ജെനീഷിലെ കഥാകാരന്‍ പതുക്കെ ഉണരുന്നുണ്ടല്ലോ? സംഭവകഥകള്‍ മാത്രം പറയാതെ അല്പം ഭാവനയും കൂടി ഉപയോഗിച്ചു കൂടെ?
ഈ പറഞ്ഞതിൽ പകുതിയും ഭാവന തന്നെയല്ലേ?
ഒരാഴ്ച കഴിഞ്ഞപ്പോള്‍ യാസിര്‍ വീണ്ടും പഴയപടി താമസിച്ച് വരവ് തുടങ്ങി. ഭാര്യയെ തിരിച്ചു വിളിച്ചുകൊണ്ട് വന്നു എന്ന് ഞങ്ങള്‍ ഉറപ്പിച്ചു. അങ്ങനെയിരിക്കെ ഒരു ദിവസം യാസിര്‍ എന്നോട് പറഞ്ഞു. അത്യാവശ്യമായി ഒരാഴ്ച അവധി വേണം. ഒന്നാമതേ വരുന്നത് താമസിച്ച്. അതിന്റെ കൂടെ ചില ദിവസങ്ങളില്‍ വരവും ഇല്ല. എന്നിട്ടിപ്പോ അവധി വേണം പോലും.
“നിനക്കിപ്പോ എന്തിനാണ് അവധി?“ ഞാന്‍ ചോദിച്ചു.
“ഞാന്‍ ഇന്നലെ ഡോക്ടറെ കണ്ടിരുന്നു. അയാള്‍ പറഞ്ഞു.”
“എന്ത്? അവധിയെടുക്കാനോ?”
“അല്ല. ഭാര്യയുടെ കൂടെ കഴിയണമെന്ന്.”
“നീ അതിന് ഭാര്യയോടൊത്തല്ലേ കഴിയുന്നത്.”
“അത്രയും പോരെന്നാ പറഞ്ഞത്!”
എനിക്ക് കാര്യം മനസ്സിലായി. “അവധി എടുക്കുന്നത് കൊള്ളാം, പക്ഷേ മൊത്തം സമയവും കിടന്നുറങ്ങിയാല്‍ ഒന്നും നടക്കില്ല.”
അവധിക്ക് ശേഷം തിരിച്ചെത്തിയപ്പോഴും യാസിര്‍ പഴയപടി തുടര്‍ന്നു. ഇതോടെ ബോസ് അവനെ പൂര്‍ണ്ണമായി കൈവിട്ടു. പ്രതീക്ഷിച്ചതുപോലെ കമ്പനിയുടെ എച്ച്.ആര്‍ മാനേജര്‍ അവനെ വിളിപ്പിച്ചു. തിരിച്ചെത്തിയപ്പോള്‍ അവന്‍ ഞങ്ങളോട് പറഞ്ഞു.
“എന്റെ ഈ വര്‍ഷത്തെ അവധിയെല്ലാം കമ്പനി റദ്ദാക്കി. അടുത്തവര്‍ഷത്തെ അവധിയില്‍ 15 ദിവസം റദ്ദാക്കിയിരിക്കുന്നു. ഇനി ഒരു ദിവസം വന്നില്ലെങ്കില്‍ എന്നെ അവര്‍ പിരിച്ചുവിടും.”
കളി കാര്യമായി. എല്ലാവര്‍ക്കും വിഷമമായി. ആര്‍ക്കും ഒന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥ.
അടുത്ത ദിവസം യാസിര്‍ വന്നില്ല. അതിനടുത്ത ദിവസം അവന്‍ എത്തിയപ്പോള്‍ ഹെഡ് ഓഫീസിലേക്ക് അവനെ വിളിപ്പിച്ചു. കമ്പനി അവനെ പിരിച്ചുവിട്ടതായി അറിയിച്ചു. തിരിച്ചെത്തിയപ്പോള്‍ ഞാന്‍ ചോദിച്ചു.
“നിനക്ക് വേറെ എവിടെയെങ്കിലും പണി കിട്ടിയോ?”
“ഇല്ല.”
“പിന്നെ നീ എങ്ങനെ ജീവിക്കും. ഇത് വേണമായിരുന്നോ?”
“എനിക്ക് ഒരുപാട് പ്രശ്നങ്ങളുണ്ട്. വീട്ടിലെ പ്രശ്നങ്ങളും ചിലവുകളും താങ്ങാവുന്നതിലും അപ്പുറം. കല്യാണത്തിന്റെ കടങ്ങളൊന്നും തീര്‍ന്നിട്ടില്ല. ജോലിയുള്ളതുകൊണ്ട് കടക്കാര്‍ പൈസ തിരിച്ച് ചോദിച്ചുകൊണ്ടേയിരിക്കുന്നു. ഇനിയിപ്പോള്‍ ജോലിയില്ലല്ലോ എന്ന കാരണം പറയാം. ഒരു വലിയ വ്യവസായം തുടങ്ങാനായി ഞാന്‍ ബാങ്കില്‍ നിന്നും കടം എടുക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. അത് കിട്ടിയാല്‍ ഞാന്‍ രക്ഷപെട്ടു. കടങ്ങളെല്ലാം വീട്ടാം.”
അവന്റെ സാമ്പത്തിയശാസ്ത്രതത്വങ്ങളും സിദ്ധാന്തങ്ങളുമൊന്നും എനിക്ക് മനസ്സിലായില്ല. എങ്കിലും ഒരു കാര്യം അറിയാം. അവന് ഇനി രാവിലെ എണീക്കണ്ട. പണിക്ക് പോകണ്ട. എത്രവേണമെങ്കിലും കിടന്നുറങ്ങാം. ഒരര്‍ത്ഥത്തില്‍ അവന്‍ വിജയിച്ചിരിക്കുന്നു.
സൌദിയിലെ ഒരു സാധാരണ പൌരന്റെ പ്രതീകമാണ് യാസിര്‍. പണി ചെയ്യാനോ ഒരു കമ്പനിയുടെ നിയമങ്ങളുടെ ചട്ടക്കൂട്ടില്‍ ഒതുങ്ങാനോ ഇഷ്ടപ്പെടാത്ത ഒരു സമൂഹം. ധാരാളിത്തം മുഖമുദ്രയാക്കിയവര്‍. നാളത്തേക്ക് കരുതിവെക്കാത്തവര്‍. ഗള്‍ഫ് നാടുകളെക്കുറിച്ച് പുറം ലോകം അറിയുന്നത് ഇവരിലൂടെയല്ല. ന്യൂനപക്ഷമായ കുറെ രാജകുമാരന്മാരെ മാത്രമേ ലോകം അറിയുന്നുള്ളൂ.
എന്തായാലും എത്രയും വേഗം ഒരു കല്യാണം കഴിക്കണം എന്ന് ഞാന്‍ തീരുമാനിച്ചു.
“യാസിറിന്റെ വിജയത്തിന് പിന്നില്‍ ആര്?” എന്ന അന്വേഷണ പരമ്പര ഇവിടെ പൂര്‍ണ്ണമാകുന്നു.
:) :)
ഒരു സൌദി പെണ്‍കുട്ടിയെ കല്യാണം കഴിച്ചാലേ ഇമ്മാതിരി വിജയം ഉണ്ടാകൂ എന്ന് എന്റെ കല്യാണം കഴിഞ്ഞപ്പോഴാണ് മനസ്സിലായത്. 5 മണിക്ക് അലാറം അടിച്ചിട്ട് 5 മിനിറ്റ് കഴിഞ്ഞും എണീറ്റില്ലെങ്കില്‍ തലയില്‍ തണുത്ത വെള്ളം ഒഴിക്കുന്നവളാണ് എന്റെ ‘നല്ല’പാതി. അതുകൊണ്ട് ആ സ്വപ്നങ്ങളൊക്കെ എന്നേ കൊഴിഞ്ഞു..
മഷിത്തണ്ടില്‍ ഉള്ളവരൊക്കെ നല്ല വിവരമുള്ളവരാണെന്ന് അവളെ ഞാന്‍ പറഞ്ഞ് പേടിപ്പിച്ചിട്ടുണ്ട്. അതിനാല്‍ അടുത്തൊന്നും അവള്‍ ഈ വഴി വരുമെന്ന് പേടിക്കണ്ട.. B-)
## അതിനാല്‍ അടുത്തൊന്നും അവള്‍ ഈ വഴി വരുമെന്ന് പേടിക്കണ്ട..
തന്റെ നല്ല പാതിക്ക് വിവരം ഉണ്ട്, താന്‍ ആനിലവാരത്തിലേക്കെത്തുകയാണെങ്കില്‍ ആയിക്കൂട്ടെ എന്നു വച്ചാണു തന്നെ മഷിത്തണ്ടില്‍ കയറൂരി വിട്ടിരിക്കണേ !
ജെനീഷ് - എന്നെ ദയവു ചെയ്ത് പത്തനാപുരത്തുല്ല കൊട്ടേഷന്‍ കാരേ ഏല്പിക്കരുത് ! :-D
യാസിറിന്റെ വിജയത്തിന് പിന്നില്‍ ആര്?
യാസിർ തന്നെ. തെളിവ് താഴെ.
''സൌദിയിലെ ഒരു സാധാരണ പൌരന്റെ പ്രതീകമാണ് യാസിര്‍. പണി ചെയ്യാനോ ഒരു കമ്പനിയുടെ നിയമങ്ങളുടെ ചട്ടക്കൂട്ടില്‍ ഒതുങ്ങാനോ ഇഷ്ടപ്പെടാത്ത ഒരു സമൂഹം. ധാരാളിത്തം മുഖമുദ്രയാക്കിയവര്‍. നാളത്തേക്ക് കരുതിവെക്കാത്തവര്‍.''
പിന്നെ ഈ അറബികൾ പണി പഠിച്ചാൽ സ്വന്തം ജോലി പോകുമെന്ന് തിരിച്ചറിവുള്ള പാവം പ്രവാസികളും
യാത്ര :-
വീട്ടിലേക്കുള്ള ബസ്സ് പോയിക്കാണുമോ എന്ന് സംശയിച്ചാണ് ബസ്റ്റാന്റിലെത്തിയത്. ഭാഗ്യം!! പോയിട്ടില്ല.. ഈ ബസ്സ് പോയാല്‍ പിന്നെ ഒരു മണിക്കൂര്‍ കഴിഞ്ഞേ ആ റൂട്ടിലേക്ക് അടുത്ത ബസ്സുള്ളൂ.. അതുകൊണ്ടുതന്നെ ബസ്സില്‍ നല്ല തിരക്ക്. മിക്കവാറും എല്ലാ ബസ്സുകളുടെയും സ്ഥിതി ഇതുതന്നെ. സ്വകാര്യ വാഹനങ്ങളുടെ ബാഹുല്യം സാധാരണക്കാരുടെ യാത്രാമാര്‍ഗ്ഗമായ ലൈന്‍ ബസ്സുകളെ ബാധിക്കുന്നില്ല. കാരണം എന്താണ്? കാരണം ആലോചിച്ച് നിന്നാല്‍ ബസ്സ് പോകും. പിന്നെയും ഒരു മണിക്കൂര്‍ വായിന്നോക്കി നടക്കേണ്ടി വരും. ഞാനും ബസ്സില്‍ കയറാനുള്ള കായികമുറകള്‍ തുടങ്ങി.
ഉള്ളില്‍ കയറിയപ്പോള്‍ ഒരാള്‍ തിരക്കിനിടയില്‍ക്കൂടി പുറത്തേക്ക് വരുന്നു. എന്നെ കണ്ട ഉടനെ അയാള്‍ പറഞ്ഞു. “ഞാന്‍ ഒന്ന് മൂത്രം ഒഴിച്ചിട്ടു വരട്ടേ സാര്‍”. ഞാന്‍ അനുവാദ മൂളല്‍ കൊടുത്തു. ബസ്സിന്റെ പിന്നില്‍ ഭയങ്കര കോലാഹലം. എല്ലാവര്‍ക്കും പിന്നില്‍ നില്‍ക്കണം. ആരും മുന്നിലോട്ട് പോകുന്നില്ല. ഞാനും പിറകില്‍ ഒതുങ്ങാനുള്ള സകല അടവുകളും പ്രയോഗിച്ചു. ഒരു രക്ഷയുമില്ല. ബസ്സിന്റെ മുന്‍ഭാഗത്ത് ഒരു ഫുട്ബോള്‍ കളിക്കാനുള്ള സ്ഥലമുണ്ട്, പിന്നെന്തിനാ പിറകില്‍ കിടന്ന് ഇങ്ങനെ തള്ളുകൂടുന്നതെന്ന് അല്പം ഉറക്കെ ആത്മഗതം ചെയ്തുകൊണ്ട് ഞാന്‍ മുന്നിലേക്ക് നീങ്ങി.
അല്പസമയത്തിനകം രണ്ട് മണിയടി കേട്ടു. ബസ്സ് മുന്നോട്ട് നീങ്ങി. ബസ്സിന്റെ പിന്നില്‍ ഉച്ചത്തിലുള്ള സംസാരം. ഞാന്‍ തിരിഞ്ഞുനോക്കി. കണ്ടക്ടറും യാത്രക്കാരനും തമ്മില്‍ രൂക്ഷമായ വാക്പയറ്റ്. രണ്ടുപേരും അതില്‍ നിപുണരാണെന്ന് കേട്ടാല്‍ അറിയാം. ഒരാള്‍ക്ക് അധികാരത്തിന്റേയും മറ്റെയാള്‍ക്ക് പിന്‍ബലത്തിന്റേയും കരുത്ത്. വണ്ടി നിര്‍ത്തി. കാര്യം ഇതാണ്. യാത്രക്കാരന്‍ കണ്ടക്ടറുടെ അനുവാദത്തോടെ മൂത്രമൊഴിക്കാന്‍ പോയി. അയാള്‍ വരുന്നതിനുമുന്‍പ് കണ്ടക്ടര്‍ വണ്ടി വിട്ടു. തന്നോട് ചോദിച്ചിട്ടല്ല പോയതെന്ന് കണ്ടക്ടറും കണ്ടക്ടറോട് ചോദിച്ചിട്ട് തന്നെയാണ് പോയതെന്ന് യാത്രക്കാരനും. രണ്ടുപേരും അവരവരുടെ വാദങ്ങളില്‍ ഉറച്ച് നില്‍ക്കുന്നു. അയാള്‍ അനുവാദം ചോദിക്കുന്നത് കേട്ടിരുന്നുവെന്ന് യാത്രക്കാരില്‍ ചിലര്‍ പറഞ്ഞു. ആരോപണപ്രത്യാരോപണങ്ങള്‍ ശാരീരിക പ്രവര്‍ത്തനത്തിലേക്ക് നീങ്ങുന്നത് കണ്ട യാത്രക്കാര്‍ ഇടപെട്ട് സമവായം ഉണ്ടാക്കി. എല്ലാവര്‍ക്കും യാത്ര ചെയ്യണ്ടേ!! അങ്ങനെ അത് അവസാനിച്ചു. എന്നിരുന്നാലും തീ കെട്ട കൊള്ളിയില്‍ നിന്നും പുക ഉയരുന്നതുപോലെ രണ്ടുപേരും നിന്ന് പുകയുന്നു.
എനിക്ക് കാര്യം മനസ്സിലായി. എന്റെ ഷര്‍ട്ടിന്റെ നിറമാണ് കണ്ടക്ടറിന്റെ ഷര്‍ട്ടിന്. യാത്രക്കാരന്‍ തെറ്റിദ്ധരിച്ച് എന്നോട് അനുവാദം ചോദിച്ചു. ഒരു അപരിചിതന്‍ എന്നെ സാറെന്ന് സംബോധന ചെയ്ത് അനുവാദം ചോദിച്ചപ്പോള്‍ എന്റെ നിഷ്കളങ്കത്തം കൊണ്ട് സമ്മതം മൂളി. അത്രമാത്രം. അത് ഇതുപോലൊരു കോലാഹലം ഉണ്ടാക്കുമെന്ന് കരുതിയില്ല. ബസ്സിനുള്ളിലെ പ്രകാശത്തില്‍ നിന്നും കഴിയുന്നതും ഞാന്‍ ഒഴിഞ്ഞു നിന്നു.
ഭാഗ്യത്തിന് എന്റെ അടുത്തിരുന്ന ആള്‍ ഇറങ്ങാന്‍ എഴുന്നേറ്റു. എനിക്ക് സീറ്റുകിട്ടി. ലോട്ടറി ടിക്കറ്റില്‍ ഒരു ചെറിയ തുക അടിച്ചതുപോലെ മനസ്സിന് ആശ്വാസം. എന്റെ കാല്‍ച്ചുവട്ടില്‍ ഒരു ചെറിയ പ്ലാസ്റ്റിക് കവറില്‍ എന്തോ കെട്ടി വച്ചിരിക്കുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ എന്തോ ഒരു ഗന്ധം വമിക്കാന്‍ തുടങ്ങി. വണ്ടി നിര്‍ത്തുമ്പോള്‍ അത് രൂക്ഷമായി അനുഭവപ്പെട്ടുതുടങ്ങി. ഇത് ചര്‍ച്ചയായി. ഏതോ വല്യമ്മാവന്‍ മീന്‍ വാങ്ങിയിട്ട് അത് ബസ്സില്‍ വച്ച് മറന്നതായിരിക്കും. അഭിപ്രായങ്ങള്‍ വന്നു. ഗന്ധം അസഹ്യമായപ്പോള്‍ വണ്ടി നിര്‍ത്തി. എല്ലാവരും അവരവരുടെ സീറ്റിനടിയില്‍ പരിശോധിച്ചു. എന്റെ അടുത്തിരുന്നയാള്‍ ആ പ്ലാസ്റ്റിക് കെട്ട് മുന്നിലെ സീറ്റിനടിയിലേക്ക് കാലുകൊണ്ട് നീക്കി വയ്ക്കുന്നത് ഞാന്‍ കണ്ടു. മുന്നിലെ സീറ്റിലുള്ളവര്‍ കുനിഞ്ഞ് പരിശോധിച്ചപ്പോള്‍ കെട്ട് കണ്ടെത്തി. ആളുകള്‍ അത് നീക്കിയിട്ടു. അതിന്റെ രൂക്ഷഗന്ധം സഹിക്കാവുന്നതിലും അപ്പുറം. മീനാണ്. ഒരാള്‍ അതെടുത്ത് പുറത്തേക്കിട്ടു. വണ്ടി നീങ്ങി. കുറച്ചുകഴിഞ്ഞപ്പോള്‍ ഉള്ളിലെ ഗന്ധവും ഇല്ലാതായി. ആളുകളുടെ സംസാരം തീരുന്നില്ല.
ഞാന്‍ അടുത്തിരുന്ന ആളെ നോക്കി. മധ്യവയസ്കന്‍. ഉദ്യോഗസ്ഥനാണെന്ന് തോന്നി. അയാള്‍ എന്നെ നോക്കി വിഷാദഭാവത്തില്‍ ചെവിയില്‍ പറഞ്ഞു. 300 രൂപയുടെ ചെമ്മീനായിരുന്നു. അയാളുടെ മനോദുഃഖം മുഖഭാവത്തിലും ശബ്ദത്തിലും മനസ്സിലാക്കാമായിരുന്നു.
രസകരമായ ഒരു യാത്രയുടെ അന്ത്യത്തില്‍ ഞാന്‍ വീട്ടിലെത്തി. ചെന്നപാടെ കത്താളുമെടുത്ത് പറമ്പിലിറങ്ങി. അല്പം വിളഞ്ഞു നിന്ന ഒരു കൊലവെട്ടി. ഷര്‍ട്ടില്‍ പറ്റിയ വാഴക്കറ ഭാര്യയെ കാണിക്കാതെ കഴുകാനുള്ള തുണിയുടെ കൂടെ ഷര്‍ട്ട് ഇട്ടു. ഭാര്യ ആദ്യമായി വാങ്ങിത്തന്ന പിറന്നാള്‍ സമ്മാനം. ഒഴിവാക്കാന്‍ ഇതേയുള്ളു വഴി.
@ Jenish - "രസകരമായ ഒരു യാത്രയുടെ അന്ത്യത്തില്‍ ഞാന്‍ വീട്ടിലെത്തി. ചെന്നപാടെ കത്താളുമെടുത്ത് പറമ്പിലിറങ്ങി. അല്പം വിളഞ്ഞു നിന്ന ഒരു കൊലവെട്ടി. ഷര്‍ട്ടില്‍ പറ്റിയ വാഴക്കറ ഭാര്യയെ കാണിക്കാതെ കഴുകാനുള്ള തുണിയുടെ കൂടെ ഷര്‍ട്ട് ഇട്ടു. ഭാര്യ ആദ്യമായി വാങ്ങിത്തന്ന പിറന്നാള്‍ സമ്മാനം. ഒഴിവാക്കാന്‍ ഇതേയുള്ളു വഴി"
ഇതും യാത്രയുമായി എന്തു ബന്ധം?
ഇനിയും കണ്ടക്ടറാകാൻ കഴിയില്ല എന്ന് വിചാരിച്ചിട്ടാകും. എന്നാലും ഭാര്യ എന്തിനാണ് ഈ കണ്ടക്ടർ യൂണിഫോം തന്നെ സമ്മാനം തന്നത്?
വിവേകേ,
എന്തായാലും എനിക്ക് ആ ഷര്‍ട്ട് ഒഴിവാക്കണം. അത് നേരിട്ട് അവളോട് പറഞ്ഞാല്‍ ഇനി ഒരിക്കലും ഇങ്ങനൊരു സമ്മാനം പ്രതീക്ഷിക്കണ്ട. കൂടാതെ മറ്റ് ചില സമ്മാനങ്ങള്‍ കിട്ടാനും സാധ്യതയുണ്ട്. അതുകൊണ്ട് ഷര്‍ട്ട് ഒഴിവാക്കാനുള്ള വഴിയാണ് വാഴക്കറ പറ്റിക്കുക എന്നത്. പക്ഷേ വാഴക്കറ മനപ്പൂര്‍വ്വം പറ്റിച്ചതാണെന്ന് അവളറിയുകയും അരുത്. അതിനാല്‍ വാഴക്കറ പറ്റിയ ഷര്‍ട്ട് ഊരി കഴുകാനുള്ള തുണിയുടെ കൂടെ ഇട്ടു. ഇനി അത് കഴുകുമ്പോഴോ ഉണങ്ങി എത്തുമ്പോഴോ ആയിരിക്കും കറ പറ്റിയ കാര്യം അവളറിയുക. അപ്പോള്‍ അത് പറ്റിയ വിവരം ഞാന്‍ അറിഞ്ഞില്ലെന്നും നല്ല ഒരു ഷര്‍ട്ട് ഇനി ഇടാന്‍ കൊള്ളാത്ത പരുവമായി എന്നൊക്കെ പറഞ്ഞ് തടിയൂരാം. എങ്ങനുണ്ട് എന്റെ ബുദ്ധി? കുടുംബ ജീവിതത്തിലെ പല പ്രശ്നങ്ങള്‍ക്കും പരിഹാരം കണ്ടെത്തുക വിവേകിന്റെ കുസൃതി ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തുന്നതിലും കടുപ്പമാണ്... ;;)
തോമസച്ചായനു കിട്ടിയ നിധി :-
ഞാന്‍ ഈ കമ്പനിയില്‍ ചേരുന്നതിന് എത്രയോ വര്‍ഷം മുന്‍പേ തോമസച്ചായന്‍ ഇവിടെയുണ്ട്. ഞങ്ങളുടെ കെട്ടിടത്തിലെ ജാനിറ്റര്‍ ആണ് അദ്ദേഹം. ‘ജാനിറ്റര്‍’ എന്നാല്‍ ഒരു കെട്ടിടം മുഴുവന്‍ തൂത്ത് തുടച്ച് ഇടുന്നയാളാണെന്ന് അച്ചായനെ കണ്ടാണ് ഞാന്‍ മനസ്സിലാക്കിയത്. സംഭവം എന്തായാലും പിടിപ്പത് ജോലിയാണ് അച്ചായന്. മൂന്ന് നില കെട്ടിടത്തിലെ ഓരോ മുക്കും മൂലയും അച്ചായന്റെ നിയന്ത്രണത്തിലാണ്. എവിടെയെങ്കിലും ഒരു പൊടിയോ അഴുക്കോ കണ്ടുപിടിച്ച് പണി കൊടുക്കാന്‍ കാത്തിരിക്കുന്നവരാണ് ഇവിടെയുള്ള സൌദി ജോലിക്കാരില്‍ അധികവും. സ്വന്തം ചെരുപ്പില്‍ നിന്നാണ് അഴുക്ക് പറ്റിയതെന്നൊന്നും അവര്‍ ശ്രദ്ധിക്കില്ല. ഉടന്‍ അച്ചായനെ വിളിച്ച് വഴക്ക് പറയും. അച്ചായന്‍ അതെല്ലാം വൃത്തിയാക്കിക്കൊണ്ട് തന്നെ അവന്മാരെ മലയാളത്തില്‍ മുട്ടന്‍ തെറി വിളിക്കും. മുഖത്ത് നോക്കി ചിരിച്ചോണ്ട് തെറി വിളിക്കുന്നത് കേട്ട് സംതൃപ്തിയടഞ്ഞ് സൌദികള്‍ പോകുകയും ചെയ്യും.
ഇങ്ങനൊക്കെയാണെങ്കിലും അച്ചായനെ എല്ലാവര്‍ക്കും ഇഷ്ടമാണ്. തെറി വിളിച്ചുകൊണ്ടായാലും എല്ലാ ജോലികളും ചെയ്യും. ആരെ സഹായിക്കാന്‍ കിട്ടുന്ന അവസരവും പാഴാക്കത്തില്ല. ഞങ്ങളുടെ കെട്ടിടത്തിലേക്ക് പുതുതായി എത്തിയ ഐടി മാനേജര്‍ക്ക് ഓഫീസ് സെറ്റ് ചെയ്യാന്‍ സഹായിച്ചത് അച്ചായനാണ്. 150 കിലോയിലധികമുള്ള മനേജര്‍ കസേരയിലിരുന്നതും കസേരയുടെ ഷാഫ്റ്റ് ഒടിഞ്ഞു പോയി. കസേരയുടെ സീറ്റ് പിറകില്‍ കുടുങ്ങിയ നിലയില്‍ എണീറ്റ് നിന്ന് പരുങ്ങിയ അയാളെ സീറ്റ് വലിച്ചൂരി സഹായിച്ചത് നമ്മുടെ അച്ചായനാണ്. പിന്നൊരു ദിവസം ഈര്‍ക്കില്‍ പരുവത്തിലുള്ള ഖാലിദ് യൂറോപ്യന്‍ ക്ലോസറ്റിന്റെ മുകളില്‍ കയറി നിന്ന് അഭ്യാസം കാണിച്ച് കാല്‍ ക്ലോസറ്റില്‍ കുടുങ്ങിയപ്പോള്‍ അത് എടുത്തുകൊടുക്കാന്‍ സഹായിച്ചതും തോമസച്ചായനാണ്. അതുകൊണ്ട് തന്നെ സൌദികള്‍ക്ക് പലര്‍ക്കും അദ്ദേഹത്തോട് ഒരു പ്രത്യേക മമതയുണ്ടായിരുന്നു.
ഇതൊക്കെ പറഞ്ഞാലും ചെയ്യുന്ന ജോലിക്ക് പറ്റിയ ശമ്പളമല്ല അച്ചായന് അവരുടെ കമ്പനി കൊടുക്കുന്നത്. ആകെ 350 റിയാല്‍. ഡബിള്‍ ഡ്യൂട്ടി നോക്കിയും ഓവര്‍ടൈ ചെയ്തും ഒരു 700 റിയാല്‍ വരെ ഒരു മാസം കയ്യില്‍ കിട്ടും. മാസം 5000 രൂപ നാട്ടിലയയ്ക്കും. ബാക്കി കൊണ്ട് കഷ്ടിച്ച് കഴിഞ്ഞ് കൂടും. മിച്ചം വെക്കാന്‍ ഒന്നും കാണാത്ത ജീവിതം.
ഇവിടെയുള്ള ഭൂരിഭാഗം പ്രവാസികളുടെയും ജീവിതം ഇതുപോലെയാണ്. നാട്ടില്‍ നിന്ന് ഏതെങ്കിലും ഏജന്റ് വഴി ഭീമമായ തുക കൊടുത്ത് വിസയും കാത്തിരിക്കുന്നവര്‍ക്ക് ഇതൊന്നും പറഞ്ഞാല്‍ മനസ്സിലാകില്ല. വിസ കിട്ടിയാല്‍ ഏതോ നല്ല കമ്പനിയില്‍ ജോലി കിട്ടി എന്നാണ് പലരുടെയും വിചാരം. സൌദിയില്‍ കമ്പനി എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്നവ രണ്ട് തരമുണ്ട്. ഒന്ന്, സ്വന്തമായി പ്രോജക്റ്റും ഇഷ്ടം പോലെ ആള്‍ക്കാരും മറ്റുമുള്ള ശരിക്കുള്ള കമ്പനി. രണ്ടാമത്തേത് ചെറിയ ഒരു റൂമിലല്‍ ഒതുങ്ങുന്ന മാന്‍ പവര്‍ സപ്ലെ കമ്പനി. ഇതില്‍ രണ്ടാമത്തേതിലാണ് നാട്ടില്‍ നിന്ന് വന്നിട്ടുള്ള അധികം ആളുകളും ഉള്‍പ്പെടുക.
ഒരു സൌദി പൌരന്‍, തന്റെ പ്രോജക്ടിന്റെ പണിക്ക് ആളിനെ വേണമെന്ന് പറഞ്ഞ് ഗവണ്മെന്റില്‍ നിന്നും വിസ സംഘടിപ്പിക്കുന്നു. ഇത് അയാള്‍ക്ക് പരിചയമുള്ള ഏതെങ്കിലും വിദേശി ഏജന്റ് വഴി നാട്ടില്‍ എത്തിക്കുന്നു. ഏജന്റ് കമ്മീഷനും മറ്റും വാങ്ങി ആള്‍ക്കാരെ സംഘടിപ്പിക്കുന്നു. ഇങ്ങനെ എത്തുന്ന ആള്‍ക്കാരാണ് മാന്‍ പവര്‍ സപ്ലെ കമ്പനിയിലെ ജോലിക്കാര്‍. ഇവര്‍ പല കൈമറിഞ്ഞാണ് ശരിക്കുള്ള കമ്പനിയില്‍ എത്തുന്നത്. കമ്പനി അവര്‍ക്ക് 5000 റിയാല്‍ ശബളം കൊടുത്താല്‍ അത് ജോലിക്കാരന്റെ കയ്യിലെത്തുമ്പോള്‍ 1000 റിയാലാകും. ബാക്കിയെല്ലാം ഇടനിലക്കാര്‍ക്ക്.
എന്തായാലും ഇങ്ങനൊരു കമ്പനിയിലാണ് നമ്മുടെ അച്ചായനും വന്ന് പെട്ടത്. എന്നെ കണ്ടുമുട്ടിയപ്പോള്‍ത്തന്നെ ഈ വിവരങ്ങളെല്ലാം തോമസച്ചായന്‍ പറഞ്ഞുതന്നു. അച്ചായന്‍ അങ്ങനെയാണ്. ആദ്യം കാണുമ്പോള്‍ തന്നെ തന്റെ എല്ലാ വിഷമതകളും പ്രാരാബ്ദങ്ങളും പറഞ്ഞ് നമ്മളെ കരയിച്ചിട്ടേ വിടൂ. അങ്ങനെ പറയുന്നതുകൊണ്ട് പലപ്പോഴും ഗുണവും ഉണ്ടാകാറുണ്ട്. ചില സൌദികള്‍ കരഞ്ഞുകരഞ്ഞ് ഒരു പരുവത്തിലാകുമ്പോള്‍ നൂറോ ഇരുനൂറോ റിയാല്‍ നല്കും.
അച്ചായന് ഒറ്റ മകളാണ്. പ്ലസ് ടൂ കഴിഞ്ഞപ്പോള്‍ നഴ്സിങ്ങിന് പോകണമെന്നാണ് അവള്‍ പറയുന്നത്. അതിന് ഒരുപാട് ചിലവാണ്. എന്തുചെയ്യും എന്ന് കരുതി ഇരിക്കുമ്പോഴാണ് ഈശ്വരന്‍ രാമചന്ദ്രന്റെ രൂപത്തില്‍ അച്ചായന് മുന്‍പില്‍ പ്രത്യക്ഷപ്പെട്ടത്. അടുത്തൊരു കമ്പനിയില്‍ സ്റ്റോര്‍ മാനേജറാണ്. പരിചയപ്പെട്ട ഉടന്‍ തന്നെ തന്റെ പ്രാരാബ്ദങ്ങളും വിഷമതകളും രാമചന്ദ്രനെ അറിയിച്ചു. ഇതെല്ലാം കേട്ട് മനസ്സലിഞ്ഞ രാമചന്ദ്രന്‍, മകളെ പഠിപ്പിക്കാനുള്ള സകല ചിലവുകളും താന്‍ വഹിച്ചോളാമെന്ന് അച്ചായന് വാക്ക് കൊടുത്തു. അങ്ങനെ അച്ചായന്റെ മകള്‍ ഗുജറാത്തില്‍ നഴ്സിങ്ങ് പഠനം ആരംഭിച്ചു.
രണ്ട് വര്‍ഷം കഴിഞ്ഞു. കോഴ്സ് പൂര്ത്തിയായി. ഇനി 6 മാസം അവിടെ ജോലി ചെയ്യണം. ബോണ്ട് തെറ്റിച്ചാല്‍ 50,000 രൂപ പിഴ ഒടുക്കണം. എങ്ങനെങ്കിലും മകളെ നാട്ടിലെത്തിക്കണമെന്ന് ഒറ്റ വിചാരമാണ് അച്ചായന്. നാട്ടില്‍ സഭയുടെ ഒരു ഹോസ്പിറ്റലില്‍ ജോലി പറഞ്ഞു വച്ചിട്ടുണ്ട്. അച്ചായന്‍ രാമചന്ദ്രനെ വിളിച്ച് കാര്യം പറഞ്ഞു. 6 മാസം അവിടെ ജോലി ചെയ്താല്‍ അത്രയും പരിചയം ആകുമല്ലോ എന്ന ഉപദേശമാണ് രാമചന്ദ്രന്‍ നല്കിയത്. ഇത് അച്ചായന് ഒട്ടും ഇഷ്ടപ്പെട്ടില്ല. ഫോണ്‍ അപ്പൊഴേ കട്ട് ചെയ്തു. പിന്നെ ഒരിക്കലും രാമചന്ദ്രനെ അച്ചായന്‍ വിളിച്ചിട്ടില്ല.
ഇങ്ങനെ ഒരുപാട് വിഷമതകളുമായി ഇരിക്കുന്ന ഒരു വൈകുന്നേരം. പതിവുപോലെ ഓഫീസിലെ ജീവനക്കാരെല്ലാം പോയിക്കഴിഞ്ഞപ്പോള്‍ അച്ചായന്‍ തന്റെ പണി ആരംഭിച്ചു. ഇനി ഒരു മണിക്കൂര്‍ കൂടി ഉണ്ട് ഡ്യൂട്ടി അവസാനിക്കാന്‍. അതിന് മുന്‍പ് ടോയ്‌ലറ്റെല്ലാം വൃത്തിയാക്കണം. ഇങ്ങനെ മരിച്ച് പണി ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് ഒരു കാര്യം അച്ചായന്റെ ശ്രദ്ധയില്‍ പെട്ടത്. വാഷ്‌ബെയ്സിന്റെ കണ്ണാടിക്ക് മുന്‍പിലുള്ള സ്റ്റാന്റില്‍ ഒരു പേഴ്സ് ഇരിക്കുന്നു. അച്ചായന്‍ ചുറ്റും നോക്കി. ആരുമില്ല. ടോയ്‌ലെറ്റിന്റെ കതകുകളെല്ലാം തുറന്ന് കിടക്കുന്നു. ആരെയും കണ്ടില്ല. ഓഫീസിലെ ജോലിക്കാരെല്ലാം എപ്പൊഴേ പോയി. പേഴ്സിന് നല്ല കനം. ദൈവമേ, ദൈവം തന്ന നിധിയാകുമോ!!
പതുക്കെ പേഴ്സുമെടുത്ത് ഒരു ടോയ്‌ലറ്റിനുള്ളില്‍ കയറി വാതിലടച്ചു. ആകാംക്ഷയോടെ തുറന്നു നോക്കി. പേഴ്സ് നിറച്ച് പല ബാങ്കുകളുടെ കാര്‍ഡുകള്‍. എ.ടി.എം കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ്, മെഡിക്കല്‍ കാര്‍ഡ് എന്നിങ്ങനെ പലതരം. ഒരൊറ്റ റിയാലില്ല. സംഭവം മുകളിലെ നിലയില്‍ ജോലി ചെയ്യുന്ന ഒരു സൌദിയുടേതാണ്. അഞ്ച് പൈസയ്ക്ക് ഗുണമില്ലാത്തവന്‍. തന്നെയുമല്ല എപ്പൊ നോക്കിയാലും എന്തെങ്കിലും പണിയും പറയും. കഴിഞ്ഞ തവണ വെക്കേഷന്‍ പോകാന്‍ നേരം രണ്ട് തവണ അവനോട് പോയി പോകുന്ന വിവരം പറഞ്ഞു. ഒന്ന് മൂളിയതല്ലാതെ ഒരു റിയാലുപോലും തന്നില്ല. പേഴ്സ് ടോയ്ലറ്റിലിട്ട് ഫ്ലഷ് ചെയ്താലോ! എന്തായാലും പേഴ്സില്‍ ഒന്നു കൂടി തിരയാം.
കൂടുതല്‍ തിരഞ്ഞപ്പോള്‍ അകത്തെ അറയില്‍ വച്ചിരുന്ന ഒരു നോട്ട് അച്ചായന്റെ ശ്രദ്ധയില്‍ പെട്ടു. 100 ഡോളര്‍. നാട്ടിലെ ഏകദേശം 5000 രൂപ. എടുക്കണോ വേണ്ടയോ? ആകെ ഒരു കണ്‍ഫ്യൂഷന്‍. മനസ്സ് രണ്ടായി പകുത്ത് വാഗ്വാദം നടക്കുന്നു. അവസാനം കഷ്ടപ്പാടുകളുടെയും പ്രാരാബ്ദങ്ങളുടെയും ഭാഗം ജയിച്ചു. ഡോളര്‍ പോക്കറ്റില്‍ തിരുകി. എന്തായാലും കിട്ടിയതാകട്ടെ. ഇനി ഈ പേഴ്സ് എന്ത് ചെയ്യും. ഇരുന്നിടത്തുതന്നെ വച്ചിട്ട് പോയാലോ? കഴിഞ്ഞതവണ ഇതുപോലെ ഒരു സൌദിയുടെ ക്രെഡിറ്റ് കാര്‍ഡ് കളഞ്ഞുകിട്ടിയത് തിരിച്ച് കൊടുത്തതിന് അവന്‍ 50 റിയാല്‍ തന്നു. ഇത് തിരിച്ചേല്പിച്ചാല്‍ വല്ലതും കൂടി തടഞ്ഞാലോ? തിരിച്ചുകൊടുക്കുമ്പോള്‍ ഡോളറിനെക്കുറിച്ച് അവന്‍ ചോദിച്ചാല്‍ താന്‍ കണ്ടതേയില്ലെന്ന് ഉറപ്പിച്ച് പറയാനുള്ള തീരുമാനത്തോടെ പേഴ്സ് അച്ചായന്‍ പോക്കറ്റിലാക്കി.
പിറ്റേന്ന് സൌദി നേരത്തെ എത്തി. ഓഫീസില്‍ എന്തോ തിരയുന്നു. അച്ചായന്‍ പതുക്കെ അവന്റെ ഓഫീസില്‍ ചെന്ന് പേഴ്സ് കൊടുത്തു. താഴെ ബാത്ത്റൂമില്‍ നിന്ന് കിട്ടിയതാണെന്ന് പറഞ്ഞു. സൌദിയുടെ മുഖം തെളിഞ്ഞു. അവന്‍ നന്ദി പറഞ്ഞ് പേഴ്സ് വാങ്ങി. പക്ഷേ, പേഴ്സ് തുറന്നതോടെ ആളുടെ മുഖം മാറി. ചിരി മാഞ്ഞു.
“അയ്ന അല്‍ ഖംസത്ത് അല്‍ഫ് റിയാല്‍?” സൌദി അച്ചായനു നേരെ അലറി.
അച്ചായന്‍ ഞെട്ടിവിറച്ചു. കംസത്ത് അല്‍ഫ് എന്നാല്‍ 5000. ദൈവമേ, ഇവന്റെ 5000 റിയാല്‍ എവിടെയെന്നാണ് ചോദിക്കുന്നത്. അച്ചായന്‍ കൈ മലര്‍ത്തി. സൌദി ഉടനെ സെക്യൂരിറ്റിയെ വിളിച്ചു. സെക്യൂരിറ്റി വന്ന് ചോദ്യം ചെയ്യലായി. അച്ചായന്‍ നടന്ന സംഭവം പറഞ്ഞു. പേഴ്സിനുള്ളില്‍ ഒന്നും ഉണ്ടായിരുന്നില്ല. തലേന്ന് സാലറി കൊടുത്ത ദിവസമായതിനാല്‍ 5000 സൌദിക്ക് കിട്ടിയിട്ടുണ്ട്. എന്തിനേറെ പറയുന്നു. ആകെ പൊല്ലാപ്പായി. സെക്യൂരിറ്റി അച്ചായന്റെ അലമാര പരിശോധിച്ചു. കിട്ടിയത് 100 ഡോളറിന്റെ നോട്ട്. ആ നോട്ട് തന്റെ പേഴ്സില്‍ ഇരുന്നതാണെന്ന് സൌദി സ്ഥിരീകരിച്ചു. അതുകൂടിയായപ്പോള്‍ അച്ചായന്‍ തന്നെയാണ് 5000 റിയാല്‍ എടുത്തതെന്ന വാദം ശക്തമായി.
ഇതോടെ അച്ചായന്റെ കമ്പനിമാനേജറെ വിവരം അറിയിച്ചു. പണം തിരിച്ചു കൊടുത്താല്‍ പോലീസ് കേസാക്കാതെ വിടാം. പോലീസ് കേസായാല്‍ കമ്പനിക്ക് ചീത്തപ്പേരാകും. എന്തായാലും അച്ചായന്റെ കമ്പനി പണം കൊടുത്തു. പകരം അവര്‍ അച്ചായന്റെ എല്ലാ അലവന്‍സുകളും ബാക്കിയുള്ള സാലറിയും കട്ട് ചെയ്തു. ഒരാഴ്ചയ്ക്കകം അച്ചായനെ അവര്‍ നാട്ടിലേക്ക് കയറ്റി വിട്ടു. സുഹൃത്തുകള്‍ നല്കിയ ചെറിയ തുകയും പിടിച്ച് നാട്ടിലേക്ക് പോകാന്‍ തയ്യാറാകുന്ന അയാളെ വേദനയോടെയാണ് ഞങ്ങള്‍ യാത്രയാക്കിയത്. തന്റെ വിഷമതകളും പ്രാരാബ്ദങ്ങളും ഓര്‍മ്മപ്പെടുത്തി ഞങ്ങളെ കരയിച്ചുകൊണ്ട് തോമസച്ചായന്‍ യാത്രയായി. പുതിയൊരു ലോകം കെട്ടിപ്പടുക്കുവാന്‍.
തേന്‍ തുള്ളികള്‍ :-
അതിമനോഹരമായ ഒരു വനപ്രദേശത്തുകൂടി ഞാന്‍ നടക്കുകയാണ്. നിലം കാണാത്തവിധം കരിയില മൂടിക്കിടക്കുന്നു. നടക്കാന്‍ നടപ്പാതയില്ല. നിമ്നോന്നതഭൂമി. അടിക്കാടുകള്‍ അധികമില്ലാത്തതിനാല്‍ മുന്‍ഭാഗം കാണാം. ചെറിയ ചെടികളെയും വള്ളികളെയും വകഞ്ഞ് മാറ്റിക്കൊണ്ട് ഞാന്‍ നടന്നു. പ്രകാശമുണ്ട്; പക്ഷേ സൂര്യപ്രകാശം നേരിട്ട് പതിക്കുന്നില്ല. അതിനാല്‍ത്തന്നെ ആതീവ ഹൃദ്യമായ ഒരു കുളിര്‍മ. വളരെ പ്രയാസപ്പെട്ട് നോക്കിയാലേ വൃക്ഷങ്ങളുടെ തലപ്പുകള്‍ കാണാന്‍ കഴിയൂ. ഉയരമുള്ള ചില വൃക്ഷങ്ങളില്‍ നിന്നും കനമുള്ള കാട്ടുവള്ളികള്‍ ഭയാനകമാംവിധം താഴേക്ക് തൂങ്ങിക്കിടക്കുന്നു. ദൂരെയായിക്കാണുന്ന വൃക്ഷങ്ങളുടെ മുകള്‍ഭാഗം മുഴുവന്‍ വിവിധ വര്‍ണ്ണങ്ങളിലുള്ള പൂക്കള്‍ വിരിഞ്ഞു നില്‍ക്കുന്നത് കണ്ണിന് അതീവ സുന്ദരമായ ഒരു വിരുന്ന് തന്നെയാണ്. ഞാന്‍ കണ്ടിട്ടുള്ള ബോണ്‍സായ് വൃക്ഷങ്ങളാണ് അപ്പോള്‍ എന്റെ ഓര്‍മ്മയില്‍ വന്നത്. പ്രകൃതിയുടെ പ്രവര്‍ത്തനങ്ങളെ അടിച്ചമര്‍ത്തി രൂപപ്പെടുത്തിയ അവ അതീവ ദുഃഖത്തോടെ എന്റെ മുന്നില്‍ നില്‍ക്കുന്നതായി തോന്നി. ഇവിടെയോ, വന്‍വൃക്ഷങ്ങള്‍ മത്സരിച്ച് വളര്‍ന്നതുപോലെതോന്നും കണ്ടാല്‍. ഈ മനോഹരമായ പ്രകൃതിയുടെ കളിത്തൊട്ടിലില്‍ എത്തിയപ്പോള്‍ എന്തോ ഒരു ആത്മബന്ധസ്മരണ ഉജ്ജ്വലമായി തെളിഞ്ഞു വന്നു.
മുന്‍പില്‍ കണ്ട ഒരു വലിയ വൃക്ഷത്തിന്റെ കൊമ്പില്‍ എന്തോ ഒന്ന് തൂങ്ങിക്കിടക്കുന്നു. ഒരു വലിയ കുട്ടകത്തിന്റെ വലിപ്പം. സൂക്ഷിച്ച് നോക്കിയപ്പോള്‍ അത് ഒരു തേനീച്ചക്കൂടാണെന്ന് മനസ്സിലായി. അതില്‍ നിന്നും ‘തേന്‍തുള്ളികള്‍’ താഴേക്ക് വീണുകൊണ്ടിരിക്കുന്നു. താഴെക്കു വീണ അത് അക്ഷരങ്ങളും വാക്കുകളുമായി രൂപാന്തരപ്പെടുന്നത് ഞാന്‍ വിസ്മയത്തോടെ നോക്കിനിന്നു. ആ വാക്കുകള്‍ ഞാന്‍ വായിക്കാന്‍ ശ്രമിച്ചു...
“നീ ലോകത്തുനിന്ന് എന്ത് ആഗ്രഹിക്കുന്നുവോ
അതുപോലെ ലോകത്തോടു ചെയ്യുക.”
“നീ മറ്റുള്ളവരെ ബഹുമാനിച്ചാല്‍
മറ്റുള്ളവര്‍ നിന്നെയും ബഹുമാനിക്കും.”
“സംസാരം രചതവും
മൌനം സുവര്‍ണ്ണവുമാണ്.”
“വായിലേക്ക് എന്ത് പോകുന്നുവെന്നതിനേക്കാള്‍ പ്രധാനം
വായില്‍ നിന്നും എന്ത് വരുന്നുവെന്നുള്ളതിനാണ്.”
“പ്രാര്‍ത്ഥിക്കുന്ന അധരങ്ങളേക്കാള്‍ ശ്രേഷ്ഠം
അന്യരെ സഹായിക്കുന്ന ഹസ്തങ്ങളത്രേ.”
“ഈശ്വരന്‍ നിന്റെ രൂപത്തിലേക്കല്ല നോക്കുന്നത്
ഹൃദയത്തിലേക്കത്രെ.”
“ഒരു തെറ്റും ചെയ്യാത്ത മനുഷ്യന്‍
ഒന്നും ചെയ്യാത്തവനായിരിക്കും.”
“ഒരു വണ്ടി നിറയെ പുസ്തകങ്ങള്‍ വായിച്ചിട്ടുള്ള അറിവിനേക്കാള്‍ ശ്രേഷ്ഠം
ഒരുപിടി ക്ഷമയത്രേ.“
“ഉയരമുള്ള ഒരു സ്ഥലത്തെത്തുവാന്‍
അത്രയും ഉയരമുള്ള ഒരു കോണി ആവശ്യമാണ്.”
“ജ്ഞാനം - അത് നിന്റെ കയ്യില്‍ നിന്നും നഷ്ടപ്പെട്ട രത്നമാണ്.
അത് എവിടെക്കണ്ടാലും എടുക്കണം.”
“ജീവികളോട് കരുണ കാണിക്കാത്തവന്
ഈശ്വരന്റെ കരുണ ലഭിക്കുകയില്ല.”
“സത്യത്തിന് നിലനില്‍ക്കാന്‍
ഒന്നിന്റേയും സഹായം ആവശ്യമില്ല.”
“തന്നെത്താന്‍ ഉയര്‍ത്തുന്നവന്‍
താഴ്ത്തപ്പെടും.”
“താഴ്മതാനഭ്യുന്നതി.”
“നല്‍കുന്നവന്‍ നേടുന്നു.”
“നീ ഈശ്വരന്റെ അടുത്തേക്ക് ഒരടി നടക്കുമ്പോള്‍
ഈശ്വരന്‍ നിന്റെ അടുത്തേക്ക് പത്തടി വരും.”
“ശരീരം ആത്മാവിന്റെ ഉപകരണമത്രെ.”
“പാലിലേക്ക് എത്ര സൂക്ഷിച്ച് നോക്കിയാലും വെണ്ണ കാണാന്‍ കഴിയില്ല,
ലോകത്തിലേക്ക് എത്ര സൂക്ഷിച്ചു നോക്കിയാലും ഈശ്വരനെ കാണാന്‍ കഴിയില്ല.”
“അനുഷ്ടിക്കേണ്ടതേതോ
അത് ധര്‍മ്മമാകുന്നു.”
“അനേകം വിളക്കുകള്‍ കത്തിക്കാവുന്ന
വിളക്കായിരിക്കണം അദ്ധ്യാപകന്‍.“
“ദുഃഖം എടുക്കരുത്,
ദുഃഖം കോടുക്കരുത്.”
“തിന്നുന്നത് മണ്ണിനും
നല്‍കുന്നത് വിണ്ണിനും.”
“ഒരാളെ അസഭ്യം പറയാന്‍ വലിയ അറിവുവേണ്ട
എന്നാല്‍ അസഭ്യം പറയുന്ന ഒരാളിന്റെ മുഖത്തുനോക്കി പുഞ്ചിരിക്കാന്‍
ഒരു വിശാലഹൃദയനേ കഴിയൂ.”
“കല്ല് ഈശ്വരനല്ല
എന്നാല്‍ ഈശ്വരന്‍ കല്ലുമാണ്.”
“മനഃപ്പൂര്‍വ്വം തോറ്റു കൊടുക്കുന്നത്
യഥാര്‍ത്ഥത്തില്‍ വിജയമാണ്.”
“തെറ്റ് മാനുഷികമാണ്
ക്ഷമ ദൈവീകവും.”
“നമ്മുടെ കയ്യില്‍ മൂല്യങ്ങളുണ്ടെങ്കിലേ
നമുക്ക് മറ്റുള്ളവര്‍ക്ക് അത് നല്‍കുവാന്‍ കഴിയൂ.”
“ഏഴു സമുദ്രങ്ങള്‍ ജ്ഞാനം ആണെങ്കില്‍
അതില്‍ ഒരു തുള്ളിയാണ് എന്റെ ജ്ഞാനം.”
“എന്നെ സംബന്ധിച്ചിടത്തോളം എനിക്കറിയാവുന്നത്
എനിക്കൊന്നും അറിഞ്ഞുകൂടാ എന്നുള്ളതാണ്.”
പകല്‍ കിടന്ന് ഉറങ്ങരുതെന്ന് ഡോക്ടര്‍ പറഞ്ഞിട്ടുണ്ട് എന്ന് ഉച്ചത്തില്‍ പറയുന്നതുകേട്ടു ഞാന്‍ ഞെട്ടി ഉണര്‍ന്നു. ഹൊ, കുറച്ചു തേന്‍തുള്ളികള്‍ കൂടി തൊട്ടുനക്കാമായിരുന്നു എന്ന എന്റെ വാക്കുകേട്ട് ഭാര്യ പൊട്ടിച്ചിരിച്ചു.
(*) + :-D -
മുടിയനായ പുത്രന്‍
ഭാരതീയ ദര്‍ശനങ്ങളില്‍ ‘വസുധൈവകുടുംബകം’ എന്നൊരു സങ്കല്പമുണ്ട്. ഈ ലോകത്തെ മുഴുവന്‍ ഒറ്റ കുടുംബമായി കാണുക എന്നതാണത്. ഈ ലോകകുടുംബത്തിലെ അംഗങ്ങളാണ് ഭൂമിയില്‍ കാണുന്ന എല്ലാ ജീവജാലങ്ങളും. ജലത്തില്‍ ജീവിക്കുന്ന അസംഖ്യം ജീവികളും കരയില്‍ ജീവിക്കുന്ന അനേകലക്ഷം ജീവജാലങ്ങളും പറവകളും എല്ലാം എല്ലാം ഭൂമി എന്ന കുടുംബത്തിലെ അംഗങ്ങളാണ്. സ്വാഭാവികമായും കുടുംബത്തിന് ഒരു കുടുംബനാഥന്‍ വേണമല്ലോ! അത് ഈ ലോകത്തിന്റെ സൃഷ്ടാവാണെന്ന് സങ്കല്പിക്കാം. ഈ ലോകവും അതിലെ സമസ്ത ജീവജാലങ്ങളെയും സൃഷ്ടിക്കുകയും സംരക്ഷിക്കുകയും സംഹരിക്കുകയും അവയ്ക്ക് വേണ്ടുന്ന എല്ലാ സാഹചര്യങ്ങളും ഒരുക്കിക്കൊടുക്കുന്നതുമായ ഒരു സ്ഥാനം സങ്കല്പിച്ച് അതിനെ നമുക്ക് നമ്മുടെ കുടുംബനാഥനായി കരുതാം.
ഈ സൃഷ്ടാവ് - പ്രകൃതി - അതിലെ ജീവജാലങ്ങള്‍ക്ക് ജീവിക്കാന്‍ ആവശ്യമായതെല്ലാം ഭൂമിയില്‍ ഒരുക്കിക്കൊടുക്കുന്നു. ശ്വസിക്കാനും കുടിക്കാനും ഭക്ഷണത്തിനും ആവശ്യമുള്ളത്രയും ശുദ്ധമായി പ്രകൃതിയിലൂടെ സൃഷ്ടാവ് അവകള്‍ക്ക് നല്‍കി. എല്ലാ ജീവികളും കുടുംബനാഥന്‍ നല്‍കിയ വിഭവങ്ങള്‍ സ്വീകരിച്ച് സുഖമായി ജീവിക്കാന്‍ തുടങ്ങി. എന്നാല്‍ എല്ലാ ജീവികളിലും വച്ച് മനുഷ്യനുമാത്രം വിശേഷബുദ്ധി എന്നൊന്നുണ്ടായിരുന്നു. ഈ വിശേഷബുദ്ധികൊണ്ട് അവന്‍ ചിന്തിക്കാന്‍ തുടങ്ങി. അവന്റെ ബുദ്ധിസാമര്‍ത്ഥ്യം കൊണ്ട് എല്ലാ ജീവജാലങ്ങളെയും തന്റെ അധീനതയിലാക്കാന്‍ അവന്‍ വെമ്പല്‍ കൊണ്ടു. അവന്‍ ആഗ്രഹിച്ചതൊക്കെ സാധിക്കുമെന്നായപ്പോള്‍ കൂടുതല്‍ ആവശ്യപ്പെടാന്‍ തുടങ്ങി. അവന്റെ വാസസ്ഥാനത്തേയും പ്രകൃതിയേയും അവന്‍ ചൂഷണം ചെയ്യാന്‍ തുടങ്ങി. എല്ലാം അവന്റെ സ്വാര്‍ത്ഥതയ്ക്കും സുഖത്തിനും വേണ്ടിയായിരുന്നു. ഈ പ്രക്രിയ ഇന്നും അഭംഗുരം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.
ഒരു പുത്രന്‍ തന്റെ കുടുംബത്തില്‍ ഉണ്ടായിരുന്ന വിഭവങ്ങള്‍ മുഴുവനും തനിക്കുവേണമെന്ന് ശാഠ്യം പിടിക്കുകയും അത് തട്ടിപ്പറിക്കുകയും അതിനെ നശിപ്പിക്കുകയും ചെയ്താല്‍ ലോകം അവനെ എങ്ങനെ ഗണിക്കും? അതുപോലെതന്നെ ലോകമാകുന്ന കുടുംബത്തിന്റെ പ്രകൃതി വിഭവങ്ങളെ മനുഷ്യന്‍ തന്റെ സ്വാര്‍ത്ഥതയ്ക്കും സുഖത്തിനും വേണ്ടി നശിപ്പിച്ചുകൊണ്ടിരിക്കുന്നു. കുടുംബധനം നശിപ്പിക്കുന്ന പുത്രനെ ‘മുടിയനായ പുത്രന്‍‘ എന്നു ഗണിക്കുന്നതുപോലെ ഭൂമിയുടെ മുടിയനായ പുത്രനാണ് മനുഷ്യന്‍. കഥയിലെ മുടിയനായ പുത്രന്‍ തെറ്റ് മനസ്സിലാക്കി അവസാനം പിതൃസന്നിധിയില്‍ അണഞ്ഞു മാപ്പു ചോദിച്ചു. ഭൂമിയുടെ മുടിയനായ പുത്രനായ മനുഷ്യനും എന്നെങ്കിലും മാനസാന്തരപ്പെട്ട് പ്രകൃതിക്ക് അനുസൃതമായി വരണേ എന്ന് പ്രതീക്ഷയോടെ പ്രാര്‍ത്ഥിക്കുന്നു.
=D>
മഴക്കുവേണ്ടി ലുക്കൗട്ട് നോട്ടീസടിക്കേണ്ട ഗതികേടിലായി കേരളം ! പി ജെ ജോസഫച്ചായനു സുഖമായിട്ടുറങ്ങാം മുല്ലപ്പെരിയാറില്‍ 136 പോയിട്ട് നൂറടി വെള്ളം നിറയണമട്ടില്ല ഇക്കൊല്ലം !
സദാചാര സംരക്ഷണ സമിതി (മ) പുറപ്പെടുവിക്കുന്ന പരസ്യപ്രസ്താവന
------------------------------------------------------------------
കഴിഞ്ഞ കുറേ നാളുകളായി കേരളത്തിലെ ഒരു വിഭാഗം മാധ്യമങ്ങളും ചില കപടസാംസ്കാരിക നായകരും സ.സം.സ(മ)യെക്കുറിച്ച് നടത്തുന്ന കുപ്രചാരണങ്ങളുടെയും വ്യാജവാർത്തകളുടെയും
നിജസ്ഥിതി പൊതുസമൂഹത്തെ അറിയിക്കുന്നതിനു വേണ്ടിയാണ് ഈ പത്രക്കുറിപ്പ്.
കഴിഞ്ഞ ജൂൺ മാസത്തിൽ മാനഞ്ചേരിയിൽ നടന്ന ദൗർഭാഗ്യകരമായ സംഭവത്തിൽ സമിതിക്കോ അതിന്റെ പ്രവർത്തകർക്കോ യാതൊരു പങ്കുമില്ലെന്ന് ആവർത്തിച്ച് വ്യക്തമാക്കിയിട്ടും സമിതി പ്രവർത്തകർക്കെതിരെ കള്ളക്കേസുകളുമായി ഭരണകൂടവും അപവാദ പ്രചാരണങ്ങളുമായി മാധ്യമങ്ങളും മുന്നോട്ടുപോവുകയാണ്. തല്പരകക്ഷികൾ മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയനുസരിച്ചാണ് പോലീസ് അന്വേഷണം നീങ്ങുന്നത്. ഈ സാഹചര്യത്തിൽ സ.സം.സ (മ)യെ തകർക്കാനും സമിതി പ്രവർത്തകരെ ഒറ്റപ്പെടുത്താനുമുള്ള കുത്സിതശ്രമങ്ങൾ ഇന്നാട്ടിലെസദാചാരവിശ്വാസികളായ മുഴുവൻ ആളുകളും തിരിച്ചറിയേണ്ടതുണ്ട്.
വാസ്തവത്തിൽ മാനഞ്ചേരിയിൽ സംഭവിച്ചതെന്താണ്?
സംഭവിക്കാൻ പാടില്ലാത്തതാണ് സംഭവിച്ചത് എന്നതിൽ തർക്കമില്ല. പക്ഷെ ഈ ദൗർഭാഗ്യകരമായ സംഭവത്തിനിടയാക്കിയ സാഹചര്യങ്ങൾ കൂടി വസ്തുനിഷ്ഠമായി വിലയിരുത്തേണ്ടതുണ്ട്.നാട്ടിൽ തീർത്തും അപരിചിതരായ ഒരു യുവാവിനെയൂം യുവതിയെയും അത്തരമൊരു സാഹചര്യത്തിൽ കണ്ടാൽ സ്വാഭാവികമായുണ്ടാവുന്ന പ്രതികരണം മാത്രമേ ഞങ്ങളുടെ പ്രവർത്തകരുടെ ഭാഗത്തു നിന്നുണ്ടായിട്ടുള്ളൂ. നാടിന്റെ സദാചാരസംരക്ഷണം പരമപ്രധാനമായി കാണുന്ന ആർക്കും അതിൽ യാതൊരു ദുരുദ്ദേശവും കാണാനാവില്ല. ബസ്സ്റ്റാന്റിന്റെ പുറകിലെ ആൾപ്പെരുമാറ്റം കുറഞ്ഞ വാകമരച്ചുവട്ടിലേക്ക് എന്തിനാണവർ പോവുന്നതെന്നറിയാൻ സമിതിക്കാരും നാട്ടുകാരും ശ്രമിച്ചതിൽ എന്താണ് തെറ്റ്? തീർത്തും മാന്യമായി കാര്യങ്ങൾ അന്വേഷിച്ചിട്ടും മറുപടി കിട്ടാതെ വരുമ്പോൾ ജനങ്ങൾ രോഷാകുലരാകുന്നതിൽ അസ്വാഭാവികമായി എന്തുണ്ട്? എന്നിട്ടും ആത്മസംയമനം പാലിച്ചവരെ കയ്യേറ്റം ചെയ്യാൻ യുവാവ് ശ്രമിച്ചപ്പോഴല്ലേ പൊതുജനം പ്രകോപിതരായത്? അവർക്ക് സംസാരിക്കാനാവില്ലെന്നോ അയാളുടെ സഹോദരിയായിരുന്നു അവളെന്നോ അറിഞ്ഞിരുന്നുവെങ്കിൽ ആ യുവാവിന് ജീവൻ നഷ്ടപ്പെടില്ലായിരുന്നു എന്നത് തീർത്തും വ്യക്തമാണ്. ഈ അവസരത്തിൽ അക്രമാസക്തരായ ജനങ്ങളുടെ കയ്യിൽ നിന്നും അവളെ രക്ഷിച്ചത് ഞങ്ങളുടെ പ്രവർത്തകരായിരുന്നു എന്ന സത്യം മറച്ചുവെച്ച് അവളെ തട്ടിക്കൊണ്ടുപോവാൻ സ.സം.സ(മ) ശ്രമിച്ചു എന്ന പച്ചക്കള്ളം പ്രചരിപ്പിക്കുകയാണ് മാധ്യമങ്ങൾ ചെയ്തത്.
സ.സം.സ (മ) ഒരിക്കലും അക്രമത്തിൽ വിശ്വസിക്കുന്നവരോ അക്രമമാർഗം സ്വീകരിക്കുന്നവരോ അല്ലെന്ന് ഇവിടുത്തെ പൊതുസമൂഹത്തിന് മുഴുവൻ അറിയാവുന്നതാണ്. ഇന്നാടിന്റെ സദാചാരസംരക്ഷണത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച പ്രവർത്തകരാണ് ഈ സംഘടനയുടെ കരുത്ത്. ഈ സാഹചര്യത്തിൽ, നാട്ടിലെ സദാചാരപ്രസ്ഥാനത്തെ തകർക്കാനുള്ള ആസൂത്രിതമായ ഗൂഢാലോചനയാണ് നടക്കുന്നത് എന്ന് ഇവിടുത്തെ സദാചാരതല്പരരായ ഓരോരുത്തരും തിരിച്ചറിയണമെന്നും ഈ അപവാദപ്രചാരണങ്ങളെ തള്ളിക്കളയണമെന്നും ഇതിന്റെ പിന്നിലുള്ള സാമ്രാജ്യത്വ താല്പര്യങ്ങളെ ചെറുത്തു തോല്പ്പിക്കാനുള്ള സ.സം.സ.(മ) യുടെ പോരാട്ടത്തിൽ ഞങ്ങളോടൊപ്പം അണിനിരക്കണമെന്നും ഇന്നാട്ടിലെ മുഴുവന്‍ സദാചാരവിശ്വാസികളോടും അഭ്യർത്ഥിക്കുന്നു.
സദാചാര സംരക്ഷണ സമിതി (മ),
സംസ്ഥാന കമ്മിറ്റി.
സദാചാര സംരക്ഷണ സമിതി (മ),
എന്താണ് ബ്രാക്കറ്റിലെ 'മ'. ഇതാരുടെ ഗ്രൂപ്പാണ്?
ഇതൊരു രാഷ്ട്രീയ പാര്‍ട്ടിയാണോ? രാഷ്ട്രീയക്കാരുടെ പത്രക്കുറിപ്പ്പോലുണ്ടല്ലോ?.....
ഞങ്ങളുടെ നാട്ടില്‍ ഇതിന്‍റെയൊരു ബ്രാഞ്ച് കമ്മിറ്റിയുണ്ടാക്കിയാല്‍ കൊള്ളാമെന്നുണ്ട്, അതിനുള്ള മാനദണ്ഡമെന്നാണെന്നറിഞ്ഞാല്‍ കൊള്ളാമായിരുന്നു..........
മുജീബ് ഇന്നത്തെ പത്രം വായിച്ചില്ല അല്ലേ? വായിച്ചിട്ടുമതി ബ്രാഞ്ചുണ്ടാക്കൽ. പദപ്രശ്നത്തിനൊരാളെ നഷ്ടപ്പെടരുതല്ലോ. :)
ശര്‍ക്കര വരട്ടി
ആ വലിയ വാതില്‍ തുറക്കുന്നതും നോക്കിക്കൊണ്ട് ഞാന്‍ നിന്നു. നിശ്ചലമായി നില്‍ക്കാന്‍ എനിക്ക് കഴിയുന്നില്ല. കാരണം തിരമാലപോലെ ഒരു സമ്മര്‍ദ്ദപ്രവാഹം ആ ജനക്കൂട്ടത്തെ ചലിപ്പിച്ചുകൊണ്ടിരുന്നു. പെട്ടെന്ന് സമ്മര്‍ദ്ദം കൂടുകയും ഞാന്‍ തറയില്‍ നിന്നും പൊങ്ങുന്നതുപോലെ അനുഭവപ്പെടുകയും ചെയ്തു. അല്പസമയത്തിനുള്ളില്‍ എങ്ങനൊക്കെയോ ഞാന്‍ ഒരു കസേരയില്‍ ഇരുന്നു. അതിവേഗം ചലിക്കുന്ന മനുഷ്യരെക്കണ്ട് തലകറങ്ങാതിരിക്കാന്‍ മുന്‍പില്‍ കണ്ട ഇലയിലേക്ക് നോക്കി. ഹൊ! അവസാനം എന്റെ സ്വന്തം ഇലയ്ക്കുമുന്നില്‍ ഞാന്‍ എത്തിപ്പെട്ടിരിക്കുന്നു.തൊട്ടടുത്ത കസേര ഒഴിഞ്ഞു കിടക്കുന്നതുകണ്ട് ആ കസേരയിലേക്ക് മാറിയിരിക്കാന്‍ ഒരാള്‍ എന്നോട് പറഞ്ഞു. ഞാന്‍ മാറിയിരുന്നു. ഓ.. അപ്പോള്‍ ഇതായിരുന്നു എന്റെ ഇല. ഞാന്‍ മന്ത്രിച്ചു. ഈ ഇല ഇന്നലെ ഈ സമയം ആയിരക്കണക്കിനു ഇലകളുടെ ഇടയിലായിരുന്നു. എന്നാല്‍ ഞാന്‍ ഈ ഇലയുടെ അടുത്തല്ലല്ലോ നേരത്തേ ഇരുന്നത്. ഞാന്‍ ഇരുന്ന ഇല എന്റേതല്ലാത്തതുകൊണ്ടാണ് എനിക്ക് മാറിയിരിക്കേണ്ടി വന്നത്. ഓരോരുത്തര്‍ക്കും അവകാശപ്പെട്ട ഇലയുടെ അടുത്തേ അവര്‍ക്ക് ഇരിക്കാന്‍ കഴിയുകയുള്ളൂ. പലരും അവരുടെ ഇല കിട്ടാതെ ഇറങ്ങിപ്പോയി. ഇനി അടുത്ത തവണ ഇല ഇടുമ്പോള്‍ അവര്‍ക്കും സദ്യ ഉണ്ണാം.
സദ്യ പൊതുവേ എല്ലാപേര്‍ക്കും ഇഷ്ടമാണ്. കാരണം അത് ‘ ചതുര്‍വിധാന്ന സമ്പന്ന’മാണ്. നാലുവിധത്തിലും ഭക്ഷിക്കാവുന്ന വിഭവങ്ങള്‍ അടങ്ങിയതിനെയാണ് ചതുര്‍വിധാന്ന സമ്പന്നമെന്നു വിവക്ഷിക്കുന്നത്. കടിച്ചുപൊട്ടിച്ച് തിന്നുക, തൊട്ടുനക്കുക, ചവച്ചു തിന്നുക, കോരിക്കുടിക്കുക എന്നിവയാണ് ആ നാലു ഭക്ഷ്യങ്ങള്‍. ഇവയെല്ലാം ഈ സദ്യയില്‍ ഉണ്ട്. ഞാന്‍, കടിച്ചുപൊട്ടിച്ചുതിന്നുന്ന ശര്‍ക്കരവരട്ടിയും ഉപ്പേരിയും എടുത്ത് തിന്നാന്‍ തുടങ്ങി. ഈ ശര്‍ക്കരവരട്ടി ഏതോസ്ഥലത്തെ ഏത്തക്കുലയില്‍ ഉണ്ടായിരുന്നതാണ്. അത് ഇവിടെ കൊണ്ടുവന്നപ്പോഴും കഷണങ്ങളാക്കിയപ്പോഴും എന്റെ കഷണം ഉണ്ടായിരുന്നു. ആ കഷണം തന്നെ എനിക്ക് കിട്ടുകയും ചെയ്തു. അത് അനേകം കഷണക്കൂട്ടങ്ങള്‍ക്കിടയില്‍ കിടന്ന് ഇളകി മറിയുമ്പോഴും ആ കഷണം എന്റേതായിത്തന്നെയിരുന്നു. വിളമ്പുകാര്‍ പല പാത്രങ്ങളില്‍ അവകളെ പങ്കുവച്ചപ്പോഴും എന്റേത് കൃത്യമായി എന്റെ മുന്നില്‍ എത്തി.ഇതുതന്നെയാണ് ഉപ്പേരിയുടേയും പപ്പടത്തിന്റേയും പഴത്തിന്റേയുമൊക്കെ സ്ഥിതി. എനിക്കുള്ളതെല്ലാം എന്റെ ഇലയില്‍ ഒത്തുകൂടിയിട്ടുണ്ട്.ഇങ്ങനെ എന്റെ ഇലയില്‍ ഒത്തുകൂടിയിട്ടുണ്ടെങ്കിലും അവ എന്റേതല്ലായെങ്കില്‍ എനിക്കത് തിന്നാന്‍ കഴിയില്ല. അതുകൊണ്ടാണ് ചോറ് ഇലയില്‍ ഇട്ടപ്പോള്‍, ഇലയില്‍ നിന്നും കുറച്ചു ചോറ് തറയില്‍ വീണത്. ഞാന്‍ താഴേക്കു നോക്കി. അതില്‍ എന്റെ പേര് എഴുതിയിട്ടില്ലായിരിക്കും എന്നു ഞാന്‍ സമാധാനിച്ചു. “നീ ഭക്ഷിക്കുന്ന ഓരോ അരിമണിയിലും നിന്റെ പേര് എഴുതിയിട്ടുണ്ടാകും’ എന്ന് ഖുര്‍-ആനില്‍ എഴുതിയിട്ടുള്ളത് ഞാന്‍ ഓര്‍ത്തു. എന്റെ പേരില്ലാത്തതൊന്നും എനിക്ക് ഭക്ഷിക്കാന്‍ കഴിയില്ല എന്നാണല്ലോ അതിനര്‍ത്ഥം.
ഇതിന് ഒരു ശാസ്ത്രീയത നല്‍കാന്‍ കഴിയുമോ എന്നു ഞാന്‍ ചിന്തിച്ചു. ഒരാള്‍ ഗള്‍ഫില്‍ നിന്നും നാട്ടിലേക്ക് കത്ത് അയയ്ക്കുന്നു എന്ന് സങ്കല്പിച്ചു. കത്തെഴുതി, കവറില്‍ കിട്ടേണ്ട ആളുടെ മേല്‍വിലാസവും എഴുതി പോസ്റ്റു ചെയ്തു. പിന്നീട് ആ എഴുത്തിന് എന്തെല്ലാം സംഭവിക്കുന്നുവെന്ന് അയച്ച ആളോ കിട്ടേണ്ട ആളോ അറിയുന്നില്ല. അതിനെ പോസ്റ്റുമാന്‍ എടുത്ത് മറ്റുകത്തുകളോടൊപ്പം ഓഫീസില്‍ കൊണ്ടുപോയി സീല്‍ ചെയ്തു. എന്നിട്ട് ഇന്ത്യയിലേക്കുള്ള വിമാനത്തില്‍ കൊണ്ടുപോകാനുള്ള ബാഗില്‍ ഇട്ട് ഭദ്രമായി കെട്ടിവച്ചു. കെട്ടുകള്‍ എടുത്ത ആള്‍ക്ക് തെറ്റുപറ്റി അത് മറ്റൊരു രാജ്യത്തിലേക്കുള്ള കെട്ടുകളുടെ കൂട്ടത്തില്‍ വച്ചു. പിന്നീടുള്ള പരിശോധനയില്‍ തെറ്റ് കണ്ടെത്തി ആ കെട്ട് ഇന്ത്യയിലേക്കുള്ളവയുടെ കൂട്ടത്തില്‍ ആക്കി. വിമാനത്തിന്റെ അടിഭാഗത്തുള്ള ഇരുണ്ട അറയില്‍ കിടന്ന് ആ കത്ത് കടല്‍ കടന്ന് ഇന്ത്യയിലെത്തി. കേരളത്തിലേക്കുള്ള ബാഗില്‍ അത് കേരളത്തിലും എന്റെ പോസ്റ്റാഫീസിലും എത്തി. അവസാനം അത് എന്റെ കയ്യില്‍ത്തന്നെ എത്തിച്ചേര്‍ന്നു. എന്നാല്‍ കത്ത് പോസ്റ്റുചെയ്യുന്ന സമയം മുതല്‍ അത് എന്റെ കയ്യില്‍ എത്തിച്ചേരുന്നതുവരെയുള്ള ഒന്നുംതന്നെ എനിക്കോ ആര്‍ക്കുമോ അറിയാന്‍ കഴിയില്ല. എന്നിരുന്നാലും അത് കൃത്യമായി എന്റെ കയ്യില്‍ത്തന്നെ എത്തി. ഇതുപോലെ ഓരോരുത്തരുടേയും ഭക്ഷ്യവസ്തുക്കളിലും അവരവരുടെ പേര് അദൃശ്യമായി രേഖപ്പെടുത്തിയിട്ടുണ്ട് എന്ന് വിശ്വസിക്കുന്നതില്‍ തെറ്റില്ലെന്ന് തോന്നി. ഈ വിശ്വാസം കൊണ്ട് എന്താണ് മനസ്സിലാക്കേണ്ടത്? നമുക്കുള്ളത് നമുക്കുതന്നെ ലഭിച്ചിരിക്കും. നമുക്ക് ലഭിക്കാത്തത് നമ്മുടേതല്ല.
അടുത്തിരുന്നയാള്‍ എഴുന്നേറ്റപ്പോള്‍ ഞാനും എണീറ്റു. എന്ത് കഴിച്ചിട്ടാണ് എന്റെ വയര്‍ നിറഞ്ഞത് എന്നോ അതിന്റെയൊക്കെ രുചി എന്തായിരുന്നെന്നോ ഞാനറിഞ്ഞില്ല. അടുത്ത സദ്യയ്ക്കെങ്കിലും രുചിയറിഞ്ഞ് കഴിക്കണം എന്ന ചിന്തയോടെ ഞാന്‍ വീട്ടിലേക്ക് തിരിച്ചു.
വട്ടാകുമോ അവസാനം! :)
ചോറുവിളമ്പുന്നതിനുമുമ്പ് ശർക്കര ഉപ്പേരി തിന്നുന്നത് ശരിയല്ല. ആംഗലേയത്തിൽ പറഞ്ഞാൽ table mannersഅല്ല.
അടുത്ത സദ്യക്ക് ചിന്തകൾ വേറെ ഏതെങ്കിലും കാട്ടിൽ പ്രവേശിക്കാതിരിക്കട്ടെ!!!!!!1
ആലോചിച്ചാൽ ഒരന്തവുമില്ല, :-? ആലോചിച്ചില്ലെങ്കിൽ ഒരു കുന്തവുമില്ല!!!! :-))
ജെനീഷെ , സുബൈറെ - പുതിയ കഥകള്‍ ഒന്നുമില്ലേ !
മൌനത്തിന്റെ ഭാഷ്യം :-
ഭാര്യയോട് സ്നേഹമുള്ള ഭര്‍ത്താക്കന്മാര്‍ അടുക്കളയില്‍ അവരെ സഹായിക്കും എന്ന് എന്നോട് എന്റെ നല്ലപാതി കൂടെക്കൂടെ ഓര്‍മ്മപ്പെടുത്തിക്കൊണ്ടിരുന്നു. എന്തായാലും ഇവക്കിട്ടൊരു സഹായം ചെയ്യണം!! അതിനുള്ള അവസരവും കാത്ത് ഞാന്‍ ഒരു മലമുഴക്കി വേഴാമ്പലിനെപ്പോലെ ഇരുന്നു. അപ്പോഴാണ് അപ്രതീക്ഷിതമായി വീട്ടില്‍ കുറച്ച് അതിഥികള്‍ എത്തിയത്. ഇതുതന്നെ നല്ല അവസരം. ഇപ്പോള്‍ അവളെ സഹായിച്ചാല്‍ പിന്നെ അടുത്തകാലത്തൊന്നും പരാതിയുമായി എത്തില്ല. ഞാന്‍ പതുക്കെ അടുക്കളവാതിലില്‍ ചെന്ന് എത്തിനോക്കി. എന്തെങ്കിലും ഹെല്പ് വേണോ എന്ന് ചോദിക്കുന്നതിനു മുമ്പുതന്നെ എനിക്ക് പണി കിട്ടി. പപ്പടം കാച്ചാന്‍ ഒരവസരം. വലിയ പ്രയാസമില്ലാത്ത പണി. ഇപ്പൊ ശരിയാക്കിത്തരാം എന്നു പറഞ്ഞ് ഞാന്‍ പണി തുടങ്ങി.
എണ്ണ ചൂടാക്കി ഒരു പപ്പടം അതിലേക്ക് ഡൈവ് ചെയ്യിച്ചു. അത് എണ്ണയില്‍ മുങ്ങി ശീല്‍ക്കാരത്തോടെ പൊങ്ങി പൊള്ളാന്‍ തുടങ്ങി. ഞാന്‍ കണ്ണിമയ്ക്കാതെ നോക്കിക്കൊണ്ടിരുന്നു. ഒട്ടും കരിയരുത്. ഈ പപ്പടം കഴിച്ചിട്ട് എല്ലാവരും സംതൃപ്തിയടയണം. നന്നായി മൂത്തത് എടുത്തിട്ട് അടുത്തതിട്ടു. ഇങ്ങനെ രണ്ടുമൂന്നെണ്ണം വേഗത്തില്‍ കഴിഞ്ഞു. അപ്പോഴാണ് ഞാന്‍ ഒരു കാര്യം ശ്രദ്ധിച്ചത്. പപ്പടം എണ്ണയിലിടുമ്പോള്‍ ശബ്ദത്തോടെ അത് പൊള്ളി വരുന്നു. എപ്പോള്‍ അത് നന്നായി മൂത്ത് പാകമാകുന്നുവോ അപ്പോള്‍ മുതല്‍ അത് നിശബ്ദമായി. അത് മൂക്കുന്നതുവരെയേയുള്ളൂ അതിന്റെ ചീറ്റലും ശബ്ദവും. നന്നായി പാകമായാല്‍പ്പിന്നെ നിശബ്ദം. ഇതുതന്നെയല്ലേ മനുഷ്യരുടേയും കാര്യം! അറിവ് സമ്പാദിക്കുന്ന സമയം വലിയ കോലാഹലങ്ങളും വിളിച്ചു പറയലും തകൃതിയായിട്ടുണ്ടാകും. അറിവ് പൂര്‍ണ്ണമാകുമ്പോള്‍ മിതഭാഷിയായി അല്ലെങ്കില്‍ കഴിയുന്നതും മൌനിയായി സ്ഥിതിചെയ്യുന്നതായി കാണാം.
എന്തോ കരിയുന്ന മണമടിക്കുന്നല്ലോ!! ഞാന്‍ പാത്രത്തിലേക്ക് നോക്കി. രണ്ടു പപ്പടം എണ്ണയില്‍ കിടന്ന് കരിഞ്ഞു കറുത്ത പുക ഉയരുന്നു. ദൈവമേ ഇതെപ്പോ സംഭവിച്ചു!! എന്തെങ്കിലും ചെയ്യാന്‍ ഒക്കുന്നതിനു മുന്‍പ് ഭാര്യ ഓടി വന്ന് എന്നെ അടുക്കളയില്‍ നിന്ന് പുറത്താക്കി. എന്നിരുന്നാലും ഒരു വലിയ സത്യത്തിന് സാക്ഷിയായല്ലോ എന്ന സന്തോഷത്തോടെ ഞാന്‍ പലതും ചിന്തിച്ചുകൊണ്ടു നടന്നു.
മുമ്പൊരിക്കല്‍ കടല്‍ കാണാന്‍ പോയ കാര്യം ഞാന്‍ ഓര്‍ത്തു. കടല്‍തീരത്ത് ഞങ്ങള്‍ ചെല്ലുമ്പോള്‍ കടല്‍ കോപിച്ചിരിക്കയാണെന്ന് അവിടെയുള്ളവര്‍ പറയുന്നതു കേട്ടു. കടലിന്റെ ഇരമ്പലും ശക്തിയായ തിരമാലയും കണ്ടപ്പോള്‍ അത് ബോധ്യമാകുകയും ചെയ്തു. എത്രനേരം കണ്ടാലും മതിവരാത്ത ഭംഗിയും ഗാംഭീര്യവും കടലിനുണ്ട് എന്നത് സത്യമാണെന്നു തോന്നി. സമുദ്രത്തിന്റെ ഭംഗി തന്നെ അതിലെ തിരമാലകളാണ്. തിരമാലകളില്ലാത്ത സമുദ്രത്തെപ്പറ്റി ഞാന്‍ ചിന്തിച്ചു. പസഫിക് സമുദ്രത്തില്‍ തിരമാലകളില്ലെന്ന് കേട്ടിട്ടുണ്ട്. എന്തായിരിക്കും അതില്‍ തിരമാലകളില്ലാത്തത്? ഏറ്റവും ആഴം കൂടിയ സമുദ്രമാണത്. അനേകം അഗാധ ഗര്‍ത്തങ്ങള്‍ അതിലുണ്ട്. അതിന്റെ അഗാധത കൊണ്ടാണ് അതില്‍ തിരമാലകളുണ്ടാകാത്തത്. ആഴം കുറഞ്ഞ കാട്ടാറുകള്‍ വലിയ ശബ്ദമുണ്ടാക്കിക്കൊണ്ടും അതിവേഗത്തിലും ഒഴുകിപ്പോകുന്നത് കണ്ടിട്ടുണ്ട്. ആഴമില്ലാത്ത പുഴകളും സമുദ്രങ്ങളും, ഒഴുക്കിന്റെ ശക്തികൊണ്ടോ തിരമാലകളുടെ ശക്തി കൊണ്ടോ ശബ്ദമുണ്ടാക്കിക്കൊണ്ടിരിക്കും. അഗാധമായവ നിശബ്ദവും നിശ്ചലവുമായിരിക്കും. അല്പജ്ഞാനികളായ മനുഷ്യര്‍ വലിയ കോലാഹലങ്ങളും വാക്കുതര്‍ക്കങ്ങളും മത്സരപ്രവൃത്തികളും ചെയ്തുകൊണ്ടേയിരിക്കും.കുടം ജലാശയത്തില്‍ മുക്കുമ്പോള്‍ വലിയ ശബ്ദത്തോടെ ജലം അതില്‍ കയറുന്നു. കുടം പൂര്‍ണ്ണമായും നിറയുമ്പോള്‍ ശബ്ദം നിലയ്ക്കുകയും ചെയ്യും. പൂര്‍ണ്ണജ്ഞാനികള്‍ അവരുടെ ജ്ഞാനത്തിന്റെ അഗാധതയാല്‍ ശാന്തരും, മിതഭാഷികളും, ചിലപ്പോള്‍ മൌനികളുമായി കാണപ്പെടും. അങ്ങനെയുള്ളവരുടെ മൌനം വാചാലമായിരിക്കും. ആ മൌനത്തിന്റെ ഭാഷ പൂര്‍ണ്ണവും അര്‍ത്ഥഗര്‍ഭവുമായിരിക്കും. അതുകൊണ്ടാണ് ‘മൌനം വിദ്വാനു ഭൂഷണം’ എന്നും, ജ്ഞാനി, ‘ഗംഗ തന്നിലെ ഹൃദം പോലെ’ എന്നും പറഞ്ഞുകാണുന്നത്.
അതിഥികളെ എല്ലാം ഒരുവിധം ഭംഗിയായി പറഞ്ഞയച്ചു. എന്റെ സഹായത്തിന്റെ മേന്മയെക്കുറിച്ച് അവള്‍ വാചാലയായിത്തുടങ്ങി. മൌനത്തിന്റെ ഭാഷ്യം അതുല്യമാണെന്ന് തിരിച്ചറിഞ്ഞ ഞാന്‍ മിതഭാഷിയായും വീണ്‍വാക്ക് പറയാത്തവനായും ആകാന്‍ കൊതിച്ചു.
ഞാൻ എത്രയോ പപ്പടം കാച്ചിയിരിക്കുന്നു. എന്തു ഫലം!!!
സന്തോഷായീ ജെനീഷ് !
ജെനീഷ്,
അങ്ങ് ഈ മഷിത്തണ്ട് ഫോറത്തിൽ ഒതുങ്ങിപ്പോവേണ്ട ആളല്ല.
സർവസാധാരണമായ കാഴ്ചകളിൽ എത്രയെത്ര ലോകതത്വങ്ങളാണ് ഒളിഞ്ഞിരിക്കുന്നതെന്ന് കേവലമനുഷ്യർക്ക് ബോദ്ധ്യപ്പെടുത്തിക്കൊടുക്കേണ്ട മഹാമനീഷിയാണ്. [-O<
അങ്ങയെ ഇനിമുതൽ ജെനീഷാനന്ദസ്വാമികൾ എന്നു വിളിച്ചോട്ടേ? ;-)
ജെനീഷാനന്ദസ്വാമികൾ????
ഇത് അഭിനന്ദനമോ അതോ??????????
മഹാത്മൻ,
അങ്ങേക്ക് നമോവാകം!!!
ഇന്നേവരെ ലോകത്ത് അനേകായിരം പേർ പപ്പടം കാച്ചിയിട്ടുണ്ട്.
പക്ഷെ അവർക്കാർക്കും ഇതുപോലൊരു ബോധോദയം ഉണ്ടായതായി കേട്ടിട്ടില്ലല്ലോ ?!
അവിടുത്തെ ആശീർവാദത്തോടെ, പാമരനായ ഈയുള്ളവൻ വല്ല ഉണക്കമീനും ചുട്ടുനോക്കട്ടെ, എന്തെങ്കിലും തെളിയുന്നുണ്ടോ എന്നറിയാലോ? :-(
ഞാനും കുറച്ച് പപ്പടം കാച്ചി നോക്കി. എനിക്ക് തോന്നി പാവം പപ്പടം എന്ന്. വെളിച്ചെണ്ണയിൽ വീണ ഉടനെ പൊള്ളൽ കാരണം അത് നിലവിളിച്ചു. ദേഹം മുഴുവനും പൊള്ളച്ചപ്പോൾ അതിന്റെ ബോധം പോയി നിശ്ശബ്ദമായി. ഇനി രണ്ടു ദിവസം വച്ചിരുന്നാൽ അത് ചത്തുപോകും. ഞങ്ങൾ അതിനിട കൊടുത്തില്ല.
വെറും ലൌകികം !!!
കരിയാതെ പപ്പടം കാച്ചാൻ അറിയാത്തവരുടെ ഓരോ നമ്പറുകൾ!!!!!
ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്‌വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )