച്ചെഴുതേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
ഇതൊന്നും ചോദിക്കാനും പറയാനും ഇവിടാരുമില്ലേ?
>>തെറ്റുധാരണ ആണ് ശരിയെന്നാണെന്റെ അറിവ്. >>
ഞാനും മനസ്സിലാക്കിയിരുന്നത് അങ്ങിനെത്തന്നെ.
'തെറ്റിദ്ധാരണ'യും 'തെറ്റുധാരണ'യും ശബ്ദതാരാവലിയിലുണ്ട്.
പക്ഷെ 'തെറ്റുദ്ധാരണ' കണ്ടില്ല.
നിമ്മൂ, നിള,
എന്റെ അമ്മയും ഒരു ഉദ്യോഗസ്ഥയായിരുന്നു. വീടിനടുത്തുള്ള സ്കൂളിലെ ടീച്ചര്‍. ഞാന്‍ പഠിച്ച സ്കൂള്‍.ഏതായാലും എനിക്ക് അമ്മ ജോലി കഴിഞ്ഞ് വരുന്നത് കാത്തുനില്‍ക്കേണ്ടിവന്നിട്ടില്ല . ഞാന്‍ ശ്രദ്ധിച്ചിട്ടുള്ള ഒരു കാര്യം അമ്മയ്ക്ക് ഇരുപത്തിനാലുമണിക്കൂറും ജോലിയാണെന്നതായിരുന്നു. അത്തരം ഒരു ജീവിതത്തോട് എനിക്ക് താല്പര്യം തോന്നിയില്ല. പക്ഷേ എന്റെ സഹോദരിമാര്‍ക്കാര്‍ക്കും ആ അഭിപ്രായം ഉണ്ടായിരുന്നില്ല.
വീട്ടില്‍ ധാരാളം അംഗങ്ങള്‍, കൃഷി, പണിക്കാര്‍ , പശുക്കള്‍ അങ്ങനെയങ്ങനെ അമ്മയ്ക്ക് നിലനിര്‍ത്തിക്കൊണ്ടുപോകേണ്ടിയിരുന്ന ലോകം വിപുലമായിരുന്നു. പിന്നെ എല്ലാറ്റിലും സ്വന്തം കൈ ചെന്നാലേ ശരിയാകൂ എന്ന വിശ്വാസവും. ഇന്ന് ഒരു വീട്ടമ്മയ്ക്ക് ലഭിക്കുന്ന ലോകം അത്ര വിപുലമല്ല. അതുകൊണ്ടാണ് കുട്ടികള്‍ വലുതായ ശേഷം ജോലിക്ക് പോകുന്നത് നല്ലതാണെന്ന് എനിക്ക് തോന്നിത്തുടങ്ങിയത്.
ഈ നൈറ്റ് ക്ലബുകളുടെ ആവശ്യമെന്ത്? അതുപോലെ സെക്കന്റ് ഷോകളുടെയും? ഷിഫ്റ്റ് ജോലിക്കാര്‍ ഒഴികെ ബാക്കിയെല്ലാവരും രാത്രി 12 മണിക്ക് വീട്ടില്‍ കിടന്നുറങ്ങുന്നതല്ലേ അഭികാമ്യം? അതല്ലേ ആരോഗ്യത്തിനും നല്ലത്.
ഇന്നത്തെ സാഹചര്യത്തില്‍ രാത്രി വൈകിയ വേളയില്‍ ഒറ്റയ്ക്ക് പുറത്തിറങ്ങി സഞ്ചരിക്കുന്നത് ഒഴിവാക്കുന്നതു തന്നെയാണ് നല്ലത്. പിടിച്ചുപറിയും ആക്രമണവും ആര്‍ക്കും നേരിടേണ്ടിവന്നേക്കാം.
രാത്രിയിലും പുരുഷന്മാരെപ്പോലെ സഞ്ചരിക്കാന്‍ കഴിയുന്ന ഒരു വ്യവസ്ഥിതി ആദ്യമുണ്ടാക്കിയിട്ടേ അത്തരം സഞ്ചാരം നടത്താവൂ. ഇല്ലെങ്കില്‍ നഷ്ടം അവനവനുതന്നെ.
മദ്യപാനം ആര്‍ക്കായാലും നല്ലതല്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു. മറ്റുപല സ്ത്രീകളും അങ്ങനെ വിശ്വസിക്കുന്നില്ല എന്ന് എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അവര്‍ അത്രയും അതിനോട് പൊരുത്തപ്പെട്ടിരിക്കുന്നു.
മദ്യപിച്ച് ഭാര്യയെ ദേഹോപദ്രവം ഏല്പിക്കുന്നത് സമൂഹത്തിന്റെ താഴേക്കിടയില്‍ പെട്ടവരുടെ ഒരു വിനോദമാണെന്ന് എനിക്ക് നേരത്തെ അറിയാമായിരുന്നു. അതങ്ങനെയല്ലെന്ന് പിന്നീട് മനസ്സിലാക്കാന്‍ കഴിഞ്ഞു.
കുറെ മുമ്പാണ് ഭര്‍ത്താവ് ( B.Tech ആണ്) മദ്യപിച്ചും അല്ലാതെയും തന്നെ തല്ലുന്നവനാണെന്ന് ഒരു ഭാര്യ എന്നോട് പറഞ്ഞത്. ഞാന്‍ അദ്ഭുതപ്പെട്ടുപോയി. ഏറ്റവും രസം ആ സ്ത്രീയുടെ വിചാരം എല്ലാ വീടുകളിലും ഇങ്ങനെയാണെന്നായിരുന്നു. അങ്ങനെയല്ല എന്നു പറഞ്ഞപ്പോള്‍ അവര്‍ക്കായിരുന്നു അദ്ഭുതം. ഒരു ഡിഗ്രിക്കാരന്റെ ഭാര്യയും ഇതു പോലെ എന്നോട് പറയുകയുണ്ടായിട്ടുണ്ട്.
കുറച്ച് മുമ്പ് നടന്ന ഒരു സംഭവം.
എന്റെ വീടിനടുത്തുള്ള ഒരു കുടുംബം. കൂലിപ്പണിക്ക് പോകുന്നവര്‍. കുട്ടികള്‍ ആറേഴു പേരുണ്ട്. വൈകീട്ട് കള്ളുകുടിച്ച് വന്ന് ഭാര്യയെയും മക്കളെയും തല്ലുന്നത് ഗൃഹനാഥന്റെ സ്ഥിരം വിനോദം. അവസാനം സഹികെട്ടപ്പോള്‍ ഭാര്യ തിരിച്ചും കൊടുത്തു നാലെണ്ണം. അതോടെ അയാള്‍ അടി നിര്‍ത്തി, കുടി നിര്‍ത്തിയില്ലെങ്കിലും.
എങ്ങനെയാണ് വേണ്ടത് മുജീബ്? കയ്യടിയും കമന്റടിയും നിര്‍ത്തലോ?
ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്‌വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )