രണ്ടനുഭവകഥകള്‍
1. പരിസരം - വൈക്കം മഹാദേവക്ഷേത്രം. സമയം വൈകുന്നേരം ഒരു നാലരമണിയായിക്കാണും. 12 വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന വടക്കുപുറത്തുപാട്ടും സഹസ്രനാമാര്‍ച്ചനയും കാണാന്‍ എത്തിയതാണ് ഞങ്ങള്‍ - ഞാന്‍, കളത്രം, അച്ഛന്‍, അമ്മ, പുത്രന്‍ and അനന്തരവള്‍. കളം കണ്ട് താലപ്പൊലി വരാന്‍ കാത്തിരിക്കുന്നു. ദാഹിച്ചപ്പോള്‍ അല്പം വെള്ളം കുടിക്കാന്‍ പടിഞ്ഞാറേ നടയിലേക്കിറങ്ങാന്‍ ഞാന്‍ തീരുമാനിച്ചു. അച്ഛനും ഗംഗയും അഭിനവും കൂടെയിറങ്ങി.(അമ്മയും കളത്രവും വന്നില്ല അവര്‍ മതില്‍ക്കെട്ടിനകത്തു തന്നെയുള്ള ആലിന്‍ ചുവട്ടിലെ തണലിലിരുന്നു). പടിഞ്ഞാറെ നടയില്‍ ഇറങ്ങുമ്പോള്‍ തന്നെ വലത്തുവശത്തു കാണുന്ന ഹോട്ടലില്‍ നിന്നും ചായയും, വടയും പഴംപൊരിയും കഴിച്ചു. ഞങ്ങള്‍ ഇറങ്ങുമ്പോഴേക്കും അച്ഛന്‍ അതിനടുത്ത കടയില്‍ നിന്നും ഒരു കുപ്പി വെള്ളവും വാങ്ങിയെത്തി (പതിനഞ്ചു രൂപ). അപ്പോള്‍ അഭിനവിന് ജെംസും വേണം. (സാധാരണയായി നിഷേധിക്കപ്പെടുന്ന ഇത്തരം എല്ലാ ആവശ്യങ്ങളും നാട്ടിലെത്തിക്കഴിഞ്ഞാല്‍ അപ്പൂപ്പന്മാരുമാരുടേയും അമ്മൂമ്മമാരുടേയും പിന്തുണയില്‍ അവന്‍ നേടിയെടുക്കാറാണ് പതിവ്). വാങ്ങാനായി ബാക്കി കിട്ടിയ അഞ്ചു രൂപയുമായി ഞാന്‍ വീണ്ടും അതേ കടയിലേക്ക്. (അപ്പൂപ്പനും കൊച്ചുമോനും കൂടി പോയാല്‍ ആ കട മുഴുവന്‍ ചിലപ്പോള്‍ വാങ്ങിച്ചെന്നു വരും.) ജെംസിന്റെ അഞ്ചുരൂപയുടെ പാക്കറ്റ് മേടിച്ച് നോട്ട് കൊടുത്തപ്പോള്‍ ഈ നോട്ട് ഇവിടെ എടുക്കില്ലെന്ന് കടക്കാരി. നോക്കിയപ്പോള്‍ അതിന്റെ സില്‍വര്‍ ലൈന്‍ (thread) ആരോ അതിനു മുമ്പേ കലാപരമായി പറിച്ചു മാറ്റിയിരുന്നു. ആ നോട്ട് ഇവിടെ നിന്നു തന്നെ തന്നതാണെന്നു ഞാന്‍. ചേച്ചി അമ്പിനും വില്ലിനും അടുക്കുന്നില്ല. താന്‍ അത്തരം നോട്ടുകള്‍ എടുക്കാറും കൊടുക്കാറുമില്ലെന്നായി അവര്‍. തന്റെ കണ്ണിന് കാഴ്ചക്കുറവില്ലെന്നു വരെ അവര്‍ പറഞ്ഞു. അപ്പോള്‍ എന്റെ ഭാഗ്യത്തിന് അച്ഛന്‍ എന്നെ കാണാതെ അവിടെയെത്തി. ബഹളം കേട്ട് കടയ്ക്കകത്തു നിന്ന് അവരുടെ മകനും (ആണെന്നു തോന്നുന്നു - ഒരു 13-14 വയസ്സ് വരും). അവസാനം അച്ഛന്റെ കയ്യില്‍ നിന്നും 20 രൂപ വാങ്ങി അഞ്ചു രൂപ ബാക്കി കോടുത്തത് മകന്‍ സമ്മതിച്ചു. അവസാനം എല്ലാം കോമ്പ്ലിമെന്റ്സ് ആയെങ്കിലും കണ്ണ് ഒന്നു ടെസ്റ്റ് ചെയ്യിക്കുന്നത് നല്ലതായിരിക്കും എന്ന് അവര്‍ കേള്‍ക്കെ പിറുപിറുത്ത് ഞാന്‍ എന്റെ കലിപ്പവസാനിപ്പിച്ചു.
2. വേറൊരു ദിവസം വൈകുന്നേരം. കോട്ടയം KSRTC സ്റ്റാന്റില്‍ നിന്നും അടൂര്‍ ഫാസ്റ്റ് പിടിച്ച് ഞാന്‍ ചങ്ങനാശേരിക്ക് പോകുന്നു. fare 16 രൂപ. 20 രൂപ കൊടുത്തപ്പോള്‍ പതിവു പോലെ കണ്ടക്റ്റര്‍ ഒരു രൂപ ചോദിച്ചു. ഇല്ല എന്നു പറഞ്ഞപ്പോള്‍ 2 രൂപ ഉണ്ടോ എന്നായി. അതുണ്ടായിരുന്നു. കൊടുത്തു. ബാക്കി ഒരു 5 രൂപ നാണയവും രണ്ട് 50 പൈസ നാണയവും കിട്ടി (കണക്ക് കൂട്ടാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്കായി 22-5-1=16). ഒരു നാണയം 50 പൈസയാണ് എന്നു പറയണമെങ്കില്‍ പ്രശ്നം വെക്കണം. ആരോ തല്ലിച്ചതച്ച ഒരു സംഭവം. രണ്ടു വശത്തും ഒന്നും കാണാന്‍ വയ്യ. നാണയമാണോ എന്നു പോലും സംശയം. അപ്പോള്‍ തന്നെ തിരിച്ചു കൊടുത്തു. വണ്ടി കേറിയതായിരിക്കുമെന്ന് കണ്ടക്റ്റര്‍. ആയിക്കോട്ടെ എന്നു ഞാനും. പക്ഷെ എനിക്കു വേണ്ട. ഇതു പോലെ ഒരു നാണയം ഞാന്‍ അങ്ങോട്ടു തന്നാല്‍ എടുക്കുമോ എന്നു ഞാന്‍. തീര്‍ച്ചയായും എന്ന് അദ്ദേഹം (പിന്നെ, നമ്മളാദ്യമായല്ലേ ബസില്‍ കയറുന്നത്). സന്തോഷം. എന്നാല്‍ ഈ രണ്ടമ്പതു പൈസയുമെടുത്ത് ഒരു രൂപ തിരികെത്തരൂ എന്നു ഞാന്‍. കാരണ്മ്: ഞാന്‍ നല്ല കറന്‍സിയെ സ്വീകരിക്കൂ. ഒരു രൂക്ഷമായ നോട്ടവും ഒരു രൂപ തുട്ടും തിരികെ കിട്ടി. ഞാന്‍ ഹാപ്പി
ഗുണപാഠം: എപ്പോഴും കയ്യില്‍ കിട്ടുന്ന നോട്ടുകള്‍ നല്ലതാണോ എന്നു ശ്രദ്ധിക്കുക. മോശം നോട്ടുകള്‍ എങ്ങനെയെങ്കിലും മറ്റുള്ളവരുടെ തലയില്‍ കെട്ടി വെയ്ക്കാന്‍ എല്ലാവരും ശ്രമിക്കും. ഞാനുള്‍പ്പെടെ. കയ്യില്‍ കിട്ടിയ മോശം നോട്ട് ചിലവാക്കുന്നത് കള്ളനോട്ട് ചിലവാക്കുന്നതിനേക്കാള്‍ പ്രയാസമാണ് :-).
എന്താണ് നോവലും നീണ്ടകഥയും നോവലൈറ്റും തമ്മിലുള്ള വ്യത്യാസം. പല നോവലുകളും (പ്രമുഖരുടേതുള്‍പ്പെടെ) വായിക്കുമ്പോള്‍ ഉണ്ടാകുന്ന ഒരു സംശയമാണിത്. ഒരു ചെറുകഥ നീണ്ടകഥയോ നോവലൈറ്റോ (എന്നു വര്‍ണ്യത്തിലാശങ്ക) എന്ന സംശയിക്കത്ത രൂപത്തില്‍ 5-6 അധ്യായത്തിലാക്കിയെഴുതിയാല്‍ നോവലാകുമോ?
wiki:
"എല്ലാവര്‍ക്കും സ്വീകാര്യമായ ഒരു നിര്‍വചനം നോവലിന്റെ കാര്യത്തിലില്ലെങ്കിലും പ്രമേയം, കഥാപാത്രങ്ങള്‍, സംഭാഷണം, പ്രവൃത്തി നട...ക്കുന്ന സ്ഥലകാലങ്ങള്‍, പ്രതിപാദനശൈലി, കഥയില്‍ അന്തര്‍ഭവിച്ചിരിക്കുന്ന ജീവിതദര്‍ശനം എന്നിവ നോവലിന്റെ പ്രധാന ഘടകങ്ങളാണ്.
ചെറുകഥയും നോവലും തമ്മില്‍ ചെറുതും വലുതും എന്ന വ്യത്യാസമല്ല മുഖ്യം. ചെറുകഥയില്‍ കഥയ്ക്ക് പകരം സ്ഥിതിവിശേഷത്തിന്റെ വര്‍ണനം മാത്രമായാലും മതി. എന്നാല്‍ നോവലില്‍ ഉള്‍ക്കനമുള്ള ഒരു കഥ ഉണ്ടായിരിക്കണം. മനുഷ്യശരീരത്തോടു നോവലിനെ ഉപമിക്കാറുണ്ട്. നട്ടെല്ലു നോവലിലെ കഥയും നട്ടെല്ലിനോടു ബന്ധപ്പെട്ടിരിക്കുന്ന അസ്ഥികൂടവും അവയവങ്ങളും കഥാപാത്രങ്ങളുമാണ്. കഥാപാത്രങ്ങളുടെ അനുഭവങ്ങളും അനുഭൂതികളും ചിന്തകളും വികാരങ്ങളും ആശകളും നിരാശകളും മജ്ജയായും മാംസമായും ഗണിക്കുന്നു. മനുഷ്യശരീരത്തിലൂടെ ഒഴുകുന്ന രക്തം, നോവലിന്റെ ജീവനും ചൈതന്യവുമാണ്. ഇവയെല്ലാം ചേര്‍ന്നുണ്ടാകുന്ന രൂപശില്പത്തിനും അതില്‍ ഉള്‍ക്കൊണ്ടിരിക്കുന്ന ഭാവസത്തയ്ക്കും അനുവാചകരെ രസിപ്പിക്കാനും തൃപ്തിപ്പെടുത്താനും സാംസ്‌കാരികമായ പുതുവെളിച്ചം നല്‍കാനും കഴിയുമെങ്കില്‍ അത് നോവലാകുന്നു"
അങ്ങനെ നോക്കുമ്പോള്‍ എത്ര മലയാള നോവലുകള്‍ ശരിക്കും 'നോവലുകള്‍' ആണ്?
DC Books - പി സുരേന്ദ്രന്റെ 5 നോവലുകള്‍ ഒരു സമാഹാരത്തില്‍ ഉള്‍പ്പെടുത്തി പുറത്തിറക്കിയിരിക്കുന്നു. ആദ്യ 'നോവല്‍' 'മഹായാനം' മാത്രമേ വായിക്കാന്‍ സാധിച്ചുള്ളു. 42 പേജില്‍ ഒരു നോവലൈറ്റ്/നീണ്ടകഥ എന്നു മാത്രമേ എനിക്കു പറയാന്‍ കഴിയൂ. ആദ്യ അധ്യായത്തില്‍ മാത്രം ഒരു നോവലിന്റെ ലക്ഷണങ്ങള്‍ കാണാം. പിന്നെ അതുമില്ല.
(മഹായാനം അദ്ദേഹത്തിന്റെ ആദ്യ 'നോവല്‍' ആണെന്നു തോന്നുന്നു. ബാക്കിയുള്ളവ എങ്ങനെയുണ്ടോ എന്തോ).
പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ ഒരേ കഥ രണ്ട് പ്രസാധകര്‍ തങ്ങളുടെ സമാഹാരങ്ങളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഒരേകഥ രണ്ട് പ്രസാധകര്‍ക്ക് കൊടുത്ത് രണ്ട് പേരുടെ കയ്യില്‍ നിന്നും പൈസ വാങ്ങുന്നത് നല്ല ഏര്‍പ്പാടാണോ? രണ്ട് പുസ്തകവും വാങ്ങി വായിക്കുന്ന അനുവാചകന്റെ കാര്യമോ?
യാദൃശ്ചികം അല്ലെന്നുള്ളതിന് തെളിവാണ് രണ്ടു കഥയ്ക്കും രണ്ടു പുസ്തകത്തില്‍ രണ്ട് പേരിട്ടിരിക്കുന്നത്.
1. പുസ്തകം "പ്രണയ കഥകള്‍" Mathrubhoomi Books - First Published 2010 കഥയുടെ പേര് "പൂക്കാത്ത കടുകു പാടങ്ങള്‍"
2. പുസ്തകം 'സൈക്കിള്‍ സവാരി' - DC Books - കഥയുടെ പേര് 'പരിഗ്രഹീത' First published January 2011
മണിയന്‍ പിള്ള എന്ന കുപ്രസിദ്ധതസ്കരന്റെ വ്യത്യസ്ഥമായ 'ആത്മകഥ' വായിച്ചു. നമുക്കപരിചിതമായ ഒരു ലോകം .... ചെയ്യുന്ന കള്ളങ്ങള്‍ പിടിക്കപ്പെടാത്തതിനാല്‍ നമ്മള്‍ കള്ളന്മാര്‍ എന്നു വിളിക്കുന്ന ഒരു സമൂഹത്തിന്റെ വേദനകള്‍ അതില്‍ കാണാം. ഉന്നതസ്ഥാനത്തിരിക്കുന്നതിനാല്‍ മാതം കള്ളന്മാര്‍ എന്നു വിളിക്കപ്പെടാത്ത ഒരു കൂട്ടം ആള്‍ക്കാരേക്കാള്‍ എത്രയോ നല്ലവരായ വെറും കള്ളന്മാര്‍.
മനോരമ sr. sub editor ആയ ഇന്ദുഗോപനാണ് മണിയന്‍ പിള്ളയോടൊപ്പം ഈ വ്യത്യസ്ഥസംരംഭത്തിനു പിന്നില്‍.
second thoughts
500 ലധികം പേജുകള്‍ ഈ പുസ്തകത്തിനുണ്ട്. പൈങ്കിളി എന്നു പറയാവുന്ന ഒരു ശൈലി കടന്നു കയറിയിട്ടുണ്ട് എന്ന് പറയാതെ വയ്യ. സംഭവങ്ങള്‍ക്ക് അടുക്കും ചിട്ടയും അല്പം കുറവുമാണ്. പല സംഭവങ്ങളും വീണ്ടും പ്രത്യക്ഷപ്പെടുന്നുണ്ട്. ഒരു നല്ല എഡിറ്റിംഗ് നടത്തിയിരുന്നെങ്കില്‍ അല്പം കൂടി ഒതുക്കം കിട്ടുമായിരുന്നു. ഒരു മുന്നൂറു പേജില്‍ ഒതുക്കാമായിരുന്ന പുസ്തകം.
ഡ്രൈവിംഗ് ലൈസൻസ്
ഈ കഥ നടക്കുന്നത് സൗദി അറേബ്യയിലാണ്. വ്യക്തമായി പറഞ്ഞാൽ, ഞാൻ ജോലി നോക്കുന്ന കമ്പനിയിൽ. ഇതിലെ കഥാപാത്രങ്ങൾക്ക് ജീവിച്ചിരിക്കുന്നവരുമായി ബന്ധം ഉണ്ടാകാമെങ്കിലും എല്ലാവരും പറയുന്നതുപോലെ ഈ കഥയിലെ കഥാപാത്രങ്ങൾക്ക് ജീവിച്ചിരിക്കുന്നതോ ജീവനുണ്ടെന്ന് തോന്നാത്തതോ ആയ ആരുമായും ഒരു ബന്ധവുമില്ലെന്ന് ഞാൻ ഊന്നി ഊന്നി പറയുകയാണ്.
ഇത് രംഗനാഥന്റെ കഥയാണ്. മുല്ലപ്പെരിയാറിൽ നിന്നും ജലം ഊറ്റുന്നവന്മാരിൽ ഒരുവൻ. ഞങ്ങളുടെ ഡിപ്പാർട്ടുമെന്റിലെ പുതുമുഖമാണ് ഇദ്ദേഹം. താൻ ചെയ്തുകൊണ്ടിരിക്കുന്ന തെറ്റ് മറ്റൊരുത്തൻ ചെയ്യുന്നതു കണ്ടാൽ അയാളെ വിമർശിക്കാൻ മുന്നിൽ രംഗനുണ്ടാവും. ഇങ്ങനെ പല പ്രത്യേക സ്വഭാവത്തിനുടമയാണെങ്കിലും ഏറ്റവും പ്രധാനപ്പെട്ടത് ഇതൊന്നുമല്ല. ആര് എന്ത് ചോദിച്ചാലും അറിയില്ല എന്ന് പറയാനറിയില്ല നമ്മുടെ രംഗന്. നിനക്ക് ഹെലിക്കോപ്റ്ററോടിക്കാൻ അറിയാമോടാ എന്ന് ചോദിച്ചാൽ ഇന്നലെ വൈകിട്ട് രണ്ട് റൗണ്ടേ ഓടിക്കാൻ പറ്റിയുള്ളൂ എന്ന് പറയുന്ന ടൈപ്പ്.
ഇങ്ങനെയിരിക്കെ ഒരു ദിവസം ഞങ്ങളുടെ മാനേജർ ഒരു മീറ്റിംഗ് വിളിച്ചു കൂട്ടി. എല്ലാവരും ആകാംശയോടെ ചെന്നിരുന്നു. ദൈവമേ, വല്ല പ്രമോഷനോ ഇംഗ്രിമെന്റോ ആയിരിക്കണേ.. അതും എനിക്കു തന്നെ ആയിരിക്കണേ.. എന്ന് പ്രാർത്ഥിച്ചുകൊണ്ട് ഞാനും മീറ്റിംഗിനെത്തി. കാര്യം നിസ്സാരം, ഡിപ്പാർട്ടുമെന്റിലേക്ക് പുതിയൊരു കാറിന് അപ്രൂവൽ കിട്ടിയിരിക്കുന്നു. പക്ഷേ ഓടിക്കാൻ ഒരാൾ വേണം. ആൾക്കാരെയും സാധനസാമഗ്രികളും പല സ്ഥലങ്ങളിൽ എത്തിക്കുന്ന അധിക ചുമതലയും കിട്ടും. അതിന് ആരെങ്കിലും ഒരാൾ സൗദി ലൈസൻസ് എടുക്കണം. ആര് വേണമെന്ന് തീരുമാനിക്കാനാണ് മീറ്റിംഗ്. വണ്ടിയോടിക്കാൻ അറിയാവുന്നവരാരെങ്കിലും ഉണ്ടോയെന്ന മാനേജറുടെ ചോദ്യത്തിന് ആരും കേട്ട ഭാവം ഇല്ല. മിക്കവർക്കും നാട്ടിലെ ലൈസൻസ് ഉണ്ട്, വണ്ടിയോടിക്കാനും അറിയാം. പക്ഷേ, പണികിട്ടിയാലോ എന്നൊരു സംശയം. ഞാൻ ചുറ്റും ഒന്ന് കണ്ണോടിച്ചു. എല്ലാവരും തലകുനിച്ചിരിക്കുന്നു. എന്നാൽ ഒരുത്തൻ മാത്രം രണ്ട് കയ്യും പൊക്കിപ്പിടിച്ചിരിക്കുന്നു. ആരായിരിക്കും എന്ന് പറയേണ്ടതില്ലല്ലോ! നമ്മുടെ രംഗനാഥൻ തന്നെ. മാനേജർക്ക് സന്തോഷമായി. അഭിനന്ദനങ്ങളും കൂടെ ലൈസൻസ് എടുക്കുന്നതിനുള്ള നിർദ്ദേശങ്ങളും നൽകി മീറ്റിംഗ് അവസാനിപ്പിച്ചു.
നമ്മുടെ കഥാപാത്രത്തിന്റെ സ്വഭാവം നല്ലതുപോലെ അറിയാമായിരുന്നതുകൊണ്ട് ഞങ്ങളെല്ലാം ചുറ്റും കൂടി.
“നിനക്ക് വണ്ടിയോടിക്കാൻ അറിയാമോടേ?” കൂട്ടത്തിലൊരുത്തന്റെ ചോദ്യം.
“പിന്നേ, എന്റെ രണ്ടാമത്തെ അമ്മാവന്റെ ജീപ്പും കാറുമൊക്കെ ഞാനല്ലേ ഓടിച്ചിരുന്നത്.” രംഗനാഥന്റെ മറുപടി.
“ശരിക്കും? പുളു അടിക്കാതെ ഏതെങ്കിലുമൊന്ന് കുറയ്ക്കടേ!“ എന്ന് ഞാൻ.
“എനിക്ക് കാറോടിക്കാൻ അറിയാം.
രംഗനാഥൻ ജീപ്പിനെ വിട്ടു. വീണ്ടും ഒന്നുകൂടി സമ്മർദ്ദം ചെലുത്തിയപ്പോൾ കാറ് ടൂവീലറായി. ഈ ടൂവീലർ എന്ന് പറഞ്ഞത് സൈക്കിളാണെന്ന് കുറച്ചു കഴിഞ്ഞപ്പോൾ ഞങ്ങൾക്ക് മനസ്സിലായി. ഇനിയും ചോദിച്ചാൽ സൈക്കിളിന്റെ ഒരു വീലു കൂടി ആശാൻ ഊരിയാലോ എന്നുകരുതി ഞങ്ങൾ ചോദ്യം ചെയ്യൽ അവസാനിപ്പിച്ചു. ഒരു വാഹനവും ഇന്നേവരെ ഓടിച്ചിട്ടില്ലാത്ത രംഗനാഥനാണ് ഒരാഴ്ച കൊണ്ട് ലൈസൻസ് എടുക്കാൻ പോകുന്നത് എന്നു ചുരുക്കം.
സൗദിയിൽ ലൈസൻസ് കിട്ടാൻ പ്രയാസമാണ്. ഡ്രൈവിംഗ് സ്കൂളിൽ ചേർന്ന് പഠിക്കണം. പുറത്ത് പഠിക്കാൻ അനുവാദമില്ല. അതുകൊണ്ടുതന്നെ ഡ്രൈവിംഗ് സ്കൂളുകളിലെല്ലാം ആയിരക്കണക്കിന് ആൾക്കാരാണ് ലൈസൻസിനായി എത്തുന്നത്. ഇനി അവരെയെല്ലാം മറികടന്ന് അകത്തു കടന്നാലോ, അഞ്ചു ദിവസം വെറും രണ്ട് മിനിട്ട് വീതം മാത്രമാണ് വണ്ടി ഓടിക്കാൻ കിട്ടുക. അതിനിടയ്ക്ക് പഠിച്ചു തീർക്കണം. ഡ്രൈവിംഗ് ലൈസൻസ് എടുക്കാൻ പറഞ്ഞതിന്റെ അന്നുതന്നെ രംഗനാഥൻ കമ്പനിയിലെ ഒരു ഡ്രൈവറെ ചാക്കിട്ടു. 50 റിയാൽ ഓഫറും കൊടുത്തു. എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ കുറച്ചു സമയം ഡ്രൈവിംഗ് പഠിപ്പിക്കണം. അങ്ങനെ പഠിത്തം തുടങ്ങി. താമസസ്ഥലത്തിനടുത്ത് വാഹനങ്ങൾ വിരളമായ റോഡിലാണ് പ്രകടനം. ജീവതത്തിൽ ഇന്നേവരെ ഒരു സൈക്കിൾ പോലും കൈ കൊണ്ട് തൊട്ടുകാണില്ല ഇവൻ എന്നാണ് രംഗനാഥനെക്കുറിച്ച് ഗുരുവിന്റെ അഭിപ്രായം.
ഇങ്ങനെ രണ്ടു മൂന്ന് ദിവസം കഴിഞ്ഞുപോയി. ഒരു ദിവസം പതിവുപോലെ രണ്ടും കൂടി ഡ്രൈവിംഗ് പഠിക്കാനിറങ്ങി. നിർഭാഗ്യവശാൽ ചെന്നുപെട്ടത് ഒരു പോലീസ് വാഹനത്തിനു മുന്നിൽ. വണ്ടിയുടെ വരവ് കണ്ടപ്പോഴേ പോലീസുകാരന് പന്തികേടു തോന്നി. രണ്ടിനേയും പിടിച്ചു. ലൈസൻസില്ലാത്ത രംഗനാഥനെ പോലീസ് വാഹനത്തിൽ കയറ്റി. ഡ്രൈവറോട് വണ്ടിയുമായി പുറകെ വരാൻ പറഞ്ഞു. ഡ്രൈവർ ആകെ അങ്കലാപ്പിലായി. കൈലിയും ബനിയനുമാണ് വേഷം. ഇടികൊള്ളുമ്പോൾ പൊഴിയുന്നത് തടയാൻ പോലും ഒന്നുമില്ല. എന്തു ചെയ്യും? ആലോചിച്ചു നിന്നിട്ട് കാര്യമില്ല! എന്തെങ്കിലും ചെയ്തേ പറ്റൂ. താമസസ്ഥലത്തിന് സമീപത്തുകൂടിയാണ് പോകുന്നത്. ഡ്രൈവർ വണ്ടി തിരിച്ച് ക്യാമ്പിലേക്ക് കയറ്റി. ഓടി റൂമിൽ കയറി ഡ്രസ്സ് മാറാൻ തുടങ്ങി.
കുറച്ചു കഴിഞ്ഞാണ് പോലീസുകാരൻ അത് ശ്രദ്ധിച്ചത്. പുറകിൽ വണ്ടിയില്ല. അയാൾ വണ്ടി നിർത്തി ചാടി പുറത്തിറങ്ങി. രംഗനാഥനെ തൂക്കിയെടുത്ത് പുറത്തിട്ടു. എന്തെങ്കിലും പറയുന്നതിനു മുൻപ് ഒരടി പറ്റിച്ചു. അണ്ണന്റെ കണ്ണീന്ന് പൊന്നീച്ചയും തേനീച്ചയും ഒന്നിച്ചു പുറത്തുചാടി. അടുത്തതു കിട്ടുന്നതിനു മുൻപ് ഡ്രൈവർ ക്യാമ്പിൽ പോയിരിക്കുമെന്ന് ഒരുവിധം പറഞ്ഞൊപ്പിച്ചു. രണ്ടുപേരും നേരെ ക്യാമ്പിലേക്ക്. അപ്പോഴാണ് നമ്മുടെ ഡ്രൈവർ പുത്തനുടുപ്പുമിട്ട് ഫെയർ ആന്റ് ലൗലിയും തേച്ച് പുറത്തിറങ്ങിയത്. കിട്ടിയപാടെ ഡ്രൈവർക്കും കൊടുത്തൊരടി. മൂന്നുദിവസം രണ്ടും അകത്ത്. അതോടെ ഇനി മേലിൽ കാറ് പോയിട്ട് സൈക്കിളുപോലും ഓടിക്കില്ലെന്ന് രംഗണ്ണനും ഇനി ഒരിക്കലും ഒരുത്തനേയും ഡ്രൈവിംഗ് പഠിപ്പിക്കില്ലെന്ന് ഗുരുജിയും തീരുമാനിച്ചു.
ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്‌വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )