എന്റെ നാട്
 • ponnilavponnilav December 2011 +1 -1

  സ്വന്തം നാടിനെക്കുറിച്ച്
  ഓര്‍മ്മകള്‍
  ചിന്തകള്‍
  സ്വപ്‌നങ്ങള്‍
  ഇവിടെ കുറിച്ചിടൂ

 • aparichithanaparichithan December 2011 +1 -1

  കൈവിട്ടുപോവുമ്പോഴാണു പലതിന്റെയും വില മനസ്സിലാവുക.
  നാടും നാട്ടാരേയും വെടിഞ്ഞ് അന്യദേശത്ത്
  പ്രവാസജീവിതം നയിക്കുന്നവർക്ക് നാടിനെക്കുറിച്ച്
  കുറേക്കൂടി ഊഷ്മളമായ ഓർമ്മകൾ പങ്ക് വയ്ക്കാനുണ്ടാവും.
  അതു കൊണ്ട് ആദ്യം അവർ തുടങ്ങട്ടെ....

 • ponnilavponnilav December 2011 +1 -1 (+2 / -0 )

  നാടിനെക്കുറിച്ച് എഴുതുവാന്‍ തുടങ്ങിയാല്‍
  അതൊരു മഹാഭാരതമാവുമോ എന്നൊരു ശങ്ക .
  അല്ലെങ്കിലും നാട് എന്നെ എന്നും ഒരു 'അധികപ്രസംഗി'
  ആക്കാറുണ്ട് .
  എന്നാല്‍ കേരളത്തിലെ ഒരു സാധാരണ ഗ്രാമം
  എന്നതിലും അപ്പുറം എന്റെ ഗ്രാമത്തിനു
  ഒരു പ്രത്യേകതയുമില്ല . മൂവാറ്റുപുഴക്കും കോതമംഗലത്തിനും
  ഇടക്കുള്ള ചെറിയൊരു ഗ്രാമം .
  അവിടെ ജീവിച്ച കാലത്തൊന്നും ആ നാട് ഇത്ര
  സുന്ദരമാണെന്നു തോന്നിയിട്ടേയില്ല .
  വിവാഹശേഷം നാട്ടില്‍ അതിഥി ആയിത്തീര്‍ന്നപ്പോള്‍ മുതല്‍ ,
  വിവാഹശേഷം കിട്ടിയ നാട്ടില്‍ വീട്ടുകാരിയാവാന്‍ മനസ്സ് കഷ്ടപ്പെട്ടപ്പോള്‍
  എന്റെ നാട് സുന്ദരമായി ,വര്‍ണമനോഹരിയായി ..

  പാടവും പുഴയും പുല്ലാന്തിക്കാടും നിറഞ്ഞ നാട് .
  ചെറുപ്പത്തില്‍ പേടിയോടെ നോക്കിയിരുന്ന പുല്ലന്തിക്കാടുകള്‍
  എത്രപെട്ടെന്നാണ് സുന്ദരിയായി മാറിയത് .
  പാടത്തിനക്കരെ കുന്നിന്‍ മുകളില്‍ ഒറ്റതിരിഞ്ഞു നില്‍ക്കുന്ന വീട്ടില്‍
  ആരുമുണ്ടായിരുന്നില്ല എനിക്ക് കൂട്ട്. മുത്തശ്ശനും
  മുത്തശ്ശിയും ജോലിത്തിരക്കിലാവുമ്പോള്‍
  ഞാന്‍ എന്നും എകാന്തതയിലായിരുന്നു .
  ( ആകെയുള്ള അമ്മാവാന് ലക്ഷദ്വീപിലായിരുന്നു അന്ന് ജോലി .
  ഒറ്റയ്ക്കായ മുത്തശ്ശനും മുത്തശ്ശിയ്ക്കും കൂട്ടിനായിട്ടാണ്
  ഞാന്‍ തറവാടിന്റെ ഏകാന്തതയില്‍ എത്തിയത് )
  ഇന്ന് എനിക്കറിയാം ആ ഏകാന്തതയാണ് എന്റെ ഏറ്റവും വലിയ മോഹമെന്ന് .
  ഇനിയൊരിക്കലും എനിക്ക് കിട്ടാന്‍ സാധ്യതയില്ലാത്ത വലിയ സ്വപ്നം
  ഇന്ന് നാട്ടില്‍ പോകുമ്പോള്‍ ആ ഏകാന്തത കിട്ടാറില്ല .
  തറവാടിനും ചുറ്റുപാടുകള്‍ക്കും മാറ്റമില്ലെങ്കിലും ഞാന്‍ എത്ര
  മാറിയിരിക്കുന്നു .
  എനിക്ക് പോലും മനസ്സിലാക്കാന്‍ കഴിയാത്ത വിധം
  ഞാനെത്ര മാറിയിരിക്കുന്നു !!!

 • suresh_1970suresh_1970 December 2011 +1 -1 (+2 / -0 )

  കൊണ്ടയൂര്‍ - ഒരാമുഖം

  തികച്ചും അസാധാരണമായി ഒന്നു മില്ലാത്ത ഒരു കുഗ്രാമം. കുഗ്രാമം എന്നു പറയാനില്ലാതതത്ര ചെറുതായിരുന്നു എന്റെ ഗ്രാമം. മുത്തിയും ചോഴിയും എന്ന കവിതയുടെ ആമുഖത്തിലാണ് (നിളാതീരത്തെ ഒരു കുഗ്രാമം ) കുറഞ്ഞത് ആ പദവിയെങ്കിലും കിട്ടിയത്.

  എത്ര ചെറുതായിരുന്നതിനാലും അഭ്രപാളികളില്‍ ഈ കുഗ്രാമത്തിന്റെ വശ്യ ഭം​ഗി നിങ്ങളൊക്കെ എത്രതവണ കണ്ടു. മലയാള സിനിമ കിങ്ങിണിക്കൊമ്പിലും, അഥര്‍വ്വത്തിലും, ആധാരത്തിലും, കേളിയിലും തുടങ്ങി പലതവണ കൊണ്ടയൂരിനെ നിങ്ങള്‍ക്കു മുന്നിലെത്തിച്ചു. വശ്യ മനോഹരിയായ നിളയും (എതിരഭിപ്രായമുള്ളവര്‍ ക്ഷമിക്കുക) , കാടും മലയും , പച്ചപ്പട്ടു വിരിച്ച നെല്‍പ്പാടങ്ങളും , കുങ്കുമച്ചാറണിഞ്ഞ നാട്ടുവഴികളും നിറഞ്ഞ പഴയ കൊണ്ടയൂര്‍ ഇന്നൊരു സ്വപ്നം സദൃശമായിരിക്കുന്നു.

  മണലൂറ്റുകാരുടെ കരങ്ങളില്‍ ഞെരിഞ്ഞുതീരുന്ന നിളയുടെ രോദനം കേള്‍ക്കുന്നില്ലേ. എല്ലാവരും നിളയുടെ ശോചനീയാവസ്ഥയെ കുറിച്ചു പരാതി പറയുമ്പോള്‍ ഷൊര്‍ണൂര്‍ - കൊച്ചി പാലം കടക്കുമ്പോള്‍ നിളയിലേക്കു വലിച്ചെറിയപ്പെടുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങളെ ക്കുറിച്ചു സൗകര്യ പൂര്‍വ്വം മറക്കും. എത്രയൊക്കെ മലിനമാക്കപ്പെട്ടാലും നിളയുടെ തെളിനീരിന് ഇന്നും ആ മാസ്മര ശക്തിയുണ്ട്. ഒരു സ്നാനത്തിനു ഇന്നും കൊതിച്ചു പോകുന്ന ഒരു കുളിരു്.

  നഗരങ്ങളുടെ കുടിയേറ്റം എന്റെ ഗ്രാമത്തെയും ബാധിച്ചിട്ടുണ്ടെന്നു പറയാതെ വയ്യ. നഷ്ടപ്പെടുന്ന പൈതൃകങ്ങളെ ക്കുറിച്ച് ബോധവാന്മാരായാല്‍ പ്പോലും നഗരത്തിന്റെ മലവെള്ളപ്പാച്ചിലില്‍ നിന്നു രക്ഷപ്പെടാനാവുന്നില്ല എന്നുള്ളത് മനസ്സിലൊരു വിങ്ങലായി നില്‍ക്കുന്നു.

 • suresh_1970suresh_1970 December 2011 +1 -1 (+3 / -0 )

  പറഞ്ഞു വന്നത് കൊണ്ടയൂരിനെ ക്കുറിച്ച്, പറഞ്ഞതധികവും ഭാരതപ്പുഴയെക്കുറിച്ച്, കൊണ്ടയൂരിനെ കൊണ്ടയൂരാക്കുന്നതും , കൊണ്ടോക്കാരനെന്ന സ്വത്തബോധത്തെ നിലനിര്‍ത്തുന്നതും ഈ പുഴ തന്നെ. ഈ പുഴക്കുള്ള പ്രാധാന്യം പോലെത്തന്നെ കൊണ്ടയൂരിന്റെ ചരിത്രത്തിലെ മറ്റൊരു കാഴ്ച്ചയാണ് കുടപ്പാറ ഭഗവതി ക്ഷേത്രം. അമ്പലമില്ലാതെ ആല്‍ത്തറയില്‍ വാഴുന്ന നനദുര്‍ഗ്ഗയായ ദേവി. കിഴക്കും പടിഞ്ഞാറുമെന്നു കൊണ്ടയൂരിനെ വേര്‍തിരിക്കുന്ന കുടപ്പാറ റോഡിന്റെ അറ്റത്ത് പുഴക്കരയില്‍ കിഴക്കോട്ടു ദര്‍ശനമായി വാഴുന്നു.

  കൊണ്ടയൂരിന്റെ ആഘോഷങ്ങളില്‍ എറ്റവും പ്രധാനം കുടപ്പാറ പൂറം തന്നെ. കുടപ്പാറ പൂരം പ്രാചീനകാലത്ത് പറയസമുദായക്കാര്‍ നടത്തിവന്നിരുന്ന ഒരു കെട്ടുകാഴ്ച്ചയാണത്രേ ഇന്നു നടത്തുന്ന മാതിരിയുള്ള ഒരു വന്‍ മഹോത്സവമായി മാറിയത്. ഇന്നും പൂരം കുറിക്കുന്നതും, കൂറനാട്ടുന്നതും (കൊടി), കൂറയിളക്കുന്നതും പറയരുടെ അവകാശമാണ്. പൂരം ആദ്യം കാവു കയറുന്നതും അവര്‍ തന്നെ. കുടപ്പാറ പൂരത്തില്‍ കിഴക്കുമുറി, പടിഞ്ഞാറ്റുമുറി വേലാഘോഷക്കാമ്മിറ്റിക്കാരുടെ പൂരം എഴുന്നള്ളിപ്പിനു പുറമേ, രണ്ടു ചെറു പൂരങ്ങളും, ഒരു കാളവേലക്കാരും ഉത്സാഹപൂര്‍വം പങ്കെടുക്കുന്നു.

  എണ്ണിയാല്‍ തീരാത്ത പൂരങ്ങളുള്ള തൃശ്ശൂര്‍ ജില്ലയിലെ ഈ പൂരത്തിനെന്താ ഇത്ര വിശേഷം എന്നു തീര്‍ച്ചയായും സംശയം തോന്നാം. ഒരു പൂരപ്രേമിക്ക് ആവശ്യമായ എല്ലാ കാഴ്ച വിശേഷങ്ങളും കുടപ്പാറപൂര പ്പറമ്പിലുണ്ട്. പൂരം പൂരനഗരിയിലെത്തുമ്പോള്‍ (പൂരപ്പറമ്പിനെ നഗരിയെന്നു വിളിച്ചോട്ടേ)കുടപ്പാറ പൂരമൊരുക്കുന്ന വാദ്യ വിശേഷം കേള്‍ക്കൂ. രണ്ടു പഞ്ചവാദ്യവുമ്, രണ്ടു മേളവും, അകമ്പടിയായെത്തിയ നാലു പൂരം എഴുന്നള്ളിപ്പുകളില്‍ മൊത്തം ഇരുപതാനകളുണ്ടാവും . തുടര്‍ന്നു ഊഴമിട്ട് കാവു കയറല്‍. കാവടിയും , കേട്ടു കാളകളും , ദാരികനും , കാളിയും എല്ലാ മടങ്ങിയ പൂര വിസ്മയങ്ങള്‍ കാവു കയറി ക്കഴിയുമ്പോള്‍ കൂട്ടിയെഴുന്നള്ളിപ്പായി, തുടര്‍ന്നു മേളം. പകല്പ്പൂരത്തിന്റെ അവസാന മാകുന്നത് അമ്പലത്തിനു പടിഞ്ഞാറുള്ള പാടശേഖരത്തില്‍ നടത്തുന്ന ശ്രദ്ധേയമായ വെടിക്കെട്ടോടെയാണ് .

  ഇനി രാത്രി പൂരമായി. അമ്പല നടക്കല്‍ കൊമ്പു പറ്റ് , കുഴല്‍ പറ്റ് , തുടങ്ങിയവക്കു ശേഷം ആദ്യത്തെ വഴിപാടു തായമ്പക ക്ഷേത്രം വക. പിന്നെ കിഴക്കുമുറിക്കാരുടെ തായമ്പകയായി. തുടര്‍ന്നു പടിഞ്ഞാറ്റുമുറിക്കാരുടെ തായമ്പക. തായമ്പക കലയിലെ പല അതികായരും ഇവിടെയും നാദ വിസ്മയം തീര്‍ത്തിട്ടുണ്ട് . മൂന്നു തായമ്പകയും തീരുമ്പൊള്‍ ഏകദേശം 12 മണി രാത്രിയാകും. പിന്നെ പടിഞ്ഞാറ്റുമുറിക്കാരുടെ പഞ്ചവാദ്യമായി, തുടര്‍ന്നു കിഴക്കുമുറിക്കാരുടെ പഞ്ചവാദ്യവും. അതിനു ശേഷം പുലര്‍ച്ചയുള്ള എഴുന്നള്ളിപ്പിനു സമയമായി. ഓരോ എഴുന്നള്ളിപ്പും കാവു കയറി തോറ്റവും പറഞ്ഞ് അടുത്തവര്‍ഷം വീണ്ടും പൂര്‍വ്വധികം ഭംഗിയാക്കി വന്നോളാമെന്നു വാക്കും നല്‍കിപ്പിരിയുന്നു.

  പൂരം പെയ്തൊഴിയുമ്പോള്‍ മനസ്സില്‍ പിന്നെയും നൊമ്പരത്തിന്റെ ചെറിയൊരു നീറ്റല്‍. മനസ്സില്ലാ മനസ്സൊടെ പൂരപ്പറമ്പില്‍ നിന്നും വീട്ടിലേക്ക്. അപ്പോഴും ചെവിയില്‍ പഞ്ചവാദ്യവും തായമ്പകയും നേര്‍ത്ത സംഗീതം മുഴങ്ങുന്നുണ്ടാവും. പൂരം ഉറക്കവും കഴിഞ്ഞ് ഉണരുന്നത് അടുത്ത വര്‍ഷത്തെ പൂരത്തിന്റെ കാത്തിരിപ്പിലേക്ക്.

 • aparichithanaparichithan December 2011 +1 -1 (+0 / -1 )

  സുരേഷ്,
  നാട്ടുപുരാണം നന്നായി.
  വായിക്കുമ്പോൾ ആ കാഴ്ചകൾ പലതും മനസ്സിൽ കാണാനാവുന്നുണ്ട്. അഭിനന്ദനങ്ങൾ!!

  ഒന്നുരണ്ട് പിശകുകൾ ചൂണ്ടിക്കാണിക്കട്ടെ,
  .>>>വശ്യ മനോഹരിയായ നിളയും (എതിരഭിപ്രായമുള്ളവര്‍ ക്ഷമിക്കുക) , കാടും മലയും , പച്ചപ്പട്ടു വിരിച്ച നെല്‍പ്പാടങ്ങളും , കുങ്കുമച്ചാറണിഞ്ഞ നാട്ടുവഴികളും നിറഞ്ഞ പഴയ കൊണ്ടയൂര്‍ ഇന്നൊരു സ്വപ്നം സദൃശമായിരിക്കുന്നു.>>>

  ഇവിടെ താങ്കൾ ഉദ്ദേശിച്ചതെന്താണെന്ന് മനസ്സിലായില്ല.
  സ്വപ്നം പോലെ എന്നാണോ? എങ്കിൽ 'സ്വപ്നസദൃശം' എന്നാണ്‌ വാക്ക്.
  ഇവിടെ '........സ്വപ്നം മാത്രമായിരിക്കുന്നു ' എന്ന് പറയുന്നതല്ലേ
  കൂടുതൽ നല്ലത് ?

  >>>കൊണ്ടോക്കാരനെന്ന സ്വത്തബോധത്തെ നിലനിര്‍ത്തുന്നതും...>>>

  'സ്വത്തബോധം' എന്ന വാക്ക് ശരിയല്ല.
  'സ്വത്വബോധം' എന്നാണ്‌ വേണ്ടത്.
  (മറ്റൊരിടത്തും ഇതേ തെറ്റ് കണ്ടിരുന്നു)

 • AdminAdmin December 2011 +1 -1

  നാട്ടുപുരാണം നന്നായി.വായിക്കുമ്പോൾ ആ കാഴ്ചകൾ പലതും മനസ്സിൽ കാണാനാവുന്നുണ്ട്. അഭിനന്ദനങ്ങൾ!!

  +1

 • kadhakarankadhakaran December 2011 +1 -1 (+1 / -0 )

  എല്ലാവരും നിളയെ കൊല്ലുന്നതില്‍ മണലൂറ്റുകാരെ മാത്രം കുറ്റപ്പെടുത്തുന്നതെന്തിന്? അവര് മണല്‍ വാരി വീട്ടില്‍ കൊണ്ടു പോകുകയൊന്നുമല്ലല്ലോ?

  ആ മണല്‍ വാങ്ങി മണിമാളികകള്‍ പണിത ഉടമസ്ഥര്‍ മുതല്‍ എല്ലാവരും (പരോക്ഷമായോ പ്രത്യക്ഷമായോ ഒരു ചില്ലിക്കാശെങ്കിലും കീശയില്‍ വീണവര്‍ - വീടു പണിത പലതരം പണിക്കാര്‍ - (അവരുടെ വീട്ടുകാരും അവര്‍ സാധനം മേടിക്കുന്ന കടക്കാര്‍ പിന്നെ അവരുടെ ബന്ധുക്കള്‍ അങ്ങനെ ആ ചങ്ങല നീണ്ടു പോകും) എന്തിന് വീട്ടുകാര്‍ക്ക് ശമ്പളം കൊടുക്കുന്ന കമ്പനി (സര്‍ക്കാരാണെങ്കില്‍ നികുതി കൊടുക്കുന്ന എല്ലാ ജനങ്ങളും) പോലും അതിനുത്തരവാദിയാണ്. മണല്‍ വാരുന്നവരെ വെറുതെ വിടൂ

 • mujinedmujined December 2011 +1 -1

  നിളച്ചേച്ചിയുടേയും, സുരേഷിന്റെയും നാട്ടു പുരാണം കലക്കി അഭിനന്ദനങ്ങള്‍!!!!
  കഥാകാരാ നാട്ടില്‍ മണലു കച്ചവടമാണോ?

 • ponnilavponnilav December 2011 +1 -1

  സുരേഷ് ,
  മോഹിപ്പിക്കുന്ന ഉത്സവക്കാഴ്ചകള്‍ക്ക് നന്ദി .
  എന്റെ ഓര്‍മകളില്‍ ഉത്സവങ്ങള്‍ക്ക് വലിയ സ്ഥാനമില്ല .
  വാരപ്പെട്ടി മഹാദേവക്ഷേത്രത്തിലെ ഏഴു ദിവസം നീണ്ടു നില്‍ക്കുന്ന
  ഉത്സവവും അത് നല്‍കുന്ന കലാപരിപാടികളും മാത്രം .
  ആദ്യത്തെ ഓര്‍മ തൊടുപുഴ ശ്രീകൃഷ്ണസ്വാമീക്ഷേത്രത്തില്‍പോയി
  കണ്ട കഥകളിയാണ്. കഥയെല്ലാം മറന്നു .
  കുറച്ചു കൂടി വലുതായപ്പോള്‍ പക്ഷെ ഉത്സവങ്ങളോടുള്ള
  താല്പര്യം കുറഞ്ഞു .
  അസമത്വങ്ങളുടെ നേര്‍ക്ക്‌ പ്രതിഷേധിക്കാന്‍
  ആഗ്രഹിക്കുന്ന മനസ്സിന് ഉത്സവം ആര്‍ഭാടത്തിന്റെ
  ആഘോഷമായി തോന്നി .
  ഇന്ന് തിരിച്ചു പിടിക്കാന്‍ ആഗ്രഹിച്ചിട്ടും കഴിയാതെ
  മനസ്സ് വല്ലാതെ കേഴുന്നു .
  നഷ്ടപ്പെട്ട ,നഷ്ടപ്പെടുത്തിയ വസന്തം ..

 • vivekrvvivekrv December 2011 +1 -1

  ഇങ്ങോട്ടൊന്നും വന്നു നോക്കാന്‍ കഴിഞ്ഞില്ല. എല്ലാം വായിച്ചു നോക്കട്ടെ

 • srjenishsrjenish December 2011 +1 -1 (+1 / -0 )

  എന്റെ നാട് – കേരളം

  “നാട് ഇപ്പോഴും എനിക്കൊരു പേടിസ്വപ്നമാണ്. വിമാനത്തിനുള്ളിലെ ഊഷ്മളതയില്‍ ആലസ്യത്തിലേക്ക് മയങ്ങിവീണപ്പോഴാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറങ്ങാന്‍ പോകുന്നുവെന്ന അറിയിപ്പ് വന്നത്. പെട്ടന്ന് ഞെട്ടിയുണര്‍ന്നു. എല്ലാവരെയും പോലെ ബന്ധുക്കളെയും നാടിനെയും വീണ്ടും കാണുന്നതിലുള്ള ഒരു excitement എന്നിലും നിറഞ്ഞു. ആദ്യമിറങ്ങാനുള്ള യാത്രക്കാരുടെ തിക്കിലും തിരക്കിലും പങ്കുചേര്‍ന്ന് വെളിയിലിറങ്ങി. “ദൈവത്തിന്റെ സ്വന്തം നാട്!!” രാവിലെ ആയതിനാലാകാം കാലാവസ്ഥ കൊള്ളാം. ചെറിയ തണുപ്പ്. പെട്ടിയും കിടക്കയുമെടുത്ത് വെളിയിലേക്കിറങ്ങുമ്പോള്‍ കഴുകന്‍ കണ്ണുകളുമായി സെക്യൂരിറ്റി ജീവനക്കാര്‍‌. അവരെയും മറികടന്ന് പുറത്തേക്ക്.
  ബന്ധുക്കളെ കാണാതിരുന്ന് കണ്ടപ്പോള്‍ ചെറിയൊരു സന്തോഷം. അവര് കൊണ്ടുവന്ന അംബാസിഡര് കാറിലേക്ക് കയറാന് ശ്രമിച്ചപ്പോള്‍ തല side–ല്‍ ഇടിച്ചു. അപശകുനം. പിന്നത്തെ രണ്ടു മണിക്കൂര്‍‌, പ്രവാസികള്‍ പലരും സ്വപ്നം കാണുന്ന, നാട്ടിലൂടെയുള്ള യാത്ര. ഭീകരമായിരുന്നു!! ഉറക്കക്ഷീണവുമായി ഇരുന്ന എനിക്ക് ബന്ധുക്കളുടെ കലപില ശബ്ദം പിന്നെയും സഹിക്കാമെന്ന് തോന്നി. ഡ്രൈവറുടെ ഹോണടിയാണ് അസഹനീയം. ഇയാള്‍ക്ക് ഇങ്ങനെ കിടന്ന് കഷ്ടപ്പെടാതെ സ്ഥിരമായി ഹോണ്‍ മുഴക്കുന്ന ഒരു സംവിധാനം ഉണ്ടാക്കിക്കൂടേ എന്ന് തോന്നി. ശ്രദ്ധിച്ചപ്പോള്‍ മറ്റ് വാഹനങ്ങള്‍ ഇതിലും കഷ്ടം. വിമാനത്താവളത്തിന്റെ പരിസരം വിട്ടതോടെ കുണ്ടും കുഴിയും തുടങ്ങി. ഓരോ കുഴിയിലിറങ്ങുമ്പോഴും നട്ടെല്ലിന്റെ കുണ്ടാമണ്ടികള്‍ ഇളകിത്തെറിക്കുമോ എന്ന് പേടിച്ചു.
  വാഹനം ചെറുതായി ചൂടായിത്തുടങ്ങി. A/c ഇല്ല. Glass പതുക്കെ ഒന്ന് താഴ്ത്തി. പൊടിയും പുകയും ചൂടും അതുവഴിപോയ മീന്‍വണ്ടിയുടെ ഗന്ധവും കലര്‍ന്ന വായു മുഖത്തടിച്ചു. പിന്നെയങ്ങോട്ട് ഇതുതന്നെയായിരുന്നു സ്ഥിതി. പുകയും ചൂടും പൊടിയും ശബ്ദകോലാഹലങ്ങളും ദുര്‍ഗന്ധവും മാറിമാറി വന്നു. ഇതിനിടയ്ക്ക് ഡ്രൈവര്‍ ഒന്ന് സഡന് ബ്രേക്കിട്ടു. എന്റെ ജീവന്‍ വായിലെത്തിയതുപോലെ തോന്നിപ്പോയി. ഏതോ വണ്ടി കുറുക്കിട്ടതാണ്. പിന്നെ രണ്ട് ഡ്രൈവര്മാരും തമ്മില്‍ പൊരിഞ്ഞ വാക്കേറ്റവും തെറിവിളിയും. എന്തായാലും കയ്യാങ്കളിക്കു മുന്‍പ് രണ്ടും രണ്ടുവഴിക്ക് പിരിഞ്ഞു. അങ്ങനെ ഒരു പരുവത്തിന് വീട്ടിലെത്തിയപ്പോള്‍ മുഖത്ത് വല്ലാത്ത നീറ്റല്‍‌. ദേഹമാസകലം വേദന. Facial ചെയ്തും A/c-യിലിരുന്നും ചെറുതായി വെളുപ്പ് ബാധിച്ചിരുന്ന മുഖം പൊടിയും പുകയും കയറി കറുത്ത് കരിങ്കുരങ്ങ് മാതിരിയായിരിക്കുന്നു.
  എന്തായാലും ബന്ധുക്കളുടെ കുശലാന്വേഷണങ്ങള്‍ക്കിടയിലും ക്ഷീണം കാരണം അല്പം മയങ്ങിപ്പോയി, ഇനിയങ്ങോട്ട് ഉറക്കമില്ലാത്ത രാത്രികളാണെന്നറിയാതെ!! പിന്നെയങ്ങോട്ട് വിശ്രമമില്ലാത്ത ദിനങ്ങളായിരുന്നു. വിവാഹവും മരണവും വിരുന്നും അസുഖങ്ങളും ചേര്‍ന്ന് തിരക്കേറിയ ദിനങ്ങള്‍‌. രാത്രിയിലോ, കൊതുകുകളുടെ മൂളലും ചൂടും കാരണം ഉറങ്ങാനേ കഴിയില്ല. മൂട്ടയേക്കാള്‍ ഭയങ്കരമാണ് കൊതുകുകള്‍‌. കടിച്ചാല്‍ തെണുത്തുവരും. കൂടാതെ ചൊറിച്ചിലും. രാത്രിയിലെ ചൂടോ, ഭീകരം!! ഇതിനേക്കാള്‍ കൊടുംചൂടത്ത് A/c-യുടെ തണുപ്പില്‍ blanket–നടിയില് ചുരുണ്ടുകൂടാറുള്ള എനിക്ക് ഇവിടെ എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയായി. ഫാനിട്ടാലും വരുന്നത് ചൂട് കാറ്റ്.
  നാട്ടിലെ വെള്ളം പിടിക്കുന്നില്ല. കുളിച്ചാല്‍ ഒരുമാതിരി ചൊറിച്ചിലാണ്. പകല്‍ കൊതുകിന്റെ ശല്യം കുറവാണ്. പക്ഷേ അതിനേക്കാള്‍ ഭീകരമാണ് ഉമിക്കരി ഈച്ചയുടെ ആക്രമണം. ഒരു ഉമിക്കരിത്തരിയുടെ വലുപ്പമുള്ള ഇതിനെ കാണാന്‍ പ്രയാസം. കടിച്ചിട്ട് പോയിക്കഴിയുമ്പോഴാണ് അറിയുക. കടിച്ചാലോ, തെണുത്തുവരും. നല്ല ചൊറിച്ചില്‍‌. രണ്ട് ദിവസം കഴിഞ്ഞ് കുരുവന്ന് പഴുത്ത് പൊട്ടും.
  കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ കാലാവസ്ഥ മാറി. മഴ തുടങ്ങി. വെളിയിലിറങ്ങാന്‍ കഴിയാത്ത അവസ്ഥ. മൊത്തം വെള്ളവും ചെളിയും അഴുക്കും. തവളയുടെയും ചീവീടിന്റെയും കരച്ചില്‍ അസഹനീയം. അതിനിടയ്ക്ക് മഴ നനഞ്ഞ് പനിയും പിടിച്ചു.
  ഇതിനേക്കാള്‍ സഹിക്കാന്‍ കഴിയാത്തത് ബന്ധുക്കളുടെ പെരുമാറ്റമാണ്. പണമെന്ന ഒരു വിചാരം മാത്രമേയുള്ളൂ. ഈ വൃത്തികെട്ട നാട്ടില്‍ നിന്ന് എങ്ങനെയും രക്ഷപെട്ടാല് മതിയെന്നതായി അവസ്ഥ.”

 • srjenishsrjenish December 2011 +1 -1 (+1 / -0 )

  - അദ്ദേഹം ഈ കഥ പറയുമ്പോള്‍ നിര്‍‌വികാരതയോടെ ഞാന്‍ ഇരുന്നു. സൌദി അറേബ്യയില്‍ നിന്നും exit പോയിട്ട് നാട്ടില്‍ നില്ക്കാന് കഴിയാതെ തിരികെ കയറിപ്പോന്ന അദ്ദേഹത്തെ ഞാന്‍ പരിചയപ്പെട്ടത് തിരുവനന്തപുരം എയര്‍പ്പോര്‍ട്ടില്‍ വച്ച്. ഞങ്ങള്‍ക്ക് തിരികെ പോരാനുള്ള ശകടം റെഡിയായെന്ന അനൌണ്‍സ്മെന്റ് വന്നു. ഭാര്യയെയും ബന്ധുക്കളെയും വിട്ടുപിരിയുന്നതിലുള്ള വിഷമത്തോടെ നില്ക്കുമ്പോള്‍‌, സമാധാനത്തോടും സന്തോഷത്തോടും വിമാനത്തിന്റെ പടികള്‍ കയറിപ്പോകുന്ന അദ്ദേഹത്തെ ഞാന്‍ കണ്ടു; ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നിന്നും.

 • ponnilavponnilav December 2011 +1 -1

  ഇത് എല്ലാ പ്രവാസികള്‍ക്കും പറയാനുള്ള സ്ഥിരം കഥ .
  താമസിക്കാന്‍ മറ്റൊരു നാട് കിട്ടിയത് കൊണ്ട്
  അനുഭവപ്പെടുന്ന ഇല്ലായ്മകളുടെ കഥ. കേരളത്തില്‍ നിന്ന് എങ്ങോട്ടും
  രക്ഷപ്പെടാനില്ലാത്ത മലയാളിയല്ലേ ഇതിനെക്കാള്‍ അനുഭവിക്കുന്നത് .
  അവര്‍ ആരോട് എന്ത് പറയാന്‍ ?

  സ്വന്തം നാടിനെക്കുറിച്ച് എഴുതൂ എന്ന് പറഞ്ഞപ്പോള്‍
  ബന്ധുക്കളുടെ പണക്കൊതി കൊണ്ട് നാട്ടില്‍ നിന്ന് ഓടേണ്ടി വന്ന
  ആരുടെയോ കഥ പറഞ്ഞു കരയുന്നോ ജെനിഷേ .

 • AdminAdmin December 2011 +1 -1

  രണ്ടും പേരുടെയും നാട് ഒന്ന് തന്നെയാണല്ലോ ;-)

 • srjenishsrjenish December 2011 +1 -1

  ഓഹോ.. എന്നാല്‍ ഞാന്‍ വേറെ discussion തുടങ്ങുകയാ...

  നല്ലതുമാത്രമേ നമ്മുടെ നാടിന് പറയാനുള്ളോ? വെള്ളവും മഴയെയും പറ്റി ഓര്‍ത്ത് “നഷ്ടപ്പെട്ട ,നഷ്ടപ്പെടുത്തിയ വസന്തം ..“ എന്നൊക്കെ പറയുന്നവര്‍ വെള്ളത്തിലുണ്ടാകുന്ന കൊതുകിനേയും കൂത്താടിയേയും കാണാത്തതെന്തേ? :)

 • menonjalajamenonjalaja December 2011 +1 -1

  കുടപ്പാറ പൂരത്തെക്കുറിച്ച് ആദ്യമായി കേള്‍ക്കുകയാണല്ലോ. ഒരു വിധം പൂരങ്ങള്‍ക്കെല്ലാം പോകാറുള്ള (ആലങ്കാരികമായി പറഞ്ഞാല്‍ ‘പറ’വയ്ക്കാറുള്ള )എന്റെ സഹോദരന്മാര്‍ ഒരിക്കലും ഈ പൂരത്തെക്കുറിച്ച് പറയുന്നത് കേട്ടിട്ടില്ല. പാലയ്ക്കല്‍ വേലയെക്കുറിച്ച് കേട്ടിട്ടുണ്ട്. ഇത് എന്റെ നാട്ടില്‍ നിന്ന് (കുണ്ടന്നൂര്‍) കുറച്ചുകൂടി അകലെയാണോ?

 • ponnilavponnilav December 2011 +1 -1

  ഓഹോ.. എന്നാല്‍ ഞാന്‍ വേറെ discussion തുടങ്ങുകയാ...

  കുത്തിക്കുറിക്കാന്‍ പുതിയൊരു താളായല്ലോ.
  =D> =D> =D>

 • suresh_1970suresh_1970 December 2011 +1 -1

  # കുടപ്പാറ പൂരത്തെക്കുറിച്ച് ആദ്യമായി കേള്‍ക്കുകയാണല്ലോ.

  കുണ്ടന്നൂരല്ല, കൊണ്ടയൂര്‍. ഇതു വടക്കാഞ്ചേരി യില്‍ നിന്നും ചിറ്റണ്ട, വരവൂര്‍ ,ദേശമംഗലം വഴി വരണം. ഏകദേശം 24 കിലോമീറ്റര്‍. നിങ്ങളൊക്കെ ആഘോഷത്തിരക്കിലായിരിക്കുമെന്നതിനാല്‍ എന്റെ നാട്ടിലെ മറ്റു വിശേഷങ്ങള്‍ പിന്നാലെ പറയാം.

 • menonjalajamenonjalaja December 2011 +1 -1

  തൃക്കാര്‍ത്തികയ്ക്ക് ഇടയ്ക്ക് ചിറ്റണ്ട വന്നിട്ടുണ്ട് എന്നതൊഴിച്ചാല്‍ ആ ഭാഗത്തേയ്കൊന്നും ഞാനങ്ങനെ വന്നിട്ടില്ല. കൊണ്ടയൂര്‍ എന്ന പേര് ബസ്സിന്മേല്‍ കണ്ടുപരിചയമുണ്ട്. അത്ര മാത്രം. ദേശമംഗലത്ത് കൂടി കടന്നുപോയിട്ടുണ്ട് രണ്ടുമൂന്ന് വര്‍ഷം മുമ്പ്.

 • kadhakarankadhakaran December 2011 +1 -1

  മുജീബ് - "കഥാകാരാ നാട്ടില്‍ മണലു കച്ചവടമാണോ?"

  35 ശതമാനം മാര്‍ക്ക്. കച്ചവടമാണ് .... മണലല്ല

 • kadhakarankadhakaran December 2011 +1 -1

  സുരേഷേ, ദേശവിളക്ക് നടക്കുന്ന ആ സ്ഥലമാണോ ഈ കൊണ്ടയൂര്‍?

  By the way, ചിറ്റണ്ടയിലെ കരിങ്കല്ലു മുഴുവന്‍ നിങ്ങള്‍ വിറ്റു തീര്‍ത്തോ അതോ ഇനിയും ബാക്കിയുണ്ടോ? :-j

 • suresh_1970suresh_1970 December 2011 +1 -1

  yes ! we have started our own quarry at kondayoor. Sand business and bricks business is temporarily stopped !!!! B-)

 • suresh_1970suresh_1970 December 2011 +1 -1

  കുടപ്പാറ പൂരത്തെ പറ്റി പറഞ്ഞല്ലോ, ഇനി കൊണ്ടയൂരിന്റെ മറ്റ് ഉത്സവങ്ങളേ പ്പറ്റി പറയാം. കൊണ്ടയൂരിന്റെ പ്രധാന ഉത്സവങ്ങളില്‍ പ്രധാനം മണ്ഡല കാലത്ത് നടത്തുന്ന ദേശവിളക്കും , തൈപ്പൂയാഘോഷവും , ബാലഗോകുലത്തിന്റെ ജന്മാഷ്ടമിയുമാണ്. അതിനുപുറമേ ജൂലായ് മാസത്തിലുള്ള കുടപ്പാറാ ഭഗവതി തിരുനാളാഘോഷവും വന്‍ തോതില്‍ ജനങ്ങളേ ആകര്‍ ഷിക്കുന്ന ഒന്നാണ്. ഈ പറായുന്ന ഉത്സവങ്ങളിലെല്ലാം ഘോഷയാത്രകള്‍ തുടങ്ങുന്നത് കുടപ്പാറയില്‍ നിന്നാണെന്നതു തന്നെ ജനങ്ങളില്‍ ഈ അമ്പലത്തിന്റെ സ്വാധീനം വ്യക്തമാക്കുന്നു. കൊണ്ടയൂരിന്റെ പരിസരഭാഗത്തായി ഒരു സുബ്രമണ്യ സ്വാമി ക്ഷെത്രം പടിഞ്ഞാറും , നരസിംഹ മൂര്‍ത്തി ക്ഷേത്രം കിഴക്കും സ്ഥിതി ചെയ്യുന്നു.

  തുടരും (വെറുതെയല്ലാട്ടോ, ഭീഷിണിയാണേ)

 • ponnilavponnilav December 2011 +1 -1 (+1 / -0 )

  നാട് എന്നെ അധികപ്രസംഗിയാക്കി .
  പക്ഷെ സുരേഷിനെ ഒരു അക്രമിയാക്കുന്ന ലക്ഷണമുണ്ട് :-))

 • menonjalajamenonjalaja December 2011 +1 -1 (+2 / -0 )  കുണ്ടന്നൂര്‍ --വടക്കാഞ്ചേരിക്കടുത്തുള്ള ഒരു ചെറിയ സ്ഥലം. വടക്കേക്കര, അങ്ങാടി, തുരുത്ത് എന്നിങ്ങനെ മൂന്നായി വിഭജിക്കുമ്പോല്‍ തുരുത്തിലാണെന്റെ ജനനവും ആദ്യകാലജീവിതവും.. കേരളത്തിലെഒരു സാധാരണ നാട്ടിന്‍പുറം. ചുറ്റും പാടങ്ങള്‍, ഒരരുകിലായി ചെറിയ ഒരു പുഴ-- പുഴ എന്ന് ഞങ്ങള്‍ പറയുന്ന ഇത്തിരി വലിയ ഒരു തോട്. വാഴാനി അണക്കെട്ട് ഈ പുഴയുടെ ആരംഭത്തിലാണ് കെട്ടിയിരിക്കുന്നത്. ഈ പുഴയിലും അമ്പലക്കുളത്തിലുമായിരുന്നു അന്ന് കുളിച്ചിരുന്നത്. ഒറ്റയ്ക്ക് പോയികുളിക്കാന്‍ ആരും ഭയപ്പെട്ടിരുന്നില്ല.
  തുരുത്തില്‍ വളരെക്കുറച്ച് വീടുകള്‍ ഹിന്ദുക്കളും ക്രിസ്ത്യാനികളും മാത്രം. ഇസ്ലാം മതസ്ഥര്‍ ആരുമില്ല.ഹിന്ദുക്കളില്‍ തന്നെ അധികവും എന്റെ തറവാട്ടുകാര്‍. ഇതൊക്കെ കാരണം എല്ലാവരും തമ്മില്‍തമ്മില്‍ അറിയുമായിരുന്നു. അതിന്റേതായ ഒരു അടുപ്പം, സ്നേഹം എല്ലാമുണ്ടായിരുന്നു.

  ക്ഷേത്രങ്ങള്‍ ,അവിടുത്തെ കൊച്ചുകൊച്ചു ആഘോഷങ്ങള്‍,പള്ളി, പെരുന്നാളുകള്‍, പള്ളിസ്കൂള്‍, കുണ്ടനിടവഴികള്‍, പച്ചപ്പ് . ആകപ്പാടെ ഒരു സാധാരണ ഗ്രാമം.
  കുന്നിന്‍പുറത്തുള്ള സുബ്രഹ്മണ്യക്ഷേത്രത്തിലേയ്ക്ക് തൈപ്പൂയത്തിനും ഷഷ്ഠിക്കും പോകുന്നത് ഞങ്ങളുടെ പര്‍വ്വതാരോഹണം!
  എന്റെ വീട്ടില്‍ നിന്ന് ഒരു വിളിപ്പാടകലെയുള്ള ഒരു വീട്ടില്‍ പാമ്പിന്‍‌തുള്ളല്‍ എന്ന് ഞങ്ങള്‍ പറയുന്ന സര്‍പ്പക്കളം മുമ്മൂന്നുകൊല്ലം കൂടുമ്പോള്‍ ഉണ്ടാകാറുണ്ട്. വായ്‌പ്പാട്ട്, വാദ്യസംഗീതം,ചിത്രമെഴുത്ത്, ആട്ടം, സാഹസികത ഇവയെല്ലാം ചേര്‍ന്ന ഒരു അനുഷ്ഠാനകലയാണ് പാമ്പിന്‍‌തുള്ളല്‍. ഭയവും ഭക്തിയുമാണതിന്റെ വികാരങ്ങള്‍. നാട്ടിലെല്ലാവരും ഇത് കാണാന്‍ പോകും. ഒരു ദിവസം രണ്ടു കളം ഉണ്ടാകും. മിക്കവരും ആദ്യത്തെ കളം കഴിഞ്ഞാല്‍ തിരിച്ചുപോകുന്നതാണ് കണ്ടിട്ടുള്ളത്. പണ്ട് 7ദിവസം ഉണ്ടായിരുന്ന കളം കഴിഞ്ഞവര്‍ഷം 20 കളമുണ്ടായിരുന്നു. കൂടുതല്‍ വന്നതെല്ലാം വഴിപാടുകളങ്ങള്‍ ആണ്. പാമ്പിന്‍‌തുള്ളല്‍ ഒരു അനുഭവം തന്നെ!
  പണ്ടെനിക്കീ പ്രദേശത്തോട് വലിയ മമതയൊന്നുമുണ്ടായിരുന്നില്ലെങ്കിലും ഇവിടെ എത്തി കുറെക്കഴിഞ്ഞതോടെ എന്റെ നാട്ടിന്‍പുറത്തിന്റെ സൌന്ദര്യം ഞാന്‍ തിരിച്ചറിഞ്ഞു.

  ഈയിടെ പള്ളി പുതുക്കിപ്പണിതതോടൊപ്പം സ്കൂളും പുതുക്കിപ്പണിതു. പുതിയ പള്ളിയിലെ ചുമരുകളില്‍ വത്തിക്കാന്‍ പള്ളിയിലെ പെയിന്റിങ്ങിന്റെ മാതൃകയിലുള്ള ചിത്രങ്ങളാണ് വരച്ചിരിക്കുന്നത്. ഏഷ്യയില്‍ വേറെ ഒരു പള്ളിയിലും അങ്ങനെയില്ലത്രേ.
  ക്ഷേത്രങ്ങളും പുതുക്കിപ്പണിയലിന്റെ പാതയിലാണ്.( അതിനൊന്നും ആര്‍ക്കും കാശിനു ക്ഷാമമില്ല.)
  മാറ്റങ്ങള്‍ വേറെ പലതുമുണ്ട്. മാറ്റമില്ലാത്തത് എന്റെ മനസ്സിനാണോ? സാഹചര്യങ്ങള്‍ക്കൊപ്പം മാറാന്‍ കഴിയാത്ത മനസ്സ്!

 • suresh_1970suresh_1970 December 2011 +1 -1

  കുണ്ടന്നൂര്‍ =D>

 • suresh_1970suresh_1970 December 2011 +1 -1

  # പക്ഷെ സുരേഷിനെ ഒരു അക്രമിയാക്കുന്ന ലക്ഷണമുണ്ട് !!!!

  മുടങ്ങാതെ എല്ലാവരും എഴുതിക്കൊണ്ടിരുന്നോളൂ. ഇല്ലെങ്കില്‍ അക്രമം നിര്‍വിഘ്നം തുടരും.

 • srjenishsrjenish December 2011 +1 -1

  കൊള്ളാം ചേച്ചീ...

  ##മിക്കവരും ആദ്യത്തെ കളം കഴിഞ്ഞാല്‍ തിരിച്ചുപോകുന്നതാണ് കണ്ടിട്ടുള്ളത്

  ഈ കളം എന്താണ്?

 • suresh_1970suresh_1970 December 2011 +1 -1

  വര്‍ണ്ണപ്പൊടികള്‍ കൊണ്ടുണ്ടാക്കിയ ചിത്രത്തില്‍ (കളം ) പെണ്‍കുട്ടികള്‍ കവുങ്ങിന്‍ പൂക്കുലയും പിടിച്ച് തുള്ളാനിരിക്കുന്നു. പുള്ളുവര്‍ പാട്ടുപാടി നാഗങ്ങളെ കളത്തിലിക്കുന്ന പെണ്‍കുട്ടികളിലേക്കു ആവാഹിക്കാനായി പാടുന്നു. പാട്ടു മുറുകുമ്പോള്‍ പെണ്‍കുട്ടികള്‍ / പെണ്‍കുട്ടി തുള്ളാന്‍ തുടങ്ങും. മുടികൊണ്ടും , പൂക്കുല കൊണ്ടും കുട്ടികള്‍ കളം മായ്ക്കുന്നു. ഗൃഹനാഥനോ ആരെങ്കിലുമോ കളം നാഗം കൈക്കൊണ്ടോ എന്നു ചോദിക്കും. അതനുസരിച്ചുള്ള അരുളപ്പാട് തുള്ളുന്ന കുട്ടി നല്കും. അവസാനം തുള്ളിയ കുട്ടി മഞ്ഞളും ചുണ്ണാമ്പും ചേര്‍ത്ത ഗുരുതിയില്‍ നീരാടി വീഴും. ഈ മൊത്തം process ആണ് ഒരു കളം. സാധാരണ ഇങ്ങിനെ രണ്ടു കളങ്ങളുണ്ടാവും. ദോഷങ്ങള്‍ കൂടുതലുള്ള തറവാട്ടില്‍ ഒരു കളം തന്നെ തീരാന്‍ ഒരു പാടു സമയമെടുക്കും. കളങ്ങള്‍ തന്നെ പല വിധത്തിലുണ്ട് മണിനാഗക്കളം , കരിനാഗക്കളം , ഭൂതക്കളം എന്നൊക്കെ. ഇതിന്റെ ശാസ്ത്രീയമായ ആടിത്തറയെ പ്പറ്റിയോ, വിശ്വാസ്യതയേപ്പറ്റിയോ എന്നോട് ചോദിക്കരുത്.

 • srjenishsrjenish December 2011 +1 -1

  ##ദോഷങ്ങള്‍ കൂടുതലുള്ള തറവാട്ടില്‍ ഒരു കളം തന്നെ തീരാന്‍ ഒരു പാടു സമയമെടുക്കും.

  ഇതങ്ങോട്ട് മനസ്സിലായില്ല..

  എന്തായാലും ഇതിന്റെ ചില ഭാഗങ്ങള്‍ സിനിമയിലും മറ്റും കണ്ടതായി ഓര്‍ക്കുന്നു.. ഇപ്പോഴാണ് ഇതിന് ഇത്രയും ചടങ്ങുകളുണ്ടെന്ന് മനസ്സിലായത്.. :)

 • menonjalajamenonjalaja December 2011 +1 -1

  പാമ്പിന്‍‌തുള്ളലിനെക്കുറിച്ച് നാളെ എഴുതാം. ഇപ്പോള്‍ ഈ വീഡിയോ കാണുക.

 • menonjalajamenonjalaja December 2011 +1 -1

  ഇതും കാണുക. ഇത് പാമ്പിന്‍‌തുള്ളലിന്റെ ഒരു ചടങ്ങാണ്.

 • kadhakarankadhakaran December 2011 +1 -1

  ഞാന്‍ മനുഷ്യ"പ്പാമ്പു"കളുടെ തുള്ളലേ കണ്ടിട്ടുള്ളൂ. :-))

 • menonjalajamenonjalaja December 2011 +1 -1

  >>>>>ദോഷങ്ങള്‍ കൂടുതലുള്ള തറവാട്ടില്‍ ഒരു കളം തന്നെ തീരാന്‍ ഒരു പാടു സമയമെടുക്കും.

  ഇതെനിക്കും മനസ്സിലായില്ല. അങ്ങനെ കണ്ടതോ കേട്ടതോ ആയ ഓര്‍മ്മയില്ല.

 • menonjalajamenonjalaja December 2011 +1 -1

  ഒരു ദിവസം രണ്ട് കളങ്ങള്‍ ഉണ്ടാവും ആദ്യത്തേതിന് ചടങ്ങുകള്‍ കൂടുതലുണ്ട്. അതിനാല്‍ കൂടുതല്‍ സമയമെടുക്കും. ആദ്യദിവസത്തെ കളത്തില്‍ നാലോ ആറോ പാമ്പിനെയാണ് വരയ്ക്കുന്നത്. പിറ്റേന്ന് രണ്ടോ നാലോ എണ്ണം കൂടും (എനിക്കിതിന്റെ ശരിക്കുള്ള എണ്ണം അറിയില്ല).പാമ്പുകളുടെ എണ്ണം ദിവസം തോറും കൂടിക്കൊണ്ടിരിക്കും. അവസാനദിവസങ്ങളിലെ കളം വളരെ വലുതായിരിക്കും. അപ്പോള്‍ കളം വരയ്ക്കാനും മായ്ക്കാനും കൂടുതല്‍ സമയമെടുക്കുമല്ലോ. അതിനാല്‍ ആദ്യത്തെ കളം പൂര്‍ത്തിയാകാന്‍ വേണ്ട സമയം ഓരോ ദിവസവും വ്യത്യാസപ്പെട്ടിരിക്കും. ആദ്യത്തെ കളത്തിന് തുള്ളലിനു മുന്‍പായി പാല്‍ക്കിണ്ടി എഴുന്നെള്ളിക്കല്‍, മുറം ഉഴിയല്‍, തിരിയുഴിച്ചില്‍ , കളം പൂജ തുടങ്ങി കുറെ ചടങ്ങുകളുണ്ട്. പുള്ളുവര്‍ കുറെ നേരം പാടി നാഗങ്ങളെ പ്രീതിപ്പെടുത്തുകയും പതിവുണ്ട്. ഇപ്പോള്‍ അത് കുറവാണെന്ന് തോന്നുന്നു. തുള്ളലിനെക്കുറിച്ച് സുരേഷ് എഴുതിയിട്ടുണ്ടല്ലോ.
  ആദ്യത്തെ കളം കഴിഞ്ഞാല്‍ ആവീട്ടുകാര്‍ തന്നെ സ്ഥലം അടിച്ചുവൃത്തിയാക്കി ചാണകം മെഴുകി ഉണങ്ങിയ തുണികൊണ്ട് തുടച്ചുണക്കും. ഉടനെ പുതിയ കളം വരയ്ക്കും. ഒരു ചെറിയ കളം ആണ് എല്ലാ ദിവസവും വരയ്ക്കുക. ചെറിയ ഒരുപൂജ ,പാട്ട്, തുള്ളല്‍ ഇവ മാത്രമേയുള്ളൂ . തുള്ളല്‍ കഴിഞ്ഞാല്‍ കന്യകമാര്‍(തുള്ളാനിരിക്കുന്ന സ്ത്രീകളെ അങ്ങനെയാണ് പറയുക. നാഗകന്യകമാര്‍ എന്നായിരിക്കാം സങ്കല്‍പ്പം.) എഴുന്നേറ്റ് അരങ്ങ് (പന്തലില്‍ അലങ്കാരമായി തൂക്കിയ കുരുത്തോല ) വലിച്ചിടും. അതു കഴിഞ്ഞ് ഗുരുതിയാടും.
  കളം തീരുന്നതിന്റെ തലേന്ന് നാഗങ്ങള്‍ പ്രീതിപ്പെട്ടോ എന്ന് ചോദിക്കുമ്പോള്‍ ഒരു കന്യക ഒരു കളം കൂടി വേണം എന്ന് ആവശ്യപ്പെട്ടത് എനിക്കോര്‍മ്മയുണ്ട്. പിറ്റേന്ന് ഒരു കളം കൂടി ഉണ്ടാവുകയും ചെയ്തു.
  കളം തീരുന്നതിന്റെ തലേ ദിവസം രണ്ടാമത്തെ കളത്തിന്റെ അവസാനം കന്യകമാര്‍ എഴുന്നേറ്റോടി പൂക്കുല പാമ്പിന്‍‌കാവില്‍ കൊണ്ടുവയ്ക്കും.

  അവസാനത്തെ ദിവസം ഭൂതക്കളം ആണ്. അന്ന് വരയ്ക്കുന്നത് നാഗങ്ങളെയല്ല ഭൂതത്താനെയാണ്.അന്നത്തെ ചടങ്ങുകള്‍ മുഴുവനും വ്യത്യാസമുണ്ട്. കന്യകമാര്‍ തുള്ളുകയോ കളം മായ്ക്കുകയോ ചെയ്യില്ല. കളത്തി(ല്‍)ക്കമ്മള്‍ ആണ് കളം മായ്ക്കുന്നത്. കളം പൂജിക്കുകയും മറ്റും ചെയ്യുന്ന പൂജാരിയാണ് കളത്തി(ല്‍)ക്കമ്മള്‍. ആ വീട്ടിലെ ഒരാള്‍ തന്നെയായിരിക്കും ഇത്. ആ വീട്ടിലെ എല്ലാ ആണുങ്ങളും ചേര്‍ന്ന് എന്തെങ്കിലും ഒരു തമാശ(?) അവതരിപ്പിക്കലും ഉണ്ട്.

 • srjenishsrjenish December 2011 +1 -1

  എന്തെല്ലാം ആചാരങ്ങള്‍!! ;;)

 • menonjalajamenonjalaja December 2011 +1 -1

  മറ്റു വീടുകളില്‍ ഇത് നടക്കുമ്പോള്‍ കാണാന്‍ നല്ല രസമാണ്.

 • suresh_1970suresh_1970 December 2011 +1 -1

  >>>>>ദോഷങ്ങള്‍ കൂടുതലുള്ള തറവാട്ടില്‍ ഒരു കളം തന്നെ തീരാന്‍ ഒരു പാടു സമയമെടുക്കും.

  അതു വിശദമാക്കിയാല്‍ ഇവിടുള്ള നിരീശ്വരവാദികളെല്ലാം കൂടിയെന്നെ എടുത്തിട്ടു പെരുമാറും. ഉത്തരം പറയാം. പിന്നീട്. :)

 • suresh_1970suresh_1970 December 2011 +1 -1

  കഴിയുമെങ്കില്‍ പാമ്പിന്‍ കളം കാണുവാന്‍ ശ്രമിക്കുക. വളരെ മനോഹരവും , ആശ്ചര്യജനകവുമായ ഒട്ടേറെ കാഴ്ചകള്‍ കാണാന്‍ കഴിയും.

 • suresh_1970suresh_1970 December 2011 +1 -1

  ചില തറവാടുകളില്‍ അപമൃത്യു സംഭവിക്കുകയോ, നിത്യപൂജ മുടങ്ങിയ ദേവസ്ഥാനങ്ങളുണ്ടാവുകയോ , പാമ്പിന്‍ കാവിനോ അല്ലെങ്കില്‍ നാഗങ്ങള്‍ക്കോ (?) അപ്രീതി യുണ്ടാവുകയോ ചെയ്തിട്ടുണ്ടെങ്കില്‍ കളം നടത്തല്‍ സുഗമ മാകാറില്ല. നാഗങ്ങള്‍ (കന്യകമാര്‍ ) കളം കയ്യേറാതിരിക്കുക, മറ്റു ദൈവങ്ങളുടെ ബാധ തുള്ളി വരിക, തുടങ്ങിയ ബുദ്ധിമുട്ടുകള്‍ ഉണ്ടാകാറുണ്ട്. സാധാരണാ കളം കുറിക്കുമ്പോള്‍ എത്ര ദിവസത്തെ കളം വേണമെന്നു നിശ്ചയിക്കാറില്ല, ഒരു ഏകദേശ കണാക്കേ ഉണ്ടാവൂ. കാരണം കളം തുടങ്ങിയാല്‍ നാഗങ്ങള്‍ക്ക് തൃപ്തിയായി പൂക്കുല ചാരാന്‍ സമ്മതിക്കാതെ കളം നിര്‍ത്താനാവില്ല എന്നു ചുരുക്കം. ഭൂതക്കളത്തിന്റന്ന ചപ്പില പ്പൂതങ്ങളുടെ കെട്ടിയാടലും ചിലയിടത്ത് കണ്ടിട്ടുണ്ട്. പ്രതീകാത്മകമായി കോഴിയെ അറുക്കാറും ഉണ്ട്. കോഴിയെ കൊല്ലാതെ അതിന്റെ കാലില്‍ നിന്നു ഒരു തുള്ളി ചോര ഇറ്റിച്ചു ഗുരുതി തീര്ക്കും .

 • menonjalajamenonjalaja December 2011 +1 -1

  ആദ്യമിരിക്കുന്ന ചില കന്യകമാര്‍ തുള്ളിയെന്നുവരില്ല. അപ്പോള്‍ പരിചയമുള്ള കന്യക(ഒരാള്‍ എപ്പോഴും പതിവായി തുള്ളുന്നവര്‍ ആയിരിക്കും) അവരെ പിടിച്ചുലച്ച് തുള്ളിക്കാന്‍ ശ്രമിക്കുന്നതും അങ്ങനെ തുള്ളുന്നതും കണ്ടിട്ടുണ്ട്. കോഴിപ്പരിപാടി കണ്ടിട്ടില്ല.
  ഭൂതക്കളത്തിന്റെയന്ന് ചപ്പിലപ്പൂതങ്ങള്‍ പോലെയെന്തോ ആണ് കുട്ടിക്കാലത്ത് കണ്ടതെന്നോര്‍മ്മയുണ്ട്. പക്ഷേ ഈയിടെ കണ്ടത് വെറുമൊരു കോമാളിത്തം ആയിരുന്നു. ഭാവന ഇല്ലാത്തതുകൊണ്ടായിരിക്കും.

 • menonjalajamenonjalaja December 2011 +1 -1

  ഈയിടെ കളത്തിലിരുന്ന തുള്ളിയ ഡിഗ്രിക്കു പഠിച്ചിരുന്ന ഒരു കന്യകയോട് ഞാന്‍ ആ അനുഭവത്തെക്കുറിച്ച് ചോദിക്കുകയുണ്ടായി. അവള്‍ തുള്ളുന്നതിനിടയില്‍ ഇടയ്ക്കിടെ ചരിഞ്ഞു വീഴുന്നുണ്ടായിരുന്നു. വീഴുമ്പോഴെല്ലാം ആരെങ്കിലും ചെന്ന് എഴുന്നേല്പിച്ചിരുത്തും. അവള്‍ പറഞ്ഞത് തുള്ളിയതൊന്നും ഓര്‍മ്മയില്ല,പക്ഷെ വീണതെല്ലാം ഓര്‍മ്മയുണ്ട് എന്നാണ്.

 • kadhakarankadhakaran December 2011 +1 -1

  ഞാനുമതേ, പമ്പായിക്കഴിഞ്ഞാല്‍ ആടുന്നതൊന്നും ഓര്‍മ്മ കാണില്ല. പക്ഷെ വീണതൊക്കെ നല്ല കൃത്യമായി ഓര്‍മ്മിക്കും. ഇതു വല്ല അസുഖവുമാണോ ഡോക്ടര്‍ ?
  :-))

 • menonjalajamenonjalaja January 2012 +1 -1

  പാമ്പിന്‍‌തുള്ളലിന്റെയന്ന് പുള്ളുവരുടെ ബഹുമുഖപ്രതിഭ അനുഭവിച്ചറിയാം. ചിത്രരചന, വായ്‌പ്പാട്ട്, ഉപകരണസംഗീതം, തിരിയുഴിച്ചില്‍ ഇവയെല്ലാം അവരാണല്ലോ കൈകാര്യം ചെയ്യുന്നത്.

 • ponnilavponnilav January 2012 +1 -1

  സ്വന്തം നാടിനെക്കുറിച്ച് രണ്ടു വാക്ക് പറയുവാന്‍ മടിയെന്തിനാണ് ?

 • ponnilavponnilav January 2012 +1 -1

  :-(( :-(( :-((

 • ponnilavponnilav January 2012 +1 -1

  ഞാന്‍ നിങ്ങളുടെ സ്വന്തം നാട് .
  നിങ്ങളോട് രണ്ടു വാക്ക് പറയുവാന്‍ ആഗ്രഹിക്കുന്നു .
  നിങ്ങളില്‍ പലരും എന്നെ മറന്നു എന്ന് തോന്നുന്നു . പക്ഷെ എനിക്ക് എന്റെ മക്കളെ മറക്കാന്‍ കഴിയുമോ ?
  നിങ്ങള്‍ പിഞ്ചു കാലുകള്‍ വച്ച് നടക്കാന്‍ പഠിച്ചത് എന്റെ ശരീരത്തിലല്ലേ. നിങ്ങളുടെ ഓരോ കളിയും ചിരിയും വേദനകളും ഞാനല്ലേ മനസ്സില്‍ ഏറ്റുവാങ്ങിയത് . നിങ്ങളുടെ വളര്‍ച്ചയില്‍ സന്തോഷിച്ചത്‌ . എന്നെ വന്നു എപ്പോഴും കാണാന്‍ നിങ്ങള്‍ക്ക് പറ്റുകയില്ല എന്ന് അറിയാം .പക്ഷെ എന്നെക്കുറിച്ച് രണ്ടു വാക്ക് സംസാരിക്കുവാന്‍ പോലും നിങ്ങള്‍ക്ക് കഴിയുന്നില്ലല്ലോ മക്കളെ ..
  എനിക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന പച്ചപ്പും പുഴയും മുല്ലപ്പൂ മണക്കുന്ന കാറ്റും അല്ല എന്നെ കരയിക്കുന്നത്‌.
  നിങ്ങള്‍ കാണിക്കുന്ന ഈ അവഗണനയാണ് . അത് മാത്രം

  കണ്ണീരോടെ
  നിങ്ങള്‍ മറന്ന നാട്

 • VIDOOSHAKANVIDOOSHAKAN February 2012 +1 -1

  കഷ്ടാണേ ആ നാടിന്റെ കാര്യം . ആര്‍ക്കും വേണ്ട .
  എന്റെ നാടിന്റെ കാര്യം പറയ്യോം വേണ്ട .
  നൂം അവിടുന്ന് പോന്നത്തെ അത് രക്ഷപ്പെട്ടു കാണും ന്നാ കരുതീത് .
  ഇനി അല്ലാന്നു വര്വോ . കരയുന്നുണ്ടാവോ നാട് ?

 • srjenishsrjenish February 2012 +1 -1

  എന്റെ നാട് - വെട്ടിക്കവല

  കേരളത്തെ ദൈവത്തിന്റെ സ്വന്തം നാട് എന്ന് വിശേഷിപ്പിച്ചവര്‍ വെട്ടിക്കവലയില്‍ വന്നിട്ടായിരിക്കും അങ്ങനെയൊരു പ്രസ്താവന ഇറക്കിയിട്ടുണ്ടാകുക. അത്രയ്ക്ക് സുന്ദരമാണ് എന്റെ നാട്. ഇത് കേട്ട് ഗൂഗിള്‍ എര്‍ത്തില്‍ പോയെങ്കിലും ആ നാടൊന്ന് കാണാം എന്ന് കരുതുന്നവര്‍ നിരാശരാകും. കാരണം ഇടതൂര്‍ന്ന പച്ചപ്പ് കൊണ്ടൊരു കുട തീര്‍ത്ത് അതിനെ നിങ്ങളില്‍ നിന്നും മറച്ചുപിടിക്കും ഞങ്ങളുടെ വൃക്ഷരാജാക്കന്മാര്‍. പേരുകേട്ട നിളയോ, പെരിയാറോ, ഗംഗയോ, യമുനയോ ഒന്നും ഇല്ലെങ്കിലും സസ്യങ്ങളാല്‍ സ‌മൃദ്ധമാണവിടം.

  കൊട്ടാരക്കരയില്‍ നിന്നും വെറും 8 കി.മീ അകലത്തില്‍ NH-ല്‍ നിന്നും 3 കി.മീ ദൂരെ നീണ്ടു നിവര്‍ന്ന് കിടക്കുന്നു വെട്ടിക്കവല. NH202-ല്‍ നിന്നും വെട്ടിക്കവല്‍ ജംഗ്ഷനില്‍ എത്തിയവരെ എതിരേല്‍ക്കുന്നത് വലതുഭാഗത്ത് റോഡിനഭിമുഖമായി വെട്ടിക്കവല മഹാദേവ ക്ഷേത്രവും ഇടതുഭാഗത്ത് ഗവണ്മെന്റെ ഹൈ സ്കൂളുമാണ്. വളരെ വലിയ ഒരു ക്ഷേത്രമാണ് വെട്ടിക്കവലയിലുള്ളത്. റോഡിനോട് ചേര്‍ന്നുള്ള അമ്പലക്കുളം കഴിഞ്ഞ് ചെല്ലുന്നത് കീഴൂട്ടമ്പലത്തിലാണ്. അവിടെ ശ്രീകൃഷ്ണനാണ് പ്രതിഷ്ഠ. അവിടുന്ന് രാജഭരണകാലത്ത് നിര്‍മ്മിക്കപ്പെട്ട പടികളും കെട്ടുകളും കയറി മുകളിലെത്തിയാല്‍ മേലൂട്ടമ്പലം. ശിവനാണ് അവിടുത്തെ പ്രതിഷ്ഠ. ആദ്യം ക്ഷേത്രത്തില്‍ ശിവന്‍ മാത്രമായിരുന്നു പ്രതിഷ്ഠ. ഉഗ്രമൂര്‍ത്തിയായ ശിവന്റെ ദര്‍ശനത്താല്‍ മുന്നിലുള്ള സ്ഥലങ്ങളൊന്നും പുരോഗതി കൈവരിക്കാതെ വരികയും അതിന് പരിഹാരമായി ഒരു ശ്രീകൃഷ്ണ ക്ഷേത്രം പണിയുകയും ചെയ്തു എന്നാ‍ണ് ഐതീഹ്യം. കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള പ്രമുഖ ക്ഷേത്രങ്ങളിലെല്ലാം പോയിട്ടുള്ള ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും ഭംഗിയുള്ള കൃഷ്ണവിഗ്രഹം ഇവിടെയാണ്.

  മതസൌഹാര്‍ദ്ദത്തിന് ഉത്തമ ഉദാഹരണമാണ് വെട്ടിക്കവല. കിഴക്ക് ക്രിസ്ത്യന്‍ പള്ളിയും തെക്ക് മുസ്ലീം പള്ളിയും കൊണ്ട് അനുഗ്രഹീതമാണിവിടം. മതത്തിന്റെ പേരില്‍ കലഹിക്കാനോ തല്ലുകൂടാനോ ഞങ്ങള്‍ക്ക് സമയമില്ല. 16,712 പുരുഷന്മാരും 17,466 സ്ത്രീകളും ഉള്ള വെട്ടിക്കവലയില്‍ സ്ത്രീ-പുരുഷ അനുപാതം 1045 ആണ്. എന്നിട്ടും നാളിതുവരെ സ്ത്രീകള്‍ക്കു നേര്‍ക്ക് ഒരു അതിക്രമവും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

  (തുടരണോ)

 • ponnilavponnilav February 2012 +1 -1

  തുടരൂ .

  വെട്ടിക്കവലക്ക് ആ പേരുവരാന്‍ കാരണം എന്ത് ?
  വല്ല വെട്ടിക്കൊലയും നടന്നോ ? :-))

നമസ്കാരം,

ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്‌വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )

Sign In Apply for Membership

In this Discussion