തന്നിരിക്കുന്ന വിഷയത്തെക്കുറിച്ച് സ്വന്തമായി ഒരു ഖണ്ഡിക എഴുതുക. 5 വാക്യത്തില്‍ കുറയരുത്. വിവരണം, സ്മരണ, വിനോദം ഇങ്ങനെ ഏതു രൂപത്തിലും എഴുതാം. വിഷയം ആര്‍ക്കു വേണമെങ്കിലും നിര്‍ദ്ദേശിക്കാം. അക്ഷര വ്യാകരണത്തെറ്റുകള്‍ കണ്ടാല്‍ തിരുത്തുകയും ആവാം.
വിഷയം നിളാപൌര്ണ്ണമിയുടെ വക ആയിക്കോട്ടെ
ഞാന്‍ ഇന്നൊരു വിഷയവും കൊണ്ട് വന്നതായിരുന്നു. ഇനിയിപ്പോള്‍ ജെനിഷ് ഇട്ട വിഷയത്തില്‍ നിന്ന് തുടങ്ങാം. നിളയുടെ അയല്‍ക്കാര്‍ തുടങ്ങിക്കോളൂ.
നിളയുടെ തീരത്തെ പൗര്‍ണമി രാവിനെക്കുറിച്ച് എഴുതാന്‍ നല്ലത് ഞാന്‍ തന്നെയാണ് .
എഴുതുമ്പോള്‍ ഒരു ആത്മകഥയുടെ സുഖം കിട്ടുമല്ലോ .
വായിക്കുന്നവര്‍ക്ക് കിട്ടിയില്ലെങ്കിലും എഴുതുന്ന എനിക്ക്
എങ്കിലും കിട്ടും ..
നിളയും നിളാതീരത്തെ നിലാവും എനിക്ക് സ്വപ്നം മാത്രമാണ് .
തീവണ്ടിയുടെ വേഗതയില്‍ അവ്യക്തമായിക്കണ്ട നിളയും
തിരുനാവായയില്‍ നിലാവില്ലാത്ത ദിവസം ഇരുണ്ടു കിടന്ന നിളയും
മാത്രമാണ് ഓര്‍മയിലുള്ളത്. പക്ഷെ കേള്‍ക്കുന്നവരില്‍ നാടിനോടുള്ള
പ്രണയം നിറക്കാന്‍ എന്റെ പേരിനു കഴിയുമെന്ന് മനസിലാക്കിയത്
മരുഭൂമിയുടെ ചൂടില്‍ എത്തിയതിനു ശേഷമാണ് . നിളയിലെ നിലാവ് പലരുടെയും
കണ്ണില്‍ ഉദിക്കുന്നത് , മനസ്സില്‍ കൂട് വയ്ക്കുന്നത് ഞാന്‍ കണ്ടു . നിളയിലെ നിലാവ്
എനിക്ക് വിസ്മയമായത് അവിടെയാണ് . വരണ്ടുണങ്ങിയ നിളയിലെ നിലാവിനേക്കാള്‍
എത്ര സുന്ദരമാണ് സ്വപ്നത്തിലെ ആ നിളയും നിളയിലെ നിലാവും .
പെരിയാറിന്റെ കൈവഴികള്‍ ഒഴുകുന്ന നാട്ടില്‍ നിന്ന് നിളയെ ഹൃദയപൂര്‍വം സ്നേഹിക്കുന്ന
സ്വന്തം
നിളാപൗര്‍ണമി
=D>
(*)
നിളയിലെ നിലാവിനെക്കുറിച്ച് ആദ്യം വായിക്കുന്നത് എം ടിയുടെ കൃതികളിലാണെന്ന് തോന്നുന്നു. നിളയുടെ മുകളില്‍ കൂടി പലതവണ യാത്ര ചെയ്തിട്ടുണ്ടെങ്കിലും അപ്പോഴൊക്കെ മുകളില്‍ കത്തിക്കാളുന്ന സൂര്യനായിരുന്നു. ഷൊറണൂരില്‍ നിളാതീരത്ത് ഏതാനും നാളുകള്‍ ആയുര്‍വേദ സമാജത്തില്‍ കഴിഞ്ഞപ്പോഴും നിളയിലെ പൌര്‍ണ്ണമി കാണാന്‍ കഴിഞ്ഞിട്ടില്ല. പല സ്ഥലങ്ങളിലായി നിളയുടെ പല ഭാവങ്ങള്‍ കണ്ടിട്ടുണ്ട്. എന്നിട്ടും നിളയിലെ നിലാവ് ഇന്നും സ്വപ്നമായിത്തന്നെ തുടരുന്നു.
നിളാതീരത്തു ജനിക്കാനും ആ തെളിനീരില്‍ ആടിത്തിമര്‍ക്കാനും ലഭിച്ച ഭാഗ്യത്തെ വെറുതെ ഭാഗ്യമെന്നു പറഞ്ഞാലതു ശരിയാവില്ല. ഒരു ജന്മ പുണ്യം എന്നു തന്നെ പറയണം. ആ പഞ്ചസാര മണലില്‍ മലര്‍ന്നു കിടന്ന് കൂട്ടുകാരോട് കഥകളും തമാശകളും പറഞ്ഞ് കഴിഞ്ഞ നാളുകള്‍. നാട്ടിന്‍പുറത്തിന്റെ വശ്യമായ നിഷ്കളങ്കതയും , ഓരോ പുല്ക്കൊടിക്കു പോലും തങ്ങളെ തിരിച്ചറിയാമെന്ന ബോധവും തെറ്റുകളില്‍ നിന്നു പിന്തിരിപ്പിക്കാനും , നല്ലതു ചെയ്യാനുള്ള പ്രചോദനവുമായി. വേനല്‍ക്കാല രാത്രികളില്‍ നിലാവില്ലെങ്കില്‍ പോലും ഞങ്ങളില്‍ അപരിചിതത്തിന്റെ ആവരണം വീണിരുന്നില്ല. നിള ഞങ്ങള്‍ക്കു കേവലമൊരു പുഴ മാത്രമായിരുന്നില്ല, ഞങ്ങളുടെ ജീവ രക്തം തന്നെയാണു് . ഒരു തരത്തില്‍ വളര്‍ച്ചയുടെ പടവുകളിലേക്കു നടന്നു കയറിയവര്‍ അതുകൊണ്ടാണ് ഈ തീരത്തേക്കു തിരികെ വരാന്‍ മോഹിക്കുന്നതും .
അതില്‍ നിന്ന് ഇത്രയൊക്കെ പറഞ്ഞില്ലേ?
ഭാവന വേണം ഭാവന. :)
# ഇത്രയൊക്കെ പറയാനെന്താണ് ..
ഒരു കുളത്തില്‍ മുളച്ചുപൊന്തിയ താമര ച്ചെടി താഴേക്കു നോക്കി പറഞ്ഞു - "അയ്യ്യേ, എന്തൊരഴുക്കാ, ഈ ചളീലാണോ ജീവിതകാലം നില്‍ക്കണ്ടേ"
അതുകേട്ട മറ്റൊരു ചെടി പറഞ, "നീയൊന്നു പൂത്താല്‍ നിന്റെ സ്ഥാനം നാവാ മുകുന്ദന്റെ തിരുമാറിലാണെന്നോര്ക്കുക. ഇതു (ചളി) നല്ല നാളേക്കുള്ള സമ്പാദ്യമാണെന്നു മറക്കേണ്ട. "
അടുത്ത വിഷയം ക്രിസ്തുമസ്സ്
സ്കൂളില്‍ പഠിക്കുന്ന സമയത്ത് വീടിനുമുന്പിലൊരു ക്രിസ്തുമസ് നക്ഷത്രം തൂക്കണമെന്ന് എനിക്ക് വലിയ മോഹമായിരുന്നു. വീട്ടില്‍ മറ്റാര്‍ക്കും തോന്നാത്ത ഒരു മോഹമായിരുന്നത് കൊണ്ട് അത് നടന്നില്ല. ഫ്ലാറ്റില്‍ നക്ഷത്രം ചേരാത്തതുകൊണ്ട് ഇപ്പോഴും നക്ഷത്രം എന്റെ വീട്ടിലുദിച്ചിട്ടില്ല. എന്നാലും എല്ലാ വര്‍ഷവും ഒരു കൊച്ചു ക്രിസ്തുമസ് മരം സ്ഥാപിക്കാറുണ്ട്.
രണ്ടു മൂന്ന് വര്‍ഷം മുമ്പ് നാട്ടില്‍ വച്ച് ആദ്യമായി പള്ളിയില്‍ പോയി തിരുപ്പിറവി കണ്ടു.
അപ്പോള്‍ എല്ലാ വീടുകളിലും വാല്‍നക്ഷത്രം. ഹിന്ദു വിശ്വാസമനുസരിച്ച് വാല്നക്ഷത്രമുദിക്കുന്നത് നാശകാലത്താണ്. എന്നാലും ഇപ്പോള്‍ ജാതിമതഭേദമെന്യേ ക്രിസ്തുമസ്സ് നക്ഷത്രം തൂക്കുന്നു എന്നത് വളരെ സന്തോഷം തരുന്നു.
എല്ലാവര്ക്കും സന്തോഷപ്രദമായ ഒരു ക്രിസ്തുമസ്സ് ആശംസിക്കുന്നു
ഇത് ക്രിസ്തുമസ് സ്മരണയോ അതോ ക്രിസ്തുമസ് നക്ഷത്ര സ്മരണയോ? >:-)
നിളയെപ്പറ്റി എഴുതണമെങ്കില്‍ അതിനെപ്പറ്റിയുള്ള എന്തെങ്കിലും ഓര്‍മ്മകള്‍ വേണ്ടേ?
ആദ്യമായി നിളയെപ്പറ്റി കാര്യമായി ശ്രദ്ധിക്കുന്നത് നാലാം ക്ലാസില്‍ പഠിക്കുമ്പോഴാണ്. സ്കോളര്‍ഷിപ് പരീക്ഷയ്ക്ക് ഗൈഡുകളുപയോഗിച്ച് തയാറെടുക്കുന്ന സമയം. കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി ഏതാണെന്നൊരു ചോദ്യം കാണാം. ഭാരതപ്പുഴാണെന്നുത്തരവും. (അന്ന് പഠിച്ചത് -നീളം 250 കി.മി). ഭാരതപ്പുഴയാണോ അതോ പെരിയാറാണോ വലിയ നദി എന്നൊരു തര്‍ക്കമുള്ളത് പിന്നീടറിഞ്ഞു. ഞാന്‍ ഭാരതപ്പുഴയുടെ കൂടെയായിരുന്നു. എന്താ കാരണമെന്നറിയില്ല.
( ഇങ്ങനെ ചില വിശദീകരിക്കാനാവാത്ത ഇഷ്ടങ്ങള്‍ ചിലത്/ചിലരോട് എനിക്കുണ്ട്. മഹാഭാരതത്തിലെ എന്റെ ഇഷ്ട കഥാപാത്രം നകുലനായിരുന്നു. രാമായണത്തില്‍ ശത്രുഘ്നനും. രചിതാക്കള്‍ അവഗണിച്ച ഇത്തരം കഥാപാത്രങ്ങള്‍ എന്റെ മനസ്സില്‍ കടന്നു കൂടാറുണ്ട്. ഇന്നും ചില സിനിമകള്‍ കാണുമ്പോള്‍ നായകനേക്കള്‍ അവരുടെ കൂട്ടുകാരെയാണ് ഞാന്‍ കൂടുതല്‍ ശ്രദ്ധിക്കുന്നത്. നായകനു വേണ്ടി അവര്‍ നടത്തുന്ന ത്യാഗങ്ങളും മറ്റു പ്രവര്‍ത്തികളും എന്നെ അഭിമാനവിഭൃംജിതനാക്കും (ഇങ്ങനെയല്ലേ ആ വാക്ക്?
:p ) .
പിന്നീട് വളര്‍ന്നപ്പോള്‍ വലിയ നദിയും നീളം കൂടിയ നദിയും തമ്മിലുള്ള വ്യത്യാസം എനിക്കു മനസ്സിലായി. ഒരു മദ്ധ്യവേനലവധിയില്‍ മലമ്പുഴയ്ക്കുള്ള യാത്രാ മധ്യേ തീവണ്ടിയുടെ ജനലിലൂടെ ഞാന്‍ കണ്ട (എനിക്ക് കാണിച്ചു തന്ന) പെരിയാറും നിളയും അതെനിക്കു കൂടുതല്‍ മനസ്സിലാക്കി തന്നു. (ഇപ്പോള്‍ എന്റെ സ്വദേശം കേരളത്തിന്റെ ഏതു ഭാഗത്താണെന്ന് മനസ്സിലായില്ലേ അന്വേഷകരേ? ) ;-) .
പിന്നെയും എന്റെ മനസ്സ് നിളയോടു ചേര്‍ന്നു നിന്നു. കണ്ടും കേട്ടും വായിച്ചും അതിനകം ഭാരതപ്പുഴയോട് ഞാനറിയാതെ തന്നെ ഒരു ആത്മബന്ധം ഉടലിട്ടു കാണണം.
അതിനുള്ള കാരണങ്ങള്‍ പലതാകാം .....
കലാമണ്ഡലവും വള്ളത്തോളും കുഞ്ചന്‍ നമ്പ്യാരും വി കെ എന്നും
മാമാങ്കത്തിന്റെ കഥ പറഞ്ഞ 'പോരാട്ട'വും, എം റ്റിയുടെ പുസ്തകങ്ങളും
നഖക്ഷതങ്ങള്‍ മുതല്‍ കമലദളം വരെയുള്ള ചിത്രങ്ങളും (വള്ളുവനാടന്‍ കഥ പറഞ്ഞ ഒട്ടനവധി ചിത്രങ്ങളില്‍ 'കമല്‍'പുല്ല് വളര്‍ന്നു നില്ക്കുന്ന തീരങ്ങള്‍ എത്രയധികം ഗാന രംഗങ്ങളിലൂടെ നമ്മുടെ മുന്നിലെത്തിയിട്ടുണ്ടെന്നറിയാമോ),
ആ നദിയുടെ അന്ത്യം അകലെയല്ലെന്നറിയുമ്പോള് മനസ്സിനൊരു ചെറിയ വേദന, അത്ര മാത്രം. ജീവിതം കഠിനമാക്കിയ മനസ്സു പോലും ആ വഴി കടന്നു പോകുമ്പോള്‍ ആ നദിയുടെ തളര്‍ന്ന കിടപ്പ് കാണാതിരിക്കാന്‍ സ്വന്തം കണ്ണുകളെ പഠിപ്പിച്ചു കഴിഞ്ഞു.
അന്ത്യമില്ലാത്തതായി ലോകത്തിലൊന്നുമില്ല, ലോകമുള്‍പ്പെടെ. കാരണങ്ങള്‍ പലതാകാമെന്നു മാത്രം
>>>അഭിമാനവിഭൃംജിതനാക്കും?????
നല്ല മലയാളം!!!! =P~
തന്നെ തന്നെ .... "വിജൃംഭിതന്‍"" ആണ് ശരി :-ss
തെറ്റാണ് നേതാവേ അങ്ങനെയൊരു വാക്കില്ലല്ലോ ..
>>>അഭിമാനവിഭൃംജിതനാക്കും?????
** അച്ഛനാരാ മോന് !!! :-D [-O<
>>>>>ഇത് ക്രിസ്തുമസ് സ്മരണയോ അതോ ക്രിസ്തുമസ് നക്ഷത്ര സ്മരണയോ
എന്നെപ്പോലുള്ളവരെ സംബന്ധിച്ചിടത്തോളം ക്രിസ്തുമസ്സ് എന്ന് പറഞ്ഞാല്‍ നക്ഷത്രം തന്നെയാണ്. കേക്ക്, വൈന്‍, താറാവ് ഇവയൊക്കെക്കൊണ്ടെന്തുകാര്യം!!!! കേക്ക് കാണാന്‍ ഭംഗിയെങ്കിലുമുണ്ടെന്ന് സമ്മതിക്കുന്നു.
>>>>>നല്ല മലയാളം!
മൂന്ന് ശീര്ഷകങ്ങളാണെന്റെ മനസ്സിലുണ്ടായിരുന്നത്. നല്ല മലയാളം, മധുരം മലയാളം, എന്റെ മലയാളം. പുതുമയില്ലല്ലോ എന്നു കരുതി മധുരം മലയാളവും തെറ്റുകളെ കരുതി നല്ല മലയാളവും വേണ്ടെന്ന് വച്ചു. എന്റെ മലയാളമാകുമ്പോള്‍ ഇത്തിരി തെറ്റിയാലും കുഴപ്പമില്ല. തിരുത്താം. തിരുത്തലുകള്‍ നടത്തുമ്പോള്‍ ഇത് എന്റെ മലയാളമാണെന്ന് പറഞ്ഞ് വേണമെന്നുള്ളവര്‍ക്ക് തടി തപ്പുകയും ചെയ്യാമല്ലോ. :)
പുലികള്‍ വാഴുന്നിടത്ത് മറ്റൊരു ജാതി പുലിയായ (കഴുതപ്പുലി) ഞാന്‍ കയറി നിരങ്ങുന്നുണ്ടല്ലോ? പിന്നെന്താ?
ചുമ്മാ എഴുത്. എങ്ങനെയുണ്ടെന്ന് കാണട്ടെ
ക്രിസ്തുമസ്, അത്
- ചെറുപ്പത്തില്‍ കേക്കുകളും പുല്‍ക്കൂടും നക്ഷത്രവും ക്രിസ്തുമസ് അവധിയുമായിരുന്നു.
- പിന്നെപ്പോഴോ അത് പുതുറിലീസ് സിനിമകളും കൂട്ടരുമൊത്തുള്ള ചുറ്റിയടിക്കലുമായി മാറി. കൂട്ടിനല്പം വീഞ്ഞും.
- കാലം മാറിയപ്പോള്‍ കൊടും തണുപ്പായി ഭയപ്പെടുത്താന്‍ തുടങ്ങി. (അപ്പോഴേയ്ക്കും ഡിന്നറുകളും വീഞ്ഞും മനസ്സിന്റെ പ്രലോഭനങ്ങളല്ലാതായി മാറിയതാവാം അതിനു കാരണം).
ഇന്ന് അതൊരു സാധാരണ ദിവസം മാത്രം. എന്നത്തേയും പോലെ ഒരു വെറും വെറും ദിവസം.
നാളെ എന്താവുമെന്നറിയില്ല. ആഘോഷങ്ങള്‍ കാത്തിരിക്കുന്ന ഒരു മനസ്സ് ഒരിക്കല്‍ കൂടി തിരിച്ചു കിട്ടിയെങ്കില്‍ എന്നാശിക്കുന്നു.
ഡിസംബറിലെ കാറ്റ് ! അത് എവിടെ നിന്നായാലും ക്രിസ്തുമസ് ഓര്‍മ്മകള്‍ മനസിലേക്ക് കൊണ്ട് വരും. ക്രിസ്തുമസ് എന്നാല്‍ പുല്‍ക്കൂടുകളാണ് എനിക്ക്. വലിയതും ചെറുതുമായ നിരവധി പുല്കൂടുകള് , നിരവധി കൂട്ടുകാരുടെ വീട്ടില്‍ ഉണ്ടാക്കിയിട്ടുണ്ട്. ഒന്നോ രണ്ടോ സെന്റു സ്ഥലത്ത് പുല്‍കൂട് ഉണ്ടാക്കുക ഒരു രസമാണ്. ഒരു ചെറിയ അഗ്നി പര്‍വ്വതം വരെ ലൈവ് ആയി ഞങ്ങള്‍ പുല്‍കൂടില്‍ വച്ചിട്ടുണ്ട് എന്ന് പറയുമ്പോള്‍ മൊത്തം വലിപ്പം ഊഹിക്കാം. ഇത്തവണ മുല്ലപെരിയാര്‍ ഡാം. ലൈവായി അത് തകര്‍ക്കണോ എന്ന് ആലോചനയില്‍ ഉണ്ടെങ്കിലും വെള്ളത്തിനെ എങ്ങിനെ നിയന്ത്രിക്കും എന്ന് അറിയാത്ത കാരണം, ഡാം അങ്ങിനെ തന്നെ നിറുത്തുന്നു.
പള്ളികള്‍ തോറുമുള്ള കറക്കമാണ് മറ്റൊരു ഐറ്റം . എവിടെയാണ് നല്ല കൂടുകള്‍ ഉണ്ടാക്കിയത്. അടുത്ത വര്‍ഷം ഞങ്ങള്‍ക്ക് അടിച്ചു മാറ്റാന്‍ വല്ല ഐഡിയയും ഉണ്ടോ? ചില കാര്യങ്ങള്‍ എങ്ങിനെ കൂടുതല്‍ നന്നായി ഉണ്ടാക്കാം എന്നിങ്ങനെയുള്ള അന്വേഷണങ്ങള്‍ ! (കൂട്ടത്തില്‍ ഒത്ത വായനോട്ടവും! വായ മാത്രമേ നോക്കുകയുള്ളൂ കേട്ടോ ;-) ആദ്യമായി ഒരു കുപ്പി ബീയരടിച്ച ഓര്‍മ്മയും ക്രിസ്തുമസ് രാവിനോടനുബന്ധിച്ചാണ്. പിന്നെ കരോള്‍ ഗാനങ്ങള്‍ ! പാതിരാ കുര്‍ബാനയ്ക്ക് പോയുള്ള ഉറക്കം. ഉറക്കവും നടക്കും കുര്‍ബാനയും കാണാം :-) ചിലപ്പോള്‍ അതും കഴിഞ്ഞു കൂട്ടുകാരുമൊത്തു പള്ളി സ്കൂള്‍ ഗൌണ്ടില്‍ പുലര്‍ച്ച വരെ ലാത്തിയടി. ഈയൊരു ദിവസം എന്തിനുമുള്ള ലൈസന്‍സാണ് വീട്ടില്‍ നിന്ന് !
@ അഡ്മിന് - അടിപൊളി
എല്ലാവര്ക്കും ക്രിസ്തുമസ് ആശംസകള്‍
അഡ്മിന് അസ്സലായി എഴുതിയിട്ടുണ്ടല്ലോ. രണ്ട് സെന്റിലെ പുല്‍ക്കൂട് . അതൊന്നു കാണണമല്ലോ. എന്റെ നാട്ടില്‍ ക്രിസ്തുമസ്സിന് ആഘോഷം കുറവാണ്.പള്ളിപ്പെരുന്നാളാണ് കേമം. അതും അമ്പുപെരുന്നാള്
എങ്കില്‍ ആഘോഷങ്ങള്‍ തന്നെയാവട്ടെ പുതിയ വിഷയം. ഇതാകുമ്പോള്‍ എല്ലാവര്ക്കും എഴുതാന്‍ കാണും.
ജനുവരി 19,20 തീതികളില്‍ കൊണ്ടാടുന്ന അമ്പുപെരുന്നാളിനെക്കുറിച്ച് നല്ല ഓര്‍മ്മകളേയുള്ളൂ. (മകരത്തിലെ പെരുന്നാള്‍ എന്ന് സാധാരണ പറയും.) അമ്പെഴുന്നള്ളിച്ചുകൊണ്ടുവരുന്നത് അക്ഷമരായി കാത്തിരിക്കുന്നത്, എത്തിയാല്‍ പടിക്കലേക്കോടിച്ചെന്ന് തട്ടില്‍ നാണയമിടുന്നത്, പ്രസാദമായിക്കിട്ടുന്ന ചൂടുള്ള മലര്, അമ്പെഴുന്നെള്ളിച്ചുകൊണ്ടുവരുന്ന കൂട്ടത്തിലുള്ളവരുടെ ഉല്ലാസം നിറഞ്ഞ മുഖഭാവം, അവരുടെ പുത്തനുടുപ്പുകള്‍, കമ്പിത്തിരികളുടെയും മേശപ്പൂവുകളുടെയും സൌന്ദര്യം അങ്ങനെയങ്ങനെ.......പിന്നെ എന്റെ വീടിനടുത്തുള്ള പാടത്തെ വെടിക്കെട്ട്.
അമ്പ് ഓരോ വീടിനു മുന്നിലും അല്പനേരം നില്ക്കും. ഈ അമ്പും പള്ളിയിലെ സബസ്ത്യാനോസ് പുണ്യവാളനുമൊക്കെയായി എന്റെ തറവാടിന് അഭേദ്യബന്ധമുണ്ടത്രെ. അതുകൊണ്ട് അമ്പുഘോഷയാത്ര ഞങ്ങളുടെ വീടിന്റെ മുന്നില്‍ കുറച്ചധികം നേരം നില്ക്കും. പള്ളിയില്‍ ഞങ്ങളുടെ വകയായും അമ്പെടുത്ത് വയ്ക്കും.( വഴിപാട്).
പെരുന്നാള്‍ അവധി കഴിഞ്ഞ് പിറ്റേന്ന് സ്കൂളില്‍ ( ഏഴാം ക്ലാസ് വരെ പഠിച്ച പള്ളി സ്കൂള്‍) ചെന്നാല്‍ സഹപാഠിനികളുടെ പുതിയ വളകള്‍ കണ്ട് അസൂയപ്പെടാം. അവര്‍ക്ക് ഓരോ അച്ചന്മാര് ( അമ്മയുടെ ആങ്ങളമാര്) കൊടുത്ത കീശക്കാശിന്റെ വിവരങ്ങള്‍ അദ്ഭുതത്തോടെ കേള്‍ക്കാം.അതും ചെറിയ ഒരാഘോഷം.
ഇതിനെല്ലാം പുറമേ അയല്പക്കക്കാരില് നിന്ന് അച്കപ്പം , കുഴലപ്പം, ഉണ്ട, പഴം ഇവയുടെ ഒരു ഒഴുക്കുണ്ടാവും വീട്ടിലേയ്ക്ക് . ആ ഉണ്ടയുടെ സ്വാദ് ഇന്നും നാവിലുണ്ട്. ( ആദ്യത്തെ 3 പലഹാരങ്ങളും ക്രിസ്ത്യന്‍ പലഹാരങ്ങളാണെന്ന് പറഞ്ഞ് വീട്ടിലുണ്ടാക്കാറില്ല. :). അതുകൊണ്ട് കൊല്ലത്തില്‍ രണ്ടുപ്രാവശ്യമേ അവ ഞങ്ങള്‍ക്ക് കിട്ടുകയുള്ളൂ. )
>>>ആദ്യത്തെ 3 പലഹാരങ്ങളും ക്രിസ്ത്യന്‍ പലഹാരങ്ങളാണെന്ന് പറഞ്ഞ് വീട്ടിലുണ്ടാക്കാറില്ല.>>>
പലഹാരങ്ങള്‍ക്കും ജാതിയും മതവുമൊക്കെ ഉണ്ടോ? :-(
പലഹാരങ്ങളുടെ ജാതി മത വര്‍ഗ്ഗ ഭേദമനുസരിച്ചുള്ള പട്ടിക എവിടെ കിട്ടും ?
‘ആരു പറഞ്ഞു മനുഷ്യര്‍ക്ക് മാത്രമേ മതവും ജാതിയുമുള്ളൂ എന്ന്’ ഇങ്ങനെയൊരു വാക്യം കൂടി ഞാന്‍ എഴുതിയതാണ്. പിന്നെ മായ്ച്ചു. :)
മനസ്സിലെ മുറിവും പലഹാരങ്ങളിലെ മുറിവും മായാതെ കിടക്കും ! ജാഗ്രതൈ !
അമ്പു പെരുന്നാള്‍ കാലു് (post) നന്നായീ ട്ടോ !
ഏതാണീ അമ്പ്? അതിന്റെ പ്രത്യേകതകള്‍ എന്തൊക്കെയാണ്?
അതും കൂടി എഴുതാമായിരുന്നു.
അമ്പ് പെരുനാളിനെപ്പറ്റി കേട്ടിട്ടുണ്ട്.. ഇപ്പോഴാണ് കൂടുതല്‍ അറിയാന്‍ സാധിച്ചത്.. ഈ ആഘോഷത്തിന്റെ പിന്നിലെ കഥയറിയാമെങ്കില് ഒന്ന് വിവരിക്കണേ ചേച്ചീ..
അച്ചപ്പം, കുഴലപ്പം, ഉണ്ട ഇവയ്ക്ക് മതമുണ്ടെന്ന് ഞാന്‍ ഇപ്പോഴാണ് അറിയുന്നത്.. സാധാരണ എല്ലാ ആഘോഷങ്ങള്‍ക്കും അല്ലാത്തപ്പോഴും ഇത് വീട്ടില്‍ ഉണ്ടാക്കാറുണ്ട്..
അച്ചപ്പം ,കുഴലപ്പം, ഉണ്ട ഇവ വീട്ടിലുള്ളപ്പോള്‍ പോലും (പെരുന്നാള്‍സമയത്ത്) അതിഥികള്‍ക്ക് വീട്ടിലുണ്ടാക്കിയ പലഹാരങ്ങളേ കൊടുക്കാറുള്ളൂ. (അന്ന് ബേക്കറിപ്പലഹാരം തിന്ന് മലയാളി ദുഷിച്ചുതുടങ്ങിയിരുന്നില്ല. :) ) ഇവയ്ക്ക് മാത്രമല്ല മതമുള്ളതെന്ന് തോന്നുന്നു. അമ്മ്യാര്ദോശ എന്ന് കേട്ടിട്ടില്ലേ? അതുപോലെ തിരളിയും അവരുടേതാണെന്ന് തോന്നുന്നു. വനിതാമാസികകളില്‍ മുസ്ലിം പലഹാരങ്ങള്‍ എന്ന പേരില്‍ ഉമ്മി അബ്ദുള്ളയും മറ്റും പാചകക്കുറിപ്പ് എഴുതാറുണ്ടല്ലോ.
ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )